തിരുവനന്തപുരം: കൊട്ടിയൂരിലെ പള്ളിമേടയില്‍ വൈദീകന്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. കൊട്ടിയൂര്‍ നീണ്ടുനോക്കി സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി വികാരിയും കൊട്ടിയൂര്‍ ഐ.ജെ.എം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ മാനേജരുമായ ഫാദര്‍ റോബിന്‍ വടക്കുംചേരി ഉള്‍പ്പെടെ 10 പേര്‍ കേസില്‍ പ്രതികളാണ്. കുട്ടികള്‍ക്കെതിരായ അക്രമം തടയുന്നതുമായി ബന്ധപ്പെട്ട വകുപ്പാണ് (പോക്സോ) ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
സഭയുടെ നിയന്ത്രണത്തിലുള്ള കൂത്തുപറമ്ബിനു സമീപത്തെ ക്രിസ്തുരാജ ആശുപത്രിയിലാണ് പെണ്‍കുട്ടി ആണ്‍കുഞ്ഞിനെ പ്രസവിച്ചത്. ആശുപത്രി അധികൃതര്‍ ഇക്കാര്യം ബന്ധപ്പെട്ടവരെ അറിയിക്കുകയോ ആവശ്യമായ നടപടക്രമങ്ങള്‍ പാലിക്കുകയോ ചെയ്തിരുന്നില്ല. പ്രസവ ശേഷം കുഞ്ഞിനെ വയനാട് ജില്ലയിലെ വൈത്തിരിയില്‍ കന്യാസ്ത്രീകള്‍ നടത്തുന്ന അനാഥാലയത്തിലേയ്ക്ക് മാറ്റിയിരുന്നു. ഡിഎന്‍എ പരിശോധനയില്‍ കുഞ്ഞിന്റെ പിതാവ് ഫാ.റോബിന്‍ വടക്കുംചേരിയാണെന്ന് കണ്ടെത്തിയിരുന്നു.
ഉന്നതരായ ചിലര്‍ പെണ്‍കുട്ടിയുടെ വീട്ടുകാരെ സ്വാധീനിച്ച് സംഭവം ഒതുക്കി തീര്‍ക്കുകയും കുഞ്ഞിനെ അനാഥാലയത്തിലേക്ക് മാറ്റുകയും ചെയ്യുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്. പോലീസ് അന്വേഷണത്തില്‍ കുഞ്ഞിനെ വയനാട് ജില്ലയിലെ വൈത്തിരിയില്‍ കന്യാസ്ത്രീകള്‍ നടത്തുന്ന അനാഥാലയത്തില്‍നിന്ന് കണ്ടെത്തിയിരുന്നു.