കാസറകോട് :തൊഴിലുറപ്പ് പദ്ധതിയില്‍ നൂതന പ്രവര്‍ത്തനങ്ങളിലൂടെ വ്യത്യത്യസ്തമാവുകയാണ് കോടോംബേളൂര്‍ ഗ്രാമ പഞ്ചായത്ത്. ആസ്തി വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിവിധ വകുപ്പുകളുമായും ചേര്‍ന്ന് രൂപീകരിക്കുന്ന സംയോജിത പദ്ധതികളാണ് കൂടുതലും പഞ്ചായത്തില്‍ നടപ്പാക്കുന്നത്. ഇതില്‍ അങ്കണവാടി നിര്‍മ്മാണവും മീന്‍കുളങ്ങളും ശ്രദ്ധേയമാണ്. ഇത്തരം സംയോജിത പദ്ധതികളിലൂടെ പഞ്ചായത്തിന്റെ അടിസ്ഥാന സൗകര്യവികസനവും പരിസ്ഥിതി സംരക്ഷണവും ഫലപ്രദമായി നടപ്പാക്കാന്‍ കഴിയുന്നുവെന്ന് കോടോം-ബേളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സി കുഞ്ഞിക്കണ്ണന്‍ പറഞ്ഞു. പഞ്ചായത്തില്‍ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി 5.85 കോടി രൂപയുടെ പ്രവര്‍ത്തനങ്ങളാണ് നടപ്പാക്കി വരുന്നത്. പഞ്ചായത്തിലെ 7322 ആളുകള്‍ തൊഴിലുറപ്പ് പദ്ധതിയില്‍ അംഗങ്ങളാണ്.
കൂടുതല്‍ അങ്കണവാടികള്‍
ജില്ലയില്‍ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി ഏറ്റവും കൂടുതല്‍ അങ്കണവാടികള്‍ നിര്‍മ്മിക്കുന്നത് കോടോം- ബേളൂര്‍ പഞ്ചായത്തിലാണ്. അഞ്ച് അങ്കണവാടികളാണ് വനിതാ-ശിശു ക്ഷേമ വകുപ്പ്, ഗ്രാമ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് എന്നിവയുടെ സംയോജിത പദ്ധതിയായി കോടോം ബേളൂരില്‍ തയ്യാറാകുന്നത്. അയറോട്ട് അങ്കണവാടിയുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചു. നിര്‍മ്മാണം പൂര്‍ത്തിയായപ്പോള്‍ മറ്റു സൗകര്യങ്ങളൊരുക്കാന്‍ നാട്ടുകാര്‍കൂടി സഹകരിച്ചതോടെ പഞ്ചായത്തിലെ തന്നെ മികച്ച അങ്കണവാടിയിലൊന്നാണ് അയറോട്ടെ അങ്കണവാടി. 10 ലക്ഷം രൂപ ചിലവിലാണ് ഓരോ അങ്കണവാടികളും നിര്‍മ്മിക്കുന്നത്. പഞ്ചായത്തിലെ എല്ലാ അങ്കണവാടികള്‍ക്കും ചുറ്റുമതില്‍ നിര്‍മ്മിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും തൊഴിലുറപ്പില്‍ പുരോഗമിക്കുകയാണ്.
വ്യക്തിഗത ആസ്തി വികസനത്തിന് മീന്‍കുളങ്ങള്‍
വ്യക്തിഗത ആസ്തികള്‍ ഏറ്റെടുത്ത് നടപ്പാക്കുന്നതില്‍ പരപ്പ ബ്ലോക്ക് പഞ്ചായത്തില്‍ മുന്നില്‍ നില്‍ക്കുന്ന പഞ്ചായത്തുകളില്‍ ഒന്നാണ് കോടോം – ബേളൂര്‍. ഇതില്‍ ഏറെ ശ്രദ്ധയാകര്‍ഷിച്ചതാണ് മീന്‍കുളങ്ങളുടെ നിര്‍മ്മാണം. 40000 രൂപ ചിലവില്‍ നിര്‍മ്മിച്ച മീന്‍കുളങ്ങള്‍ ഇന്ന് 21 മത്സ്യകര്‍ഷകരുടെ പ്രധാന വരുമാന മാര്‍ഗമാണ്. മീന്‍ കുളത്തിലേക്കാവശ്യമായ മീനുകളെ മത്സ്യഫെഡില്‍ നിന്നും ലഭിക്കും. കുളത്തിന് പുറമെ പശു തൊഴുത്ത്, ആട്ടിന്‍കൂട്, കോഴിക്കൂടുകള്‍, കോഴി ഫാം തുടങ്ങിയവ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഗുണഭോക്താക്കള്‍ക്ക് ലഭ്യമാക്കി. 99 പശുത്തൊഴുത്തുകളും, 13 ആട്ടിന്‍കൂടുകളും ഏഴ് കോഴിക്കൂടുകളുമാണ് പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെ വിവിധ വാര്‍ഡുകളിലായി നിര്‍മ്മിച്ചത്.
സ്‌കൂളിനും ആശുപത്രിക്കും പരിഗണന
എണ്ണപ്പാറ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ഉപയോഗ ശൂന്യമായ സിറിഞ്ച് ഉള്‍പെടെയുള്ള ആശുപത്രി മാലിന്യങ്ങള്‍ കൃത്യമായി ശേഖരിക്കാനായി തൊഴിലുറപ്പിന്റെ നേതൃത്വത്തില്‍ ശേഖരണ കേന്ദ്രം സ്ഥാപിച്ചിട്ടുണ്ട്. ബേളൂര്‍ യു പി സ്‌കൂളില്‍ മികച്ച സൗകര്യങ്ങളോടെ പ്രവര്‍ത്തിക്കുന്ന കഞ്ഞിപ്പുരയും തൊഴിലുറപ്പിന്റെ ഭാഗമാണ്. കാലിച്ചാനടുക്കം സ്‌കൂളിലും ബാനം സ്‌കൂളിലും എല്‍ പി കുട്ടികള്‍ക്കായി പാര്‍ക്ക്, എണ്ണപ്പാറ പ്രാഥമികാരോഗ്യ കേന്ദ്രത്തിനും പഞ്ചായത്തിലെ എല്ലാ സ്‌കൂളിനുമായി കമ്പോസ്റ്റ് കുഴിയും നിര്‍മ്മിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്.
മുതിരക്കാല്‍- ചുണ്ണങ്കുളം നടപ്പാലം അഞ്ചു ലക്ഷം രൂപ ചിലവില്‍ നിര്‍മ്മിച്ചത് തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ്. 19 ാം വര്‍ഡിലെ ആനക്കല്ല് അങ്കണവാടിയിലേക്ക് പോകുന്ന കുട്ടികളുടെ പ്രധാന പാതയാണ് ഈ നടപ്പാലം. പേരിയയില്‍ യൂത്ത് ക്ലബ്ബിനോട് അനുബന്ധിച്ച് വോളിബോള്‍ കോര്‍ട്ട് നിര്‍മ്മിച്ചു നല്‍കി. പട്ടിക വര്‍ഗ്ഗ കോളനികളിലേക്കുള്ള നിരവധി റോഡുകളുടെ കോണ്‍ക്രീറ്റ് ചെയ്യല്‍, റോഡ് സോളിംഗ്, കലുങ്കുകളുടെ നിര്‍മ്മാണം തുടങ്ങിയവയും തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി നടപ്പാക്കിവരുന്നു.
ജല സംരക്ഷണ പ്രവര്‍ത്തനങ്ങള്‍
ജലക്ഷാമം രൂക്ഷമായ പഞ്ചായത്തുകളിലൊന്നാണ് കോടോം-ബേളൂര്‍. ജലസംരക്ഷണത്തിനായി മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് പഞ്ചായത്തില്‍ നടത്തി വരുന്നത്. ഇതില്‍ ശ്രദ്ധേയമായതാണ് പറക്കളായി സ്‌കൂളിലെ പള്ളം സംരക്ഷിക്കാന്‍ സമീപത്തായി കുളം നിര്‍മ്മിച്ചത്. താത്കാലിക തടയണകള്‍ (ബ്രഷ്ഹൂഡ് ചെക്ക് ഡാം), കിണര്‍ റീ ചാര്‍ജിംഗ്, കിണറുകളുടെയും കുളങ്ങളുടെയും നിര്‍മ്മാണം, മഴക്കുഴികള്‍, കയ്യാല നിര്‍മ്മാണം എന്നീ പ്രവര്‍ത്തികളിലൂടെയും പഞ്ചായത്തില്‍ ജലസംരക്ഷണം ഉറപ്പാക്കുന്നു.