ജനീവ : യുണൈറ്റഡ് നാഷന്‍സ് മുന്‍ സെക്രട്ടറി ജനറല്‍ കോഫി അന്നന്‍ അന്തരിച്ചു. 80 വയസ്സായിരുന്നു. മരണവാര്‍ത്ത യുഎന്‍ സ്ഥിരീകരിച്ചു. ഐക്യരാഷ്ട്ര സംഘടനയുടെ ഏഴാമത്തെ സെക്രട്ടറി ജനറലായിരുന്നു കോഫി അന്നന്‍. അന്തര്‍ദേശീയ നയതന്ത്രജ്ഞനായ ഇദ്ദേഹം ഈ പദവിയിലെത്തുന്ന ആദ്യത്തെ ആഫ്രിക്കക്കാരനായിരുന്നു. ഐക്യരാഷ്ട്ര സംഘടനാ കാര്യാലയത്തിലെ ജീവനക്കാരില്‍ നിന്ന് ഇത്തരമൊരു പദവിയിലെത്തുന്ന ആദ്യവ്യക്തിയും കോഫി അന്നനായിരുന്നു.
ഘാനയിലെ കുമാസിയില്‍ 1938 ഏപ്രില്‍ എട്ടിന് ജനനം. ജനീവയിലെ ഒരു സര്‍വകലാശാലയില്‍ നിന്ന് സാമ്പത്തികശാസ്ത്രത്തില്‍ ബിരുദമെടുത്തശേഷം മസാച്ചുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ടെക്‌നോളജിയില്‍ നിന്ന് 1972-ല്‍ മാനേജ്‌മെന്റില്‍ മാസ്റ്റര്‍ ബിരുദം കരസ്ഥമാക്കി. 1962-ല്‍ ബജറ്റ് ഓഫീസര്‍ ആയി ഐക്യരാഷ്ട്ര സംഘടനയില്‍ ജോലിയില്‍ പ്രവേശിച്ചു. തുടര്‍ന്ന് സംഘടനയില്‍ നിരവധി തസ്തികകള്‍ കൈകാര്യം ചെയ്തു.
ആഫ്രിക്കയിലെ യു.എന്‍. സാമ്പത്തിക കമ്മീഷന്‍, ഇസ്മയിലിയയിലെ യു.എന്‍. അടിയന്തിരസേന, ജനീവയിലെ അഭയാര്‍ഥി പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്ന യു.എന്‍. കാര്യാലയം, ന്യൂയോര്‍ക്കിലെ യു.എന്‍. ആസ്ഥാനം, സാമ്പത്തിക വകുപ്പ്, എന്നിവയുമായി ബന്ധപ്പെട്ടും കോഫി അന്നന്‍ പ്രവര്‍ത്തിച്ചു.