ദേശീയപാത വികസനത്തിന‌് തടസ്സം നില്‍ക്കുന്ന നിലപാട‌് കേന്ദ്ര സര്‍ക്കാര്‍ മാറ്റിയത‌് ജനവികാരം ശക്തമായതിനാലാണെന്ന‌് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ‌്ണന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ബിജെപി സംസ്ഥാന പ്രസിഡന്റ‌് പി എസ‌് ശ്രീധരന്‍പിള്ളയുടെ കത്ത‌് കേരളത്തിന്റെ താല്‍പ്പര്യത്തിന‌് എതിരായിരുന്നു. അതിനെതിരെ ബിജെപിക്കുള്ളില്‍തന്നെ പ്രശ‌്നം ഉണ്ടായി. കേന്ദ്രമന്ത്രി അല്‍ഫോണ്‍സ‌് കണ്ണന്താനം പരസ്യമായി രംഗത്തുവന്നു. ജനവികാരം കണക്കിലെടുത്ത‌് തിരുത്താന്‍ തയ്യാറായത‌് സ്വാഗതാര്‍ഹമാണ‌്. സിപിഐ എം സ്വാഗതം ചെയ‌്തതിന്റെ പേരില്‍ ഇനി ഉത്തരവ‌് പിന്‍വലിക്കരുതെന്നും കോടിയേരി പറഞ്ഞു.
ശബരിമലയിലെ യുവതീപ്രവേശ വിധിയുടെ മറവില്‍ ആര്‍എസ‌്‌എസും ബിജെപിയും കേരളത്തില്‍ കലാപത്തിന‌് ശ്രമിച്ചിരുന്നൂവെന്ന വസ‌്തുത പുറത്തുവരികയാണ‌്. സാമൂഹ്യമാധ്യമങ്ങളില്‍ ആര്‍എസ‌്‌എസ‌് നേതാക്കന്മാര്‍ നടത്തുന്ന തമ്മിലടി ഇതാണ‌് വെളിപ്പെടുത്തുന്നത‌്. കലാപശ്രമം നടക്കാത്തതിന്റെ നിരാശയാണ‌് ഇതില്‍ തെളിയുന്നത‌്. തെരഞ്ഞെടുപ്പില്‍ തോറ്റാല്‍ ആരോപണ പ്രത്യാരോപണം കൂടുതല്‍ രൂക്ഷമാകും. ആള്‍മാറാട്ടം നടത്തി ആരെങ്കിലും വോട്ട‌് ചെയ‌്തിട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം. സിപിഐ എം കള്ളവോട്ട‌് ചെയ്യാന്‍ ആരോടും ആവശ്യപ്പെട്ടിട്ടില്ല.
മുഖ്യ തെരഞ്ഞെടുപ്പ‌് ഓഫീസറെ പിന്തുണച്ച മുഖ്യമന്ത്രിയുടെ നിലപാട‌് ശരിയാണ‌്. മുഖ്യമന്ത്രി എന്ന നിലയില്‍ തെരഞ്ഞെടുപ്പ‌് കമീഷന‌് എല്ലാ സഹായവും ചെയ‌്തേ പറ്റൂ. ഇല്ലാത്ത അധികാരം പ്രയോഗിക്കാന്‍ ശ്രമിച്ചതിന്റെ പേരിലാണ‌് സിപിഐ എം ടിക്കാറാം മീണയെ വിമര്‍ശിച്ചത‌്. കള്ളവോട്ട‌് ചെയ‌്തൂവെന്ന‌് പ്രഖ്യാപിച്ച‌് പഞ്ചായത്ത‌് അംഗത്തെ അയോഗ്യയാക്കാന്‍ തെരഞ്ഞെടുപ്പ‌് ഓഫീസര്‍ക്ക‌് അധികാരമില്ല. ഇല്ലാത്ത അധികാരം ഉണ്ടെന്ന‌് സ്ഥാപിക്കാന്‍ ശ്രമിച്ചത‌് തെറ്റാണ‌് എന്ന‌് ഞങ്ങള്‍ പറഞ്ഞു. അക്കാര്യം അദ്ദേഹത്തിനും പിന്നീട‌് ബോധ്യമായി.
പൊലീസുകാരുടെ തപാല്‍ വോട്ട‌് ചെയ്യുന്നതിന‌് വ്യക്തമായ മാര്‍ഗനിര്‍ദേശം നിലവിലുണ്ട‌്. അതിന‌് വിരുദ്ധമായി പ്രവര്‍ത്തിച്ചവര്‍ക്കെതിരെ നടപടി എടുക്കണം. തപാല്‍ വോട്ട‌് സമാഹരിക്കാന്‍ സിപിഐ എം ആരെയും നിയോഗിച്ചിട്ടില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെ സുരക്ഷാ ചുമതലയുള്ള പൊലീസുകാര്‍ തപാല്‍ വോട്ട‌് അദ്ദേഹത്തിന്റെ ഓഫീസില്‍ എല്‍പ്പിച്ചില്ലെന്ന‌് പറഞ്ഞ‌് സ്ഥലം മാറ്റാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്ന‌് കോടിയേരി പറഞ്ഞു.