കൊല്ലം: ചിതറയിലെ സിപിഎം പ്രവര്‍ത്തകന്റെ മരണം രാഷ്ട്രീയക്കൊലയെന്ന ആരോപണം തള്ളി ബന്ധുക്കള്‍. കൊലപാതകത്തില്‍ രാഷ്ട്രീയമില്ലെന്നും കപ്പ വില്‍പ്പനയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലയ്ക്ക് കാരണമെന്നും കൊല്ലപ്പെട്ട ബഷീറിന്റെ സഹോദരി അഫ്താബീവി പറഞ്ഞു. കപ്പ എനിക്ക് തരില്ലേ എന്ന് ചോദിച്ചാണ് ആക്രമിച്ചതെന്നും ഇവര്‍ വെളിപ്പെടുത്തി.
നേരത്തെ, സിപിഎം പ്രവര്‍ത്തകന്റെ മരണം രാഷ്ട്രീയക്കൊലയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പറഞ്ഞിരുന്നു. കാസര്‍ഗോഡ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതിന്റെ തിരിച്ചടിയാണ് ചിതറയിലുണ്ടായതെന്നും കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കാന്‍ കോണ്‍ഗ്രസ് തയാറാകണമെന്നും കോടിയേരി ആവശ്യപ്പെട്ടു. സിപിഎം പ്രവര്‍ത്തകനായ ചിതറ വളവുപച്ച സ്വദേശി മുഹമ്മദ് ബഷീറാണു കഴിഞ്ഞ ദിവസം കുത്തേറ്റു മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ഷാജഹാനെ പോലീസ് അറസ്റ്റ് ചെയ്തു. വ്യക്തിവൈരാഗ്യമാണ് കൊലയ്ക്കു കാരണമെന്നാണു പോലീസ് പറയുന്നത്.