ഐ.പി.എല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് ആറു വിക്കറ്റ് ജയം

193

കൊൽക്കത്ത: ഐ.പി.എല്ലിൽ 12-ാം സീസണിൽ ഞായറാഴ്ച നടന്ന ആദ്യ മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരേ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് ആറു വിക്കറ്റ് ജയം. അവസാന ഓവറുകളിൽ തകർത്തടിച്ച ആന്ദ്രെ റസ്സലും ശുഭ്മാൻ ഗില്ലുമാണ് കൊൽക്കത്തയ്ക്ക് ജയമൊരുക്കിയത്. അവസാന ഓവറിൽ ജയിക്കാൻ വേണ്ടിയിരുന്ന 13 റൺസ് കൊൽക്കത്ത നാലു പന്തുകളിൽ നിന്നു തന്നെ സ്വന്തമാക്കി. വെറും 19 പന്തിൽ നിന്ന് 49 റൺസെടുത്ത റസ്സലും 10 പന്തിൽ നിന്ന് 18 റൺസെടുത്ത ഗില്ലും പുറത്താകാതെ നിന്നു. 182 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കൊൽക്കത്ത രണ്ടു പന്തുകൾ ബാക്കി നിൽക്കെ വിജയത്തിലെത്തി.

182 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കൊൽക്കത്തയ്ക്ക് രണ്ടാം ഓവറിൽ തന്നെ ക്രിസ് ലിന്നിനെ നഷ്ടമായി. തുടർന്ന് രണ്ടാം വിക്കറ്റിൽ നിധീഷ് റാണയും റോബിൻ ഉത്തപ്പയും ചേർന്ന് 80 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. 47 പന്തിൽ നിന്ന് മൂന്നു സിക്സും എട്ടു ബൗണ്ടറികളും സഹിതം 68 റൺസെടുത്ത റാണയെ റാഷിദ് ഖാൻ വിക്കറ്റിനു മുന്നിൽ കുടുക്കുകയായിരുന്നു. പിന്നാലെ 27 പന്തിൽ 35 റൺസുമായി ഉത്തപ്പയും മടങ്ങി. ക്യാപ്റ്റൻ ദിനേഷ് കാർത്തിക്കിന് നാലു പന്തിന്റെ ആയുസേ ഉണ്ടായിരുന്നുള്ളൂ. സന്ദീപ് ശർമയുടെ പന്തിൽ കാർത്തിക്കിന്റെ (2) ക്യാച്ചെടുത്തത് ഹൈദരാബാദ് ക്യാപ്റ്റനായിരുന്നു. പിന്നീട് ക്രീസിലെത്തിയ ആന്ദ്രേ റസ്സലാണ് കളി കൊൽക്കത്തയുടെ കൈയിലെത്തിച്ചത്.

നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റു ചെയ്ത ഹൈദരാബാദ് 53 പന്തിൽ നിന്ന് 85 റൺസടിച്ച ഓസീസ് താരം ഡേവിഡ് വാർണറുടെ ആർധ സെഞ്ചുറി മികവിലാണ് നിശ്ചിത 20 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 181 റൺസെടുത്തത്. പന്ത് ചുരണ്ടൽ വിവാദത്തിനു ശേഷമുളള മടങ്ങിവരവിൽ തന്റെ ബാറ്റിങ് കരുത്തിന് യാതൊരു കോട്ടവും തട്ടിയിട്ടില്ലെന്ന് തെളിയിക്കുകയായിരുന്നു ഈഡനിലെ കാണികൾക്കു മുന്നിൽ വാർണർ. ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്ത കൊൽക്കത്ത ക്യാപ്റ്റൻ ദിനേഷ് കാർത്തിക്കിന്റെ തീരുമാനം തെറ്റിയെന്ന് തെളിയിക്കുന്നതായിരുന്നു ഹൈദരാബാദ് ഓപ്പണർമാരുടെ പ്രകടനം. വാർണറും ജോണി ബെയർസ്റ്റോവും കൂടി ആദ്യ വിക്കറ്റിൽ 118 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കിയ ശേഷമാണ് പിരിഞ്ഞത്. 35 പന്തിൽ നിന്ന് മൂന്നു ബൗണ്ടറിയും ഒരു സിക്സുമടക്കം 39 റൺസെടുത്ത ബെയർസ്റ്റോവിനെ പിയുഷ് ചൗള ബൗൾഡാക്കുകയായിരുന്നു.

സെഞ്ചുറിയിലേക്ക് കുതിക്കുകയായിരുന്ന വാർണരെ സ്കോർ 144-ൽ എത്തിയപ്പോൾ ആേ്രന്ദ റസ്സൽ മടക്കി. പിന്നാലെ ക്രീസിലെത്തിയ യൂസഫ് പത്താന് (1) നാലു പന്തിന്റെ ആയുസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ സ്ഥാനമുറപ്പിക്കാനൊരുങ്ങുന്ന വിജയ് ശങ്കർ 24 പന്തിൽ നിന്ന് രണ്ടു വീതം ബൗണ്ടറിയും സിക്സും അടക്കം 40 റൺസെടുത്ത് പുറത്താകാതെ നിന്നു. മനീഷ് പാണ്ഡെ എട്ടു റൺസുമായി പുറത്താകാതെ നിന്നു. പരിക്കേറ്റ കെയ്ൻ വില്യംസണ് പകരം ഇന്ത്യൻ പേസ് ബൗളർ ഭുവനേശ്വർ കുമാറാണ് സൺറൈസേഴ്സിനെ നയിച്ചത്. ഫ്ലഡ്​ലിറ്റ് പണിമുടക്കിയത് മൂലം ഇരുപത് മിനിറ്റിലേറെ കളി മുടങ്ങിയിരുന്നു. കൊൽക്കത്തയുടെ ഇന്നിങ്സിന്റെ പതിനാറാം ഓവറിലാണ് ലൈറ്റുകൾ കണ്ണുചിമ്മിയത്.

NO COMMENTS