കോട്ടയം: നാഗമ്പടം പഴയ മേൽപ്പാലം സാധാരണരീതിയിൽ ഹെഡ്രോളിക് കട്ടർ ഉപയോഗിച്ച് പൊളിക്കാൻ തുടങ്ങി. ശനിയാഴ്ച പുലർച്ചെയോടെയാണ് പാലം പൊളിക്കുന്ന പ്രവൃത്തികൾ ആരംഭിച്ചത്. ആദ്യം ഇലക്ട്രിക് ലൈനുകൾ അഴിച്ചുനീക്കും. ശേഷം പാലത്തിന്റെ ആർച്ചുകൾ പൊളിച്ചുമാറ്റും. പാലം നിലവിലെ അവസ്ഥയിൽനിന്ന് ഏതാനും മീറ്റർ ഉയർത്തിയശേഷം കട്ടർ ഉപയോഗിച്ച് മുറിക്കും. ഇതിനുള്ള മെഷീൻ ചെന്നൈയിൽനിന്നാണ് എത്തിച്ചിരിക്കുന്നത്. ശേഷം ഇവ കൂറ്റൻ ക്രെയിൻ ഉപയോഗിച്ച് ഉയർത്തിമാറ്റും. എറണാകുളത്തുനിന്ന് രണ്ടു ക്രെയിനുകളാണ് എത്തിച്ചിട്ടുള്ളത്. കഴിഞ്ഞ മാസം ആദ്യം രണ്ടു തവണയായി നടത്തിയ നിയന്ത്രിത സ്ഫോടനത്തിൽ പാലം തകർക്കാൻ കഴിഞ്ഞില്ല. വീണ്ടും സ്ഫോടനം നടത്തിയാൽ പുതിയ പാലത്തിന് ബലക്ഷയമുണ്ടാകുമെന്ന ആശങ്കയിലാണ് പുതിയ രീതി അവലംബിക്കുന്നത്.
മേൽപ്പാലം മുറിച്ചുനീക്കുന്ന ജോലികൾക്ക് തുടക്കമായതോടെ ശനിയാഴ്ച കോട്ടയം വഴിയുള്ള ട്രെയിൻ ഗതാഗതം പൂർണമായി റദ്ദാക്കി. ശനിയാഴ്ച പുലർച്ചെ ആരംഭിച്ച ജോലികൾ രാത്രിയോടെ അവസാനിക്കുമെന്നാണ് റെയിൽവേയുടെ പ്രതീക്ഷ. പാലം പൊളിച്ചുനീക്കിയശേഷമേ ട്രെയിൻ ഗതാഗതം പുനഃസ്ഥാപിക്കൂ. ശനിയാഴ്ച 31 ട്രെയിനുകൾ റദ്ദാക്കി.
ആലപ്പുഴ വഴിയുള്ള ചില ട്രെയിനുകളും ഇതിലുൾപ്പെടും. ആറു ട്രെയിൻ ഭാഗികമായി റദ്ദാക്കി. 26 ട്രെയിൻ വഴിതിരിച്ചുവിട്ടിട്ടുണ്ട്. മൂന്നു ട്രെയിനിന് സമയനിയന്ത്രണമുണ്ടാകും. ഞായറാഴ്ച എല്ലാ പാസഞ്ചർ ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്. പാലം പൊളിക്കുന്നത് നീണ്ടാൽ ട്രെയിൻ ഗതാഗതം ഞായറാഴ്ചയും അവതാളത്തിലാകും.
25-ന് അർധരാത്രിയോടെ കൊച്ചുവേളി-മംഗളൂരു എക്സ്പ്രസ്, തിരുവനന്തപുരം-മധുര അമൃത എന്നീ ട്രെയിനുകൾ ചങ്ങനാശേരിക്കും ചിങ്ങവനത്തിനുമിടെ 1.30 മണിക്കൂർ പിടിച്ചിടും. ഗാന്ധിധാം-നാഗർകോവിൽ എക്സ്പ്രസ് 25-ന് രാത്രി ഒരു മണിക്കൂർ ഏറ്റുമാനൂരിൽ പിടിച്ചിടും. പാലം മുറിച്ചുനീക്കിയശേഷം ആദ്യം ഈ െട്രയിനുകളാവും ഓടിത്തുടങ്ങുക.
ആലപ്പുഴ വഴി റദ്ദാക്കിയ ട്രെയിനുകൾ
56382 കായംകുളം-എറണാകുളം പാസഞ്ചർ, 56383 എറണാകുളം-കായംകുളം പാസഞ്ചർ, 56392 കൊല്ലം-എറണാകുളം പാസഞ്ചർ, 56380 കായംകുളം-എറണാകുളം പാസഞ്ചർ, 56303 എറണാകുളം-ആലപ്പുഴ പാസഞ്ചർ, 56381 എറണാകുളം-കായംകുളം പാസഞ്ചർ, 56382 കായംകുളം-എറണാകുളം പാസഞ്ചർ, 56383 എറണാകുളം-കായംകുളം പാസഞ്ചർ, 56303 എറണാകുളം-ആലപ്പുഴ പാസഞ്ചർ, 56381 എറണാകുളം-കായംകുളം പാസഞ്ചർ, 56382 കായംകുളം-എറണാകുളം പാസഞ്ചർ, 56301 ആലപ്പുഴ-കൊല്ലം പാസഞ്ചർ, 56300 കൊല്ലം-ആലപ്പുഴ പാസഞ്ചർ.
56300 കൊല്ലം-ആലപ്പുഴ പാസഞ്ചർ, 56302 ആലപ്പുഴ-കൊല്ലം പാസഞ്ചർ, 56380 കായംകുളം-എറണാകുളം പാസഞ്ചർ. എന്നീ ട്രെയിനുകളാണ് 26-ന് റദ്ദാക്കുന്നത് .