കൊല്ലം ∙ സ്ഫോടനമുണ്ടായ കൊല്ലം കലക്ടറേറ്റിൽ വൻസുരക്ഷാ വീഴ്ചയെന്ന് കണ്ടെത്തി. സംഭവസമയം കലക്ടറേറ്റിലെ സിസിടിവി ക്യാമറകൾ പ്രവർത്തിച്ചിരുന്നില്ല. അഞ്ച് ക്യാമറകളുടെയും റെക്കോർഡിങ് ഓഫ് ചെയ്തിട്ടിരിക്കുകയായിരുന്നു. ഇതുമൂലം സ്ഫോടനത്തിന്റെ ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചില്ല. ഇതോടെ പ്രതിയെ കണ്ടെത്താനുള്ള പ്രധാന മാർഗം പൊലീസിന് ഇല്ലാതായി.
കൊല്ലം കലക്ടറേറ്റിനുള്ളിലെ സിജെഎം കോടതി വളപ്പിൽ പാർക്ക് ചെയ്തിരുന്ന ജീപ്പിലാണ് സ്ഫോടനമുണ്ടായത്. ടൈമർവച്ച ബോംബാണ് പൊട്ടിത്തെറിച്ചതെന്ന് പൊലീസ് സംശയിക്കുന്നു. ജില്ലാ ലേബർ ഓഫിസിനു താഴെയിട്ടിരുന്ന കെഎൽ 1 ജി 603 നമ്പർ ജീപ്പിലാണ് പൊട്ടിത്തെറിയുണ്ടായത്. ലേബർ കമ്മിഷണറുടെ പേരിൽ റജിസ്റ്റർ െചയ്തിരിക്കുന്നതാണ് ഈ ജീപ്പ്. സംഭവസമയത്ത് നിരവധിപേർ സ്ഥലത്തുണ്ടായിരുന്നു. ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും ഫയർഫോഴ്സും സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി.
അതേസമയം, കോടതി പരിസരത്തുനിന്നും ബാറ്ററിയും വെടിമരുന്നും സ്റ്റീൽ ചീളുകളും ബോംബ് സൂക്ഷിച്ച ബാഗും പൊലീസ് കണ്ടെത്തി. സ്ഫോടനത്തിൽ ഒരാൾക്കു പരുക്കേറ്റു. മുൻസിഫ് കോടതിയിൽ കേസിന്റെ ആവശ്യത്തിനു വന്ന കോൺഗ്രസ് പ്രവർത്തകൻ നീരൊഴുക്കിൽ സാബുവിനാണ് പരുക്ക്. രാവിലെ 10.45 ഓടെയായിരുന്നു സംഭവം.
രാവിലെ കോടതി തുടങ്ങുന്നതിനു തൊട്ടുമുൻപായിരുന്നു സ്ഫോടനം. കോടതിവളപ്പിനു സമീപത്തെ മരത്തിനു സമീപത്തായി നിർത്തിയിട്ടിരുന്ന ലേബർ ഡിപ്പാർട്മെന്റിന്റെ ജീപ്പിലാണ് പൊട്ടിത്തെറി ഉണ്ടായത്. ഏറെക്കാലമായി ജീപ്പ് ഇവിടെ സൂക്ഷിച്ചിരിക്കുകയായിരുന്നു.
പാരിപ്പിള്ളിയിൽ പൊലീസുകാരൻ മണിയൻ പിള്ളയെ ആട് ആന്റണി കുത്തിക്കൊലപ്പെടുത്തിയ കേസിന്റെ വിചാരണ ഇന്നലെ കോടതിയിൽ ആരംഭിച്ചിരുന്നു. ഇന്നും കേസിന്റെ വിചാരണ നടക്കാനിരിക്കെയാണ് സ്ഫോടനം. കേസുമായി സ്ഫോടനത്തിനു എന്തെങ്കിലും ബന്ധമുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നു. 2012 ജൂണില്‍ പാരിപ്പള്ളിയില്‍ വാഹന പരിശോധനയ്ക്കിടെയാണ് പൊലിസ് ഡ്രൈവര്‍ മണിയന്‍പിള്ളക്ക് കുത്തേറ്റത്.
courtesy -manorama online