തിരുവനന്തപുരം : കോവിഡ് 19 വ്യാപനം ജില്ലയുടെ കാര്‍ഷിക മേഖലയെ സാരമായ ബാധിച്ച സാഹചര്യത്തില്‍ കൃഷിവകുപ്പ് കൃത്യമായ ഇടപെടല്‍ ഉറപ്പാക്കുകയാണ്. ജില്ലയില്‍ നെല്ല്, പച്ചക്കറി, പഴവര്‍ഗ്ഗങ്ങള്‍ എന്നിവയുടെ വിളവെടുപ്പ്, സംഭരണം, വിതരണം എന്നീ കാര്യങ്ങളില്‍ കര്‍ഷകര്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ കൃഷി വകുപ്പ് സജീവമായ ഇടപെടല്‍ നടത്തുന്നുണ്ട്. നെല്‍ കര്‍ഷകര്‍ നേരിടുന്ന പ്രശ്നങ്ങളില്‍ വകുപ്പിന്റെ ഇടപെടല്‍ ഇങ്ങനെ:
ലോക്ക് ഡൗണ്‍ മൂലം കൊയ്ത്തുമായി ബന്ധപ്പെട്ട് കുമ്പള കിടൂര്‍ പാടശേഖരം നേരിട്ട പ്രതിസന്ധിയില്‍ ഇടപെട്ട് ജില്ലയിലെ കൃഷി എക്സിക്യൂട്ടീവ് എന്‍ജിനീയറുടെ കാര്യാലയത്തിനോട് ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന കസ്റ്റം ഹയറിങ് സെന്ററില്‍ നിന്നും കൊയ്ത്ത് മെതി യന്ത്രം ലഭ്യമാക്കി പ്രശ്നം പരിഹരിച്ചു. ഇതോടൊപ്പം മധൂര്‍ പഞ്ചായത്തിലെ അഞ്ച് ഹെക്ടര്‍ സ്ഥലത്തെ നെല്‍കൃഷി കൊയ്ത്തും പൂര്‍ത്തീകരിക്കുന്നതിന് സാധിച്ചു. നീലേശ്വരം അഗ്രോ സര്‍വീസ് സെന്ററിലെ കൊയ്ത്ത് മെതി യന്ത്രം ഉപയോഗിച്ച് മടിക്കൈ പഞ്ചായത്തിലെ ആലയി, കുണ്ടേയന്‍വയല്‍, റാക്കോല്‍ എന്നീ പാടശേഖരങ്ങളിലെ 31 ഹെക്ടര്‍ സ്ഥലത്തെ കൊയ്ത്ത് പൂര്‍ത്തിയാക്കി.
പച്ചക്കറി സംഭരണവും വിതരണവും
പച്ചക്കറികളുടെ സംഭരണവും വിതരണവും നടത്തുന്നതിനും ലോക്ക് ഡൗണ്‍ കാലത്ത് ജനങ്ങള്‍ക്ക് പച്ചക്കറിയുടെയും പഴവര്‍ഗ്ഗങ്ങളുടെയും ലഭ്യത ഉറപ്പുവരുത്തുന്നതിനുമായി കാസര്‍കോട് കൃഷിവകുപ്പിന്റെ കീഴില്‍ 19 മാര്‍ക്കറ്റുകള്‍ ( ഇക്കോ ഷോപ്പുകള്‍, ബി എല്‍ എഫ് ഒ മാര്‍ക്കറ്റുകള്‍, വീക്കിലി മാര്‍ക്കറ്റുകള്‍, എ ഗ്രേഡ് ക്ലസ്റ്റര്‍ മാര്‍ക്കറ്റുകള്‍) തുറന്നു പ്രവര്‍ത്തിച്ചുവരുന്നു. ഈ മാര്‍ക്കറ്റുകള്‍ മുഖേന പ്രതിദിനം രണ്ട് ടണ്‍ പഴം പച്ചക്കറികള്‍ സംഭരിച്ചു വിതരണം നടത്തുന്നുണ്ട്.
പൈനാപ്പിള്‍ സംഭരണവും വിതരണവും
ബളാല്‍ പഞ്ചായത്തിലെ സജു എന്ന കര്‍ഷകന്‍ 30 ടണ്‍ പൈനാപ്പിള്‍ വിറ്റഴിക്കാന്‍ ഉണ്ടെന്ന് അറിയിച്ചതനുസരിച്ച് ഈ പ്രശ്നം പരിഹരിക്കുന്നതിനായി പല വഴികളും ആലോചിച്ചെങ്കിലും നടക്കാതെ വന്ന സാഹചര്യത്തില്‍ ജില്ലയിലെ പഴം-പച്ചക്കറി മൊത്ത വ്യാപാരികളുടെ മുമ്പില്‍ പ്രശ്നം അവതരിപ്പിക്കുകയും അവരുടെ ഒരു വാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കുകയും വ്യാപാരികള്‍ മുഖേന വില്‍പന ആരംഭിക്കുകയും ചെയ്തു.
പച്ചക്കറി വിത്ത്, തൈ വിതരണം
ലോക്ക് ഡൗണ്‍ കാലത്ത് ഹരിത മുറ്റം ഒരുക്കുന്നതിനായി ‘ ജീവനി-നമ്മുടെ കൃഷി നമ്മുടെ ആരോഗ്യം’ പദ്ധതി പ്രകാരം 32716 വിത്ത് പാക്കറ്റുകള്‍, ഒമ്പത് ലക്ഷം പച്ചക്കറി തൈകള്‍, 35140 ദീര്‍ഘകാല പച്ചക്കറി തൈകള്‍ എന്നിവയാണ് ജില്ലയില്‍ വിതരണത്തിനായി ഒരുക്കിയിട്ടുള്ളത്. ഇതില്‍ 21847 പച്ചക്കറി വിത്ത് പാക്കറ്റുകള്‍, 210000 പച്ചക്കറി തൈകള്‍, 7585 ദീര്‍ഘകാല പച്ചക്കറി തൈകള്‍( മുരിങ്ങ, പപ്പായ കറിവേപ്പില) എന്നിവയുടെ വിതരണം പൂര്‍ത്തിയായി.
കമ്മ്യൂണിറ്റി കിച്ചണുകളില്‍ കൃഷിവകുപ്പിന്റെ ഇടപെടല്‍
കമ്മ്യൂണിറ്റി കിച്ചനുകളുടെ പ്രവര്‍ത്തനത്തില്‍ കൃഷിവകുപ്പ് സജീവമായ ഇടപെടല്‍ നടത്തിയിട്ടുണ്ട്. കിച്ചണിലേക്ക് ആവശ്യമായ തേങ്ങ, നാടന്‍ പച്ചക്കറികള്‍ എന്നിവ കര്‍ഷകരില്‍ നിന്നും സംഭരിച്ച് നല്‍കി. ഇതില്‍ 80 ശതമാനവും സൗജന്യമായാണ് നല്‍കിയത്.
വരുംദിവസങ്ങളില്‍ ഒന്നാംവിള നെല്‍ കൃഷിക്ക് ആവശ്യമായ നെല്‍വിത്ത് എത്തിച്ചുകൊടുക്കുക എന്നതാണ് ഏറ്റവും പ്രാധാന്യത്തോടു കൂടി ചെയ്യേണ്ടത്. ഇതിനായുള്ള നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു. ജില്ലയിലെ 8942 കര്‍ഷകര്‍ക്കായി ഒക്ടോബര്‍ നവംബര്‍ മാസങ്ങളിലെ പെന്‍ഷന്‍ തുകയായ 21460800 രൂപ വിതരണം ചെയ്തു . കര്‍ഷകര്‍ക്ക് ഡിസംബര്‍ മുതല്‍ ഏപ്രില്‍ വരെയുള്ള പെന്‍ഷന്‍ തുക ഉടനെ തന്നെ വിതരണം ചെയ്യുന്നതാണ്. കോവിഡ്19 ദുരന്തനിവാരണ വുമായി ബന്ധപ്പെട്ട് സാധ്യമായ എല്ലാ പ്രവര്‍ത്തനങ്ങളും ജില്ലയില്‍ കൃഷിവകുപ്പ് നടത്തി വരുന്നുണ്ടെന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ കെ.സജിനിമോള്‍ പറഞ്ഞു.