പത്തനംതിട്ട: കോന്നി ഉപതിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന് വേണ്ടി മതചിഹ്നങ്ങള്‍ ഉപയോഗിച്ച് പ്രചാരണം നടത്തിയെന്ന പരാതിയില്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ ജില്ലാ പോലീസ് മേധാവിയ്ക്ക് കളക്ടറുടെ നിര്‍ദേശം. എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന് വേണ്ടി തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി മതചിഹ്നങ്ങള്‍ ഉപയോഗിച്ചുവെന്ന് പ്രാഥമിക പരിശോധനയില്‍ ബോധ്യപ്പെട്ടിരുന്നു.
തിരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ പ്രതികരണവുമായി കെ സുരേന്ദ്രനും രംഗത്തെത്തിയിരുന്നു. പരാജയം മുന്നില്‍ക്കണ്ട് ഇടത്- വലത് പക്ഷ കക്ഷികള്‍ തനിക്കെതിരെ വ്യക്തിഹത്യ നടത്തുകയാണെന്ന വാദമാണ് കെ സുരേന്ദ്രന്‍ ഉയര്‍ത്തുന്നത്. മതചിഹ്നങ്ങള്‍ ഉപയോഗിച്ച് വോട്ട് തേടിയെന്ന പ്രചാരണം വസ്തുുതാ വിരുദ്ധമാണെന്നും സുരേന്ദ്രന്‍ അവകാശപ്പെടുന്നു.
പ്രചാരണത്തിന് ഉപയോഗിച്ച വീഡിയോ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാണ്. അതിനാല്‍ വീഡിയോ നിര്‍മിച്ചവരെയും കണ്ടെത്താനാണ് കളക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുള്ളത്. ഇതിന് പുറമേ വീഡിയോ സോഷ്യല്‍ മീഡിയയില്‍ നിന്ന് മാറ്റാനും പത്തനംതിട്ട ജില്ലാ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിശബ്ദപ്രചാരണ ദിനമായ ഞായറാഴ്ച ആരാധനാ കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ച് വോട്ടഭ്യര്‍ത്ഥിച്ചുവെന്നും പരാതിയില്‍ പറയുന്നു.