നിയമനവിവാദത്തില്‍ ഇ പി ജയരാജന്‍, സിപിഎം സെക്രട്ടറിയേറ്റ് യോഗത്തില്‍ തെറ്റു സമ്മതിച്ചെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‍ണന്‍. പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും യശസ്സ് ഉയര്‍ത്താന്‍ രാജിവയ്ക്കാന്‍ അനുവദിക്കണമെന്ന ഇ പി ജയരാജന്റെ നിലപാട് പാര്‍ട്ടി അംഗീകരിക്കുകയായിരുന്നുവെന്ന് കോടിയേരി ബാലകൃഷ്ണന് പറഞ്ഞു.യുഡിഎഫിന് പറ്റാത്ത നിലപാട് ഇടതുമുന്നണി എടുത്തു. മാതൃകാപരമായി നിലപാടാണ് പാര്‍ട്ടി എടുത്തത്. ബന്ധു നിയമന വിവാദത്തില്‍ ഇ പി ജയരാജനെതിരെയും പി കെ ശ്രീമതിക്കെതിരെയുമുള്ള സംഘടനാനടപടിയെ കുറിച്ച് ഇപ്പോള്‍ ആലോചിച്ചിട്ടില്ല. അത് സംസ്ഥാന സെക്രട്ടറിയേറ്റും കേന്ദ്രകമ്മറ്റിയും പൊളിറ്റ് ബ്യൂറോയും തീരുമാനിക്കേണ്ടതാണ് – കോടിയേരി ബാലകൃഷ്ണന് പറഞ്ഞു.
ഇ പി ജയരാജന്‍ ത്യാഗപൂര്‍ണമായ ജീവിതം നയിച്ച സഖാവാണ്. രാഷ്‍ട്രീയ എതിരാളികളുടെ ആക്രമണത്തിന് ഇരയായിട്ടുണ്ട്. വെടിയുണ്ട ശരീരത്തില്‍ പേറി ജീവിക്കേണ്ടി വരുന്ന സഖാവാണ്. എന്നാല്‍ കേന്ദ്രകമ്മറ്റി അംഗമായ ഇ പി ജയരാജന്റെ ഭാഗത്തുനിന്നു ജാഗ്രതക്കുറവുണ്ടായി. ഒരുപാട് പേരുടെ ത്യാഗപൂര്‍ണ്ണമായ പ്രവര്‍ത്തികളുടെ ഫലമായാണ് പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരത്തില്‍ വന്നത്. അവര്‍ക്കിടയില്‍ ഇ പി ജയരാജന്റെ പ്രവര്‍ത്തിയോട് എതിര്‍പ്പുണ്ടായി. അത് മുഖവിലയ്‍ക്കെടുത്താണ് ഇ പി ജയരാജന്റെ രാജിയെന്നും കോടിയേരി ബാലകൃഷ്ണന് പറഞ്ഞു.