തിരുവനന്തപുരം: ബിജെപി ദേശീയ അദ്ധ്യക്ഷൻ അമിത്ഷായ്ക്കെതിരെ അപവാദപ്രചാരണം നടത്തിയതിന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് വക്കീൽ നോട്ടീസ്. ബിജെപി വലിയവിള ഏരിയ കമ്മിറ്റി ജനറൽ സെക്രട്ടറി എസ് എം ആനന്ദാണ് വക്കീൽ നോട്ടീസ് അയച്ചത്. ജനങ്ങളെ വിലയ്ക്കെടുക്കാൻ അമിത് ഷാ ചുറ്റിക്കറങ്ങുകയാണെന്നും ഇതിനായി 1200 കോടി ചെലവാക്കുന്നുണ്ടെന്നും കോടിയേരി പ്രസ്‌താവന നടത്തിയതായി ഒരു പ്രമുഖപത്രത്തിൽ വാർത്ത വന്നതിന്റെ അടിസ്ഥാനത്തിലാണ് വക്കീൽ നോട്ടീസ് അയച്ചത്. യാതൊരു അടിസ്ഥാനവുമില്ലാതെ പ്രസിദ്ധീകരിച്ച പ്രസ്താവന ബിജെപി പ്രവർത്തകൻ എന്ന നിലയിൽ മാനഹാനിക്ക് കാരണമായെന്ന് വക്കീൽ നോട്ടീസിൽ വ്യക്തമാക്കുന്നു. പ്രസ്‌താവന പിൻവലിച്ച് മാപ്പ് പറയണമെന്നും അല്ലാത്തപക്ഷം ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും വക്കീൽ നോട്ടീസിൽ വ്യക്തമാക്കുന്നു.