കൊല്ലം • ജീപ്പ് ഉപയോഗിക്കുന്നതിനെച്ചൊല്ലി പഞ്ചായത്ത് സെക്രട്ടറിയും പ്രസിഡന്റും തമ്മില്‍ തര്‍ക്കം. ഇതേതുടര്‍ന്നു പ്രസിഡന്റിന്റെ പാര്‍ട്ടിയായ സിപിഐയിലെ പ്രവര്‍ത്തകര്‍ സെക്രട്ടറിയെ ഓഫിസിനുള്ളില്‍ പൂട്ടിയിട്ടു. ജീപ്പുമായി പോയ പ്രസിഡന്റിനെ മറ്റൊരു വാഹനത്തില്‍ വൈസ് പ്രസിഡന്റ് പിന്തുടര്‍ന്നു തടഞ്ഞു. പത്തനാപുരം പിറവന്തൂര്‍ പഞ്ചായത്തിലാണ് സംഭവം. പഞ്ചായത്ത് വക ജീപ്പിന്റെ താക്കോല്‍ പ്രസിഡന്റ് സിപിഐയിലെ ശശികലയുടെ കൈവശമാണെങ്കിലും പോര്‍ച്ചിന്റെ താക്കോല്‍ സെക്രട്ടറി ബഷീറിന്റെ കൈവശമാണ്. പോര്‍ച്ചിന്റെ താക്കോല്‍ പ്രസിഡന്റ് പലതവണ ആവശ്യപ്പെട്ടിട്ടും നല്‍കുന്നില്ലെന്നാരോപിച്ചാണ് സിപിഐ പ്രവര്‍ത്തകര്‍ സെക്രട്ടറിയെ പൂട്ടിയിട്ടത്. തൊട്ടുപിന്നാലെ പ്രസിഡന്റ് ജീപ്പുമായി പുറത്തേക്കു പോയി. സ്ഥലത്തെത്തിയ വൈസ് പ്രസിഡന്റ് കേരള കോണ്‍ഗ്രസിലെ റഷീദ് മറ്റൊരു വാഹനത്തില്‍ പ്രസിഡന്റിനെ പിന്തുടര്‍ന്നെത്തി ജീപ്പ് തടഞ്ഞു. നാട്ടുകാര്‍ ഓടിക്കൂടിയതോടെ ഇരുവരും കടന്നു. പ്രസിഡന്റിനെയും വൈസ് പ്രസിഡന്റിനെയും കുറിച്ചു ഇപ്പോള്‍ വിവരമില്ല. ഇരുവരുടെയും മൊബൈല്‍ ഫോണുകള്‍ ഓഫാക്കിയിരിക്കുകയാണ്.