കോവിഡ് മരണപ്പട്ടിക സമഗ്രമായി പുതുക്കും: മന്ത്രി വീണാ ജോർജ്

9

കോവിഡ് മരണ പട്ടിക സമഗ്രമായി പുതുക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. കേന്ദ്രത്തിന്റെ പുതിയ മാർഗരേഖയനുസരിച്ചാണ് സംസ്ഥാനവും മാർഗരേഖ പുതുക്കുന്നത്. അതിനുള്ള നടപടികൾ പുരോഗമി ക്കുകയാണ്. ഏതാനും ദിവസങ്ങൾക്കകം മാർഗരേഖയ്ക്ക് അന്തിമ രൂപമാകും. നെഗറ്റീവായാലും 30 ദിവസത്തിനുള്ളിലെ മരണം കോവിഡ് മരണമാണെന്നതുൾപ്പെടെയുള്ള കാര്യങ്ങൾ ഉൾപ്പെടുത്തിയാകും പുതിയ മാർഗരേഖ. ഇതുസംബന്ധിച്ച് സമഗ്രമായ ലിസ്റ്റ് പ്രസിദ്ധീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. മെഡിക്കൽ കോളേജിലെ പുതിയ ഐ.സി.യുകൾ മന്ത്രി സന്ദർശിച്ചു.

കോവിഡ് മരണവുമായി ബന്ധപ്പെട്ട് ആരോഗ്യ വകുപ്പ് അന്വേഷണം നടത്തുകയും അത് പരിഹരിക്കാനുള്ള നടപടികളുമായി മുന്നോട്ട് പോകുകയുമാണ്. ഇതോടൊപ്പം പരാതികൾ പരിഹരിക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്. അർഹരായവർക്കെല്ലാം ആനുകൂല്യം ലഭിക്കണമെന്ന് തന്നെയാണ് സർക്കാരിന്റെ തീരുമാനം.
മെഡിക്കൽ കോളേജിൽ രണ്ടാഴ്ചത്തേയ്ക്കുള്ള സ്റ്റെൻഡ് ലഭ്യമാണ്. കൂടുതൽ സ്റ്റെൻഡ് എത്തിക്കാനുള്ള നടപടി സ്വീകരിക്കും.

കോവിഡ് രോഗികളുടെ എണ്ണത്തിൽ കുറവുണ്ടാകും എന്നാണ് കരുതുന്നത്. നമ്മുടെ സാമൂഹിക ഇടപെടലുകൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചിരിക്കണം. മാസ്‌ക് ശരിയായി ധരിക്കണം. സാമൂഹിക അകലം പാലിക്കണം. സാമൂഹിക കൂടിച്ചേരലുകൾ ഒഴിവാക്കണം. ഇപ്പോഴത്തെ സാഹചര്യത്തിൽ സംസ്ഥാനത്ത് 90 ശതമാനത്തിലധികം പേർ ആദ്യഡോസ് വാക്സിൻ എടുത്തിട്ടുണ്ട്. ഒരു കോടിയിലധികം ആളുകൾ സമ്പൂർണ വാക്സിനേഷന് വിധേയമായി.

കോവിഡ് മൂന്നാം തരംഗം മുന്നിൽ കണ്ടാണ് മെഡിക്കൽ കോളേജിൽ രണ്ട് ഐ.സി.യുകൾ സജ്ജമാക്കിയത്. അത്യാധുനിക 100 ഐ.സി.യു. കിടക്കകളാണ് ഒരുക്കിയത്. 5.5 കോടി രൂപ ചെലവഴിച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിലെ 7, 8 വാർഡുകൾ നവീകരിച്ചാണ് അത്യാധുനിക ഐ.സി.യു. സംവിധാനം സജ്ജമാക്കിയത്. ഈ ഐ.സി.യു.കൾക്കായി ആദ്യഘട്ടത്തിൽ 17 വെന്റിലേറ്ററുകളാണ് സ്ഥാപിച്ചത്. ബാക്കിയുള്ള വെന്റിലേറ്ററുകൾ ഉടൻ സ്ഥാപിക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

NO COMMENTS