ന്യൂഡല്‍ഹി: ലോകത്ത് കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഒരുലക്ഷം കടന്നു. ലോകത്തെ ആകെ മരണത്തില്‍ പകുതിയിലേറെ മരണങ്ങളും നാല് രാജ്യങ്ങളിലാണ് ഉണ്ടായത്. അമേരിക്ക, സ്പെയിന്, ഇറ്റലി, ഫ്രാന്‍സ് എന്നീ രാജ്യങ്ങളിലാണ് ഏറ്റവും കൂടുതല്‍ മരണങ്ങളുണ്ടായത്. ഇതില്‍ അമേരിക്ക, സ്പെയിന്, ഇറ്റലി എന്നീ രാജ്യങ്ങളില്‍ 15000 ല്‍ ഏറെ പേര് മരിച്ചു. ഫ്രാന്‍സില്‍ 12,210 പേര് മരിച്ചു. കഴിഞ്ഞ 10 ദിവസത്തിനിടെയാണ് കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തത്.
എന്നാല്‍ വൈറസ് പൊട്ടിപ്പുറപ്പെട്ട ചൈനയില്‍ 3,336 മരണം മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. ലോകത്ത് 1,639,772 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു. വെള്ളിയാഴ്ച 210 രാജ്യങ്ങളിലായി 36,120 പേര്‍ക്കാണ് പുതുതായി രോഗം ബാധിച്ചത്.
അമേരിക്കയിലാണ് വെള്ളിയാഴ്ചയും ഏറ്റവും കൂടുതല്‍ പേര് മരിച്ചത്. ഇന്ന് മാത്രം അമേരിക്കയില്‍ 1,219 പേര് മരിച്ചു. ഇതോടെ അമേരിക്കയിലെ ആകെ മരണം 17,910 ആയി. 9,387 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. കൊറോണ കണ്ടെത്തിയതു മുതല്‍ ഇന്നുവരെ രാജ്യത്ത് 477,953 പേര്‍ക്ക് രോഗം പിടിപെട്ടു.
അമേരിക്ക കഴിഞ്ഞാല്‍ ബ്രിട്ടനിലാണ് ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തത്. ബ്രിട്ടനില്‍ ഇന്ന് 953 മരണമാണ് സംഭവിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 8,931 ആയി. ഇറ്റലയില്‍ 570 പേരും സ്പെയിനില്‍ 523 പേരും രോഗം ബാധിച്ച് മരിച്ചു. ഇറ്റലിയില്‍ ആകെ മരണം 18,849. സ്പെയിനില്‍ ആകെ മരണം 15,970 ആയി ഉയര്‍ന്നു.