കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളിൽ വിട്ടുവീഴ്ചയില്ലാതെ സെക്രട്ടേറിയറ്റ് വാർ റൂം

75

തിരുവനന്തപുരം :കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളിൽ വിട്ടുവീഴ്ചയുമില്ലാതെ 24 മണിക്കൂറും പ്രവർത്തന സജ്ജമായി സെക്രട്ടേറിയറ്റിലെ വാർ റൂം. പ്രതിദിനം നാലായിരത്തിലധികം കോളുകളാണ് വാർ റൂമിലേക്കെത്തുന്നത്. അതത് വകുപ്പുകളുമായി ഏകോപിപ്പിച്ച്് പരിഹാരം കണ്ടും സംശയങ്ങൾക്ക് മറുപടി നൽകിയും കോവിഡിനെതിരെ പൊരുതാൻ ജനങ്ങൾക്ക് കരുത്തേകുകയാണ് വാർ റൂമും.

കേരളത്തിനകത്തുള്ളവർക്ക് പുറമെ മറ്റു സംസ്ഥാനങ്ങളിലകപ്പെട്ടവർക്കും വിദേശത്തുള്ള വർക്കും വാർ റൂം പ്രതിനിധികൾ പൂർണ പിന്തുണയേകുന്നു. മാനസിക പിന്തുണ ആവശ്യമുണ്ടെന്നു തോന്നുന്നവരുടെ വിവരങ്ങൾ ദിശയ്ക്ക് കൈമാറുന്നുണ്ട്.അന്തർ സംസ്ഥാന ചരക്കുനീക്കം, അവശ്യ വസ്തുക്കളുടെ ലഭ്യത, അതിഥി തൊഴിലാളികളുടെ ക്ഷേമം, ഇതര സംസ്ഥാനങ്ങളിലേയും വിദേശ മലയാളികളെയും ബന്ധപ്പെടൽ തുടങ്ങി നിരവധി പ്രവർത്തങ്ങളാണ് വാർ റൂം കേന്ദ്രീകരിച്ച് നടക്കുന്നത്.

മൂന്ന് ഷിഫ്റ്റുകളായാണ് പ്രവർത്തനം. ഓരോ ഷിഫ്റ്റിലും രണ്ട് ഐ എ എസ്് ഉദ്യോഗസ്ഥ രുടെ നേതൃത്വത്തിൽ വിവിധ വകുപ്പുകളിലെ 25 ജീവനക്കാരാണ് പ്രവർത്തിക്കുന്നത്. വീഡിയോ കോൺഫറൻസിംഗ്, ന്യൂസ് മോണിറ്ററിംഗ് സംവിധാനങ്ങളും സി ഡിറ്റിന്റെ സഹായത്തോടെ കാൾ സെന്ററും വാർ റൂമിൽ ക്രമീകരിച്ചിട്ടുണ്ട്
പോലീസ്, അഗ്‌നിരക്ഷാ സേന, ഗതാഗതം, തദ്ദേശ സ്വയംഭരണം, റവന്യൂ, തൊഴിൽ, ആരോഗ്യം, ഭക്ഷ്യപൊതുവിതരണം, നോർക്ക തുടങ്ങിയ വകുപ്പുകളുടെ പ്രത്യക ഡെസ്‌കുകൾ വാർ റൂമിൽ ക്രമീകരിച്ചിട്ടുണ്ട്.

 സഞ്ജയ് കൗൾ, പ്രണബ് ജ്യോതിനാഥ്, കെ. ജീവൻബാബു, ഹരിത വി. കുമാർ, ജോഷി മൃൺമയി ശശാങ്ക്, കെ. ഇമ്പശേഖർ, പി.ഐ. ശ്രീവിദ്യ, എസ്. ചന്ദ്രശേഖർ ,എസ് കാർത്തികേയൻ, വി.ആർ പ്രേം കുമാർ, എ. കൗശികൻ എന്നിവരുടെ മേൽ നോട്ടത്തിലാണ് വിവിധ ഷിഫ്്റ്റുകളിലായി വാർ റൂം പ്രവർത്തിക്കുന്നത്.

ഇവരെ സഹായിക്കുന്നതിന് കൂടുതൽ ഉദ്യോഗസ്ഥരെ കഴിഞ്ഞ ദിവസം നിയോഗിച്ചിരുന്നു. 0471-2517225, 2781100, 2781101 എന്നീ നമ്പറുകളിൽ വാർ റൂമുമായി ബന്ധപ്പെടാം

NO COMMENTS