സംസ്ഥാനത്ത് കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ സർക്കാരിന്റെ ടെലി മെഡിസിൻ സംവിധാനമായ ഇ-സഞ്ജീവനി സേവനങ്ങൾ കൂടുതൽ സ്‌പെഷ്യാലിറ്റി ഡോക്ടർമാരുടെ സേവനങ്ങൾ ഉൾപെടുത്തി ശക്തിപ്പെടുത്തി യതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. തിരുവനന്തപുരം ശ്രീ ചിത്ര ഇൻസ്റ്റിറ്റ്യൂട്ടിന്റെ ശിശു ഹൃദ്രോഗ വിഭാഗം ഒപിയും, ചൈൽഡ് ഡവലപ്‌മെന്റ് സെന്ററിന്റെ (സി.ഡി.സി) സ്‌പെഷ്യാലിറ്റി ഒ.പി.യുമാണ് പുതുതായി ആരംഭിക്കുന്നത്.
എല്ലാ ചൊവ്വാഴ്ചകളിലും ഉച്ചയ്ക്ക് രണ്ടു മുതൽ നാലു വരെയുള്ള ശ്രീ ചിത്രയുടെ ഒപിയിലൂടെ 20 ഓളം സേവനങ്ങൾ ലഭ്യമാകും. നിരന്തരമായ ജനങ്ങളുടെ ആവശ്യം കണക്കിലെടുത്താണ് സി.ഡി.സി.യുടെ ഒ.പി. തുടങ്ങുന്നത്. ഇതുവഴി കോവിഡ് വ്യാപന സമയത്ത് സി.ഡി.സി.യിലേക്കുള്ള സന്ദർശനം ഒഴിവാക്കി കുട്ടികൾക്ക് വീട്ടിൽ ഇരുന്ന് സേവനങ്ങൾ ഉപയോഗിക്കാൻ കഴിയുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.
കോവിഡ് കാലത്ത് പരമാവധി ആശുപത്രി സന്ദർശനം ഒഴിവാക്കി വീട്ടിൽ ഇരുന്നുകൊണ്ടുതന്നെ ചികിത്സ തേടാൻ ഇ സഞ്ജീവനിയിലൂടെ കഴിയും. 4365 ഡോക്ടർമാരാണ് സേവനം നൽകുന്നത്. സാധാരണ ഒപിക്ക് പുറമേ എല്ലാ ദിവസവും സ്‌പെഷ്യാലിറ്റി ഡോക്ടർമാരുടെ സേവനവും ഉറപ്പ് വരുത്തിയിട്ടുണ്ട്. സ്‌പെഷ്യാലിറ്റി, സൂപ്പർ സ്‌പെഷ്യാലിറ്റി സേവനങ്ങൾ ഉൾപ്പടെ 47ൽ പരം വിവിധ ഒ.പി. സേവനങ്ങളാണ് നൽകുന്നത്.
സ്‌പെഷ്യാലിറ്റി സേവനങ്ങൾ ഉറപ്പാക്കാൻ ഒരു ദിവസം രണ്ട് ജില്ലകളിലെ സ്‌പെഷ്യാലിറ്റി ഡോക്ടർമാരും കൂടാതെ ഡി.എം.ഇ യുടെ കീഴിലുള്ള എല്ലാ മെഡിക്കൽ കോളേജുകളിൽ നിന്നുമുള്ള ഡോക്ടർമാരുടെയും സേവനം ഉറപ്പാക്കിയിട്ടുണ്ട്. ഗൃഹ സന്ദർശനം നടത്തുന്ന പാലിയേറ്റീവ് കെയർ സ്റ്റാഫ്, ആശവർക്കർമാർ, സ്റ്റാഫ് നഴ്‌സുമാർ, ജെ.എച്ച്.ഐ, ജെ.പി.എച്ച്.എൻ. എന്നിവർക്കും ഇ സഞ്ജീവനി വഴി ഡോക്ടർമാരുടെ സേവനം തേടാം.കോവിഡ് വ്യാപനം കുറഞ്ഞതിനെ തുടർന്ന് ആശുപത്രിയിൽ നേരിട്ട് പോയി തുടർചികിത്സ നടത്തുന്നവരും ടെലി മെഡിസിൻ സേവനം ഉപയോഗിക്കാം.
കോവിഡ് ഒ.പി എല്ലാ ദിവസവും 24 മണിക്കൂറും ലഭ്യമാണ്. എല്ലാ ദിവസവും രാവിലെ 8 മണി മുതൽ രാത്രി 8 മണിവരെയാണ് ജനറൽ ഒപി പ്രവർത്തിക്കുന്നത്. ഏത് വിധത്തിലുള്ള അസുഖങ്ങൾക്കും ചികിത്സ സംബന്ധമായ സംശയങ്ങൾക്കും സേവനം തേടാം. ഇതുവരെ 2.45 ലക്ഷം പേരാണ് ഇ സഞ്ജീവനി സേവനം ഉപയോഗിച്ചത്.
കോവിഡ് കാലത്ത് ഓൺലൈനിലൂടെ വലിയ സേവനം നൽകുന്ന ഇ സഞ്ജീവനിയിലെ ഡോക്ടർമാർക്കെതിരെ മോശമായി പെരുമാറുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഓൺലൈനായി സേവനം ഉപയോഗപ്പെടുത്താൻ https://esanjeevaniopd.in എന്ന വെബ് സൈറ്റ് വഴിയോ https://play.google.com/store/apps/details?id=in.hied.esanjeevaniopd&hl=en_US എന്ന ആപ്ലിക്കേഷൻ വഴിയോ ബന്ധപ്പെടാം.
esanjeevaniopd.in എന്ന വെബ് സൈറ്റിൽ പ്രവേശിച്ച് ആ വ്യക്തി ഉപയോഗിക്കുന്ന മൊബൈൽ നമ്പർ ഉപയോഗിച്ച് രജിസ്റ്റർ ചെയ്യുക. തുടർന്ന് ലഭിക്കുന്ന ഒടിപി നമ്പർ ഉപയോഗിച്ച് ലോഗിൻ ചെയ്ത ശേഷം പേഷ്യന്റ് ക്യൂവിൽ പ്രവേശിക്കാം.
വീഡിയോ കോൺഫറൻസ് വഴി ഡോക്ടറോട് നേരിട്ട് രോഗ വിവരത്തെപ്പറ്റി സംസാരിക്കാം. ഓൺലൈൻ കൺസൾട്ടേഷന് ശേഷം മരുന്ന് കുറിപ്പടി ഉടൻ തന്നെ ഡൗൺലോഡ് ചെയ്ത് മരുന്നുകൾ വാങ്ങാനും പരിശോധനകൾ നടത്താനും തുടർന്നും സേവനം തേടാനും സാധിക്കും. സംശയങ്ങൾക്ക് ദിശ 104, 1056, 0471 2552056.