കൊല്ലം: കുണ്ടറയിലെ 14 വയസുകാരന്‍റെ ദുരൂഹമരണം സംബന്ധിച്ച് അന്വേഷണത്തെക്കുറിച്ച് ഡി.വൈ.എസ്.പി നല്‍കിയ റിപ്പോര്‍ട്ട് കൊല്ലം റൂറല്‍ എസ്.പി തള്ളി. ഡി.വൈ.എസ്.പിയുടെ റിപ്പോര്‍ട്ട് അപൂര്‍ണ്ണമാണെന്ന് ചൂണ്ടിക്കാട്ടിയാണ് എസ്.പി തള്ളിയത്. 2010ല്‍ കുട്ടി മരണപ്പെട്ടതിന് ശേഷം അമ്മയും സഹോദരിയും പരാതി നല്‍കിയിട്ടും പൊലീസ് കാര്യമായ ഒരു അന്വേഷണവും നടത്തിയിട്ടില്ല. അന്ന് അന്വേഷിക്കാതെ കേസ് ഒതുക്കിത്തീര്‍ത്ത ഉദ്ദ്യോഗസ്ഥനാണ് ഇപ്പോള്‍ കൊട്ടാരക്കര ഡി.വൈ.എസ്.പി സ്ഥാനത്തുള്ളത്. കുണ്ടറ ബലാത്സംഗക്കേസിന് പിന്നാലെ 14 വയസുകാരന്റെ മരണം സംബന്ധിച്ച് വീണ്ടും പരാതി ഉയര്‍ന്നപ്പോള്‍ പഴയ അന്വേഷണത്തെപ്പറ്റിയുള്ള റിപ്പോര്‍ട്ട് തയ്യാറാക്കാനും ഇതേ ഡി.വൈ.എസ്.പിയോടാണ് കൊല്ലം എസ്.പി ആവശ്യപ്പെട്ടത്. എന്നാല്‍ പുതിയ അന്വേഷണം നടത്തേണ്ട സാഹചര്യത്തെക്കുറിച്ചൊന്നും റിപ്പോര്‍ട്ടില്‍ ഡി.വൈ.എസ്.പി പരാമര്‍ശിച്ചിട്ടില്ല. ഏതാനും വരികള്‍ മാത്രമുള്ള ശുഷ്കമായ റിപ്പോര്‍ട്ടാണ് സമര്‍പ്പിച്ചത്. റിപ്പോര്‍ട്ട് മടക്കിയ കൊല്ലം എസ്.പി പകരം വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.