ചാരുംമൂട്: സമാധാന അന്തരീക്ഷം തകര്‍ക്കുന്ന ഒരു പ്രവര്‍ത്തനവും പാര്‍ട്ടി പ്രവര്‍ത്തകരുടെ ഭാഗത്തുനിന്ന് ഉണ്ടാകാന്‍ പാടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. എല്‍ഡിഎഫ് കേരള സംരക്ഷണ യാത്രയുടെ ആലപ്പുഴ ജില്ലയിലെ ചാരുംമൂട്ടില്‍ നല്കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിശ്വാസം പറഞ്ഞ് പുറപ്പെട്ട മാധ്യമങ്ങളും ചിലരും മാര്‍ക്സിസ്റ്റ് ആക്രമണം പറഞ്ഞ് പുതിയ അജണ്ടയുമായി വരികയാണ്. രാഷ്ട്രീയ അക്രമത്തിനെതിരെ എന്ന് പറഞ്ഞ് കോണ്‍ഗ്രസും ആര്‍എസ്എസും പുതിയ കൂട്ടുക്കെട്ടിന് ശ്രമിക്കുകയാണ്. ഇതിന് തെളിവാണ് കാസര്‍ഗോഡ് പെരിയ സന്ദര്‍ശിച്ച ആര്‍എസ്എസ് തലവനും കോണ്‍ഗ്രസ് നേതാക്കന്മാരുമായി നടത്തിയ കൂടിക്കാഴ്ച.
കാസര്‍ഗോഡ് സംഭവം അപലനീയവും പ്രതിഷേധാര്‍ഹവും ഒരു കാരണവശാലും നടക്കാന്‍ പാടില്ലാത്തതുമാണ്. അതു കൊണ്ടാണ് പാര്‍ട്ടി അത് തള്ളിപ്പറഞ്ഞതും അതില്‍ ഉള്‍പ്പെട്ടവരെ പാര്‍ട്ടി പുറത്താക്കിയതും. പ്രതികള്‍ക്ക് യാതൊരു സഹായവും പാര്‍ട്ടി നല്‍കില്ല. ഇത് പാര്‍ട്ടി അക്ഷരം പ്രതി നടപ്പിലാക്കും. ഇങ്ങനെ ഒരു സംഭവം കേരളത്തില്‍ ആദ്യമായിട്ട് നടന്നതുപോലെയാണ് ചില മാധ്യമങ്ങള്‍ ഇപ്പോള്‍ ഇത് ഏറ്റുപിടിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സംഭവം നടന്ന സ്ഥലത്തിനടുത്ത് ചീമേലിയില് മുന്‍പ് അഞ്ച് സിപിഎം പ്രവര്‍ത്തകരെ കോണ്‍ഗ്രസുകാര്‍ ചുട്ടുകൊന്നു. ഈ സംഭവത്തില്‍ ഏതെങ്കിലും കോണ്‍ഗ്രസുകാര്‍ക്കെതിരെ ആ പാര്‍ട്ടി നടപടി എടുത്തിട്ടുണ്ടോ. നാല്പാടി വാസുവിനെ വെടിവച്ചു കൊല്ലാന്‍ നേതൃത്വം കൊടുത്തത് ഇന്നത്തെ കോണ്‍ഗ്രസിന്റെ വര്‍ക്കിംഗ് പ്രസിഡന്റ് കെ. സുധാകരനാണ്. ആ കൊലപാതകത്തില്‍ പങ്കാളിയായ സുധാകരനെ കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റാക്കിയ പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്നും അദ്ദേഹം പരിഹസിച്ചു.
സിപിഎമ്മിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തി ആക്രമിക്കാന്‍ ഇതൊരു അവസരമാണെന്ന് കരുതി ചിലര്‍ ഇപ്പോള്‍ പുറപ്പെട്ടിരിക്കുകയാണന്നും കോടിയേരി പറഞ്ഞു. സമാധാനമുള്ള സമൂഹത്തിലെ വികസനമുണ്ടാകൂ എന്ന തിരിച്ചറിവില്‍ ജനപക്ഷത്ത് നിന്ന് പ്രവര്‍ത്തിക്കാനാണ് ഇടതുപക്ഷം ശ്രമിക്കുന്നത്. തെരഞ്ഞെടുപ്പിലെ സര്‍വേ റിപ്പോര്‍ട്ടുകള്‍ വിശ്വസിക്കാനോ കണക്കിലെടുക്കാനോ പാടില്ലെന്നും ഇത് ചതിക്കുഴികളാണെന്നു പ്രവര്‍ത്തകര്‍ തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കണമെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.