കോഴിക്കോട്: ആദ്യ ഭാര്യ സിലിയുടേയും മകള്‍ ആല്‍ഫൈന്‍റേയും മരണത്തെക്കുറിച്ച് ഷാജുവിന് അറിയാമായിരുന്നെന്ന ജോളിയുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു ഷാജുവിനെ രാവിലെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്. സിലിയുടേയും ആല്‍ഫൈന്‍റേയും മരണത്തില്‍ തനിക്ക് പങ്കുണ്ടെന്ന ഷാജുവിന്‍റെ വെളിപ്പെടുത്തലോടെ കൂടത്തായി കൊലപാതക പരമ്ബരയിലെ കേസ് അന്വേഷണം പുതിയ വഴിത്തിരിവില്‍ എത്തിനില്‍ക്കുകയാണ്.
ഷാജുവിന്‍റെ കൂടത്തായിയിലെ വീട്ടിലെത്തി പോലീസ് രാവിലെ പരിശോധന നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ചോദ്യം ചെയ്യാന്‍ ഷാജുവിനെ ക്രൈബ്രാഞ്ച് ഓഫീസിലേക്ക് വിളിപ്പിച്ചത്. ടോം തോമസിന്‍റെ സ്വത്ത് തട്ടിയെടുക്കാന്‍ വ്യാജവില്‍പത്രം തയ്യാറാക്കിയതുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിനോടൊപ്പം തന്നെ സിലിയുടേയും മകള്‍ ആല്‍ഫിന്‍റേയും മരണത്തിലും പോലീസ് സജീവമായി അന്വേഷണം നടത്തുന്നുണ്ടായിരുന്നു. ഇരുവരുടേയും മരണത്തില്‍ ജോളിയില്‍ നിന്ന് നിര്‍ണ്ണായകമായ മൊഴികളും പോലീസിന് ലഭിച്ചുവെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
കുടുംബത്തിലെ ആറ് പേരെയും പലപ്പോഴായി വിഷംകൊടുത്ത് കൊന്നുവെന്ന് ജോളി കുറ്റസമ്മതം നടത്തിയതായി അന്വേഷണസംഘം വ്യക്തമാക്കി. കുടുംബസ്വത്ത് തട്ടിയെടുക്കല്‍ മാത്രമല്ല കൊലപാതകത്തിന് കാരണമെന്നാണ് സൂചന. 14 വര്‍ഷത്തിനിടെ കൂടത്തായി പൊന്നാമറ്റം കുടുംബത്തിലെ 6 പേരാണ് സമാനമായ സാഹചര്യത്തില്‍ കൊല്ലപ്പെട്ടത്. പൊന്നാമറ്റം ടോം തോമസ്, ഭാര്യ അന്നമ്മ, മകന്‍ റോയ്, അന്നമ്മയുടെ സഹോദരന്‍ മാതൃു, ടോം തോമസിന്റെ സഹോദരപുത്രന്‍ ഷാജു സ്കറിയയുടെ ഭാര്യ സിലി, മകള്‍ ആല്‍ഫൈന്‍ എന്നിവരെയാണ് റോയിയുടെ ഭാര്യയായിരുന്ന ജോളി കൊലപ്പെടുത്തിയത്.
ഭക്ഷണത്തില്‍ സയനേഡ് കലര്‍ത്തിയാണ് കൊലപാതകങ്ങള്‍ നടത്തിയത്. കേസില്‍ കൂടുതല്‍ അറസ്റ്റുണ്ടാകുമെന്നാണ് പോലീസ് നല്‍കുന്ന സൂചന. കുടുംബാംഗങ്ങള്‍ തമ്മിലുള്ള സ്വത്ത് തര്‍ക്ക മെന്നായിരുന്നു ആദ്യ വിലയിരുത്തല്‍. പയ്യോളി ക്രൈംബ്രാഞ്ച് ഓഫീസിലും വടകര റൂറല്‍ എസ്പി ഓഫീസിലും നടത്തിയ ചോദ്യം ചെയ്യലില്‍ ജോളിയുടെ മൊഴിയില്‍ പറഞ്ഞ കാര്യങ്ങള്‍ സത്യമാണെന്ന് ഷാജു സമ്മതിക്കുകയായിരുന്നു. ഇതോടെ റോയിയുടേതിന് പുറമെ കൂടുതല്‍ പേരുടെ കൊലപാതകത്തിലേക്ക് വെളിച്ചം വീശുന്ന വിവരങ്ങള്‍ പോലീസിന് ലഭിച്ചു.
ഷാജുവിനെ പൊലീസ് കസ്റ്റഡിയില്‍ നിന്നു വിട്ടു
ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിനെ പൊലീസ് കസ്റ്റഡിയില്‍ നിന്നു വിട്ടു. ഷാജു അന്വേഷണവുമായി സഹകരിയ്ക്കുന്നുണ്ട്. ജോളി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് ഷാജുവിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്തത്. ആവശ്യമെങ്കില്‍ ഷാജുവിനെ വീണ്ടും ചോദ്യം ചെയ്യുമെന്ന് വടകര റൂറല്‍ എസ് പി കെ ജി സൈമണ്‍ പറഞ്ഞു. ഷാജുവിനെ വിട്ടയച്ചത് കേസ് അന്വേഷണത്തെ ഒരു തരത്തിലും ബാധിയ്ക്കില്ല. മൃതദേഹങ്ങളുടെ ശാസ്ത്രീയ പരിശോധനയ്ക്ക് ആവശ്യമെങ്കില്‍ വിദേശസഹായം തേടുമെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തില്‍ വേണ്ടത് ചെയ്യാമെന്ന് ഡിജിപി ലോക്നാഥ് ബഹ്റ അറിയിച്ചതായും എസ് പി പറഞ്ഞു.
പയ്യോളി ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് സി ഐ ഹരിദാസിന്റെ നേതൃത്വത്തില്‍ ചോദ്യം ചെയ്ത ശേഷം ഷാജുവിനെ വടകര റൂറല്‍ എസ് പി ഓഫീസില്‍ എത്തിയ്ക്കുകയായിരുന്നു. ഷാജു മുമ്പ് നല്‍കിയ മൊഴികളിലെ വൈരുധ്യങ്ങള്‍ പൊലിസ് പരിശോധിച്ചിരുന്നു. മാത്രമല്ല ഷാജുവിന്റെ ഭാര്യ സിലിയുടെയും കുഞ്ഞിന്റെയും മരണം കൊലപാതകമാണെന്ന് ഷാജുവിന് അറിയാമായിരുന്നുവെന്ന് ജോളി വെളിപെടുത്തിയതായും സൂചനയുണ്ട്. കൊന്നത് താന്‍ തന്നെയാണ് ഷാജുവിനെ അറിയിച്ചത്. ‘അവള്‍ മരിക്കേണ്ടവള്‍ തന്നെയായിരുന്നു എന്നായിരുന്നു ഷാജുവിന്റെ പ്രതികരണം’ എന്നാണ് ജോളി പൊലീസിനോട് പറഞ്ഞത്. കൊലപാതകം ആരും അറിയരുതെന്ന് ഷാജു പറഞ്ഞതായും ജോളി വെളിപെടുത്തി.
അതീവ ശ്രദ്ധയോടെയാണ് പോലീസ് കേസ് അന്വേഷണം മുന്നോട്ടു കൊണ്ടുപോവുന്നത്. കേവലം സ്വത്ത് തര്‍ക്കമെന്ന് കരുതിയ ഒരു കേസില്‍ തുടങ്ങിയ അന്വേഷണമാണ് ഇപ്പോഴത്തെ സംഭവ വികാസങ്ങളില്‍ എത്തിനില്‍ക്കുന്നത്.