തിരുവനന്തപുരം :കോവിഡ് – 19 പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവമായ പങ്കാളിത്തമാണ് ജില്ലാ ശുചിത്വ മിഷൻ’ നടത്തുന്നത്. ഇതിന്റെ ഭാഗമായി ശ്രീകാര്യം മാർ ഡയോസ്കോറസ് കോളേജ് ഓഫ് ഫാർമസിയുടെ സഹായത്തോടെ 350 ലിറ്റർ ഹാന്റ് സാനിറ്റൈസറുകൾ നിർമ്മിച്ച് പൊലീസ് സ്റ്റേഷനുകൾ, ദുരന്തനിവാരണ ടാസ്ക് ഫോഴ്സ് വോളന്റിയർമാർ എന്നിവർക്ക് വിതരണം ചെയ്തു.
പ്ലാസ്റ്റിക്ക് മാലിന്യം ഉണ്ടാകാതിരിക്കാൻ ക്ലീൻ കേരള കമ്പനിയുടെ സഹകരണത്തോടെ ബെവ്കോയയുടെ യൂസ്ഡ് ഗ്ലാസ് ലിക്കർ ബോട്ടിലുകളിലാണ് സാനിടൈസർ നിറച്ച് വിതരണം ചെയ്തത്. പുനരുപയോഗത്തിലൂടെ മാലിന്യം പരമാവതി കുറയ്ക്കാൻ ഇതിലൂടെ സാധിക്കും.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്ന കമ്മ്യൂണിറ്റി കിച്ചനിലെ ജൈവ – അജൈവ മാലിന്യങ്ങൾ ശുചിത്വമിഷന്റെ നേതൃത്വത്തിൽ തരം തിരിച്ച് ശേഖരിക്കുന്നു. ജൈവ മാലിന്യങ്ങൾ ഹരിത കർമ്മ സേനയുടെ സഹായത്തോടെ ഉറവിടത്തിൽ തന്നെ കമ്പോസ്റ്റുകളാക്കി മാറ്റും. അജൈവ മാലിന്യങ്ങൾ അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അണുവിമുക്തമാക്കിയ കളക്ഷൻ സെന്ററുകളിൽ എത്തിക്കും.
ജില്ലയിലെ പൊതു ഇടങ്ങളും വിവിധ ഹോട്ട് സ്പോട്ട് പ്രദേശങ്ങളും അണുവിമുക്തമാക്കാൻ സാങ്കേതിക സഹായം എത്തിക്കുന്നതും ശുചിത്വമിഷനാണ്. സാമൂഹ്യ മാധ്യമങ്ങളിലൂടെ ജാഗ്രത നിർദ്ദേശവും ബോധവത്കരണവും ശുചിത്വമിഷൻ നടത്തുന്നുണ്ട്. ജില്ലയിലെ പ്രവർത്തനങ്ങർ ഏകോപിപ്പിക്കാൻ ജില്ലാ കളക്ടർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, വിവിധ വകുപ്പിന്റെ ജില്ലാ മേധാവികൾ, പ്രധാനപ്പെട്ട ഉദ്യോഗസ്ഥർ, ആരോഗ്യ പ്രവർത്തക്കർ എന്നിവരെ ഉൾക്കൊള്ളിച്ച് ആരോഗ്യ ജാഗ്രത കോവിഡ് 19 എന്ന പേരിൽ വാട്സാപ്പ് ഗ്രൂപ്പും ആരംഭിച്ചു. ഇതിനു പുറമെ ബ്ലോക്ക് – ഗ്രാമ പഞ്ചായത്ത് തലങ്ങളിലും പഞ്ചായത്ത് അംഗങ്ങൾ, ഉദ്യോഗസ്ഥർ എന്നിവരെ ഉൾപ്പെടുത്തിയും ഗ്രൂപ്പുകൾ ആരംഭിച്ചിട്ടുണ്ട്. ഇതിലൂടെ താഴെ തട്ട് വരെ വിവരങ്ങളും നിർദ്ദേശങ്ങളും അറിയിപ്പുകളും എത്തിക്കാനും കാര്യക്ഷമമായി പ്രവർത്തിക്കാനും ശുചിത്വമിഷനു കഴിയുന്നുണ്ട്.