കൊല്ലം : ജില്ലയില്‍ സമ്പര്‍ക്കം വഴിയുള്ള രോഗവ്യാപന സാധ്യത വളരെ വിരളമാണെന്നും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാണെന്നും ജില്ലയുടെ ചുമതലയുള്ള മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ അറിയിച്ചു. എങ്കിലും അതീവ ജാഗ്രത തുടരണം. കല്ലുവാതുക്കല്‍, കാവനാട്, കുളത്തൂപ്പുഴ, ചാത്തന്നൂര്‍ എന്നിവിടങ്ങളില്‍ രോഗം വന്നവരുമായി അടുത്തിടപഴകിയവരുടെ സാമ്പിളുകള്‍ നെഗറ്റീവായത് ആശ്വാസകരമാണ്.
കാവനാട് രോഗം വന്നയാളുടെ ബന്ധുക്കളായ 11 പേരുടെ ഫലവും നെഗറ്റീവായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇരവിപുരം ചകിരിക്കടയിലും രോഗം വന്നയാളുടെ പ്രാഥമിക സമ്പര്‍ക്കത്തിലുണ്ടായിരുന്നവര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടില്ല.
ലോക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ അയവ് വന്ന സാഹചര്യത്തില്‍ അതീവ ജാഗ്രത തുടരുകയും വിദേശത്ത് നിന്നും രോഗ സാധ്യതയുള്ള സ്ഥലങ്ങളില്‍ നിന്നും വന്നവരും ഇനി വരുന്നവരുമായി അകലം പാലിക്കണമെന്നും എന്നാല്‍ അവരെ ഒറ്റപ്പെടുത്തുന്ന രീതി അവലംബിക്കരുതെന്നും മന്ത്രി പറഞ്ഞു. നിസാമുദ്ദീന്‍ ഉള്‍പ്പടെ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തുന്ന ട്രെയിനുകളിലെ യാത്രക്കാരെ പ്രത്യേക സംവിധാനത്തില്‍ വീടുകളില്‍ എത്തിക്കാന്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും.
എറണാകുളത്ത് എത്തുന്ന ട്രെയിനിലുള്ള യാത്രക്കാരെ ജില്ലയില്‍ എത്തിക്കുന്നതിന് പ്രത്യേക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും. ഇതിനായി എറണാകുളം ജില്ലാ കലക്ടറുടെ സഹകരണം ഉറപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.