കാസര്‍കോട് ജില്ലയിലെ മുഴുവന്‍ സര്‍ക്കാര്‍ ജീവനക്കാരും അവരുടെ കുടുംബാംഗങ്ങളും കോവിഡ് 19 വ്യാപനം തടയുന്നതിന് പൊതു ചടങ്ങുകളിലും സ്വകാര്യ ചടങ്ങുകളിലും അടുത്ത 14 ദിവസം പങ്കെടുക്കില്ലെന്ന് പ്രതിജ്ഞ യെടുത്തു. തനിക്കോ, താന്‍ മൂലം മറ്റാരാള്‍ക്കോ കോവിഡ് ബാധിക്കാതിരിക്കാന്‍ സ്വയം സുരക്ഷ ഒരുക്കുന്നതിനായി സ്വകാര്യ പൊതുചടങ്ങുകളില്‍ നിന്ന് താനും തന്റെ കുടുംബാംഗങ്ങളും വിട്ടു നില്‍ക്കുമെന്നാണ് പ്രതിജ്ഞ. ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും ഓരോ ജീവനക്കാരും അപരിചിതരില്‍ നിന്നും കോവിഡ്രോഗ വ്യാപന സാധ്യത യുള്ള മേഖലകളില്‍ നിന്നും വരുന്നവരില്‍ നിന്നും രണ്ട് മീറ്റര്‍ ശാരീരിക അകലം പാലിക്കുകയും ചെയ്യും. ഇങ്ങനെ സര്‍ക്കാര്‍ ജീവനക്കാര്‍ പ്രതിജ്ഞ എടുത്ത്, പ്രാവര്‍ത്തികമാക്കി പൊതുജനങ്ങള്‍ക്ക് മുന്നില്‍ മാതൃക സൃഷ്ടിക്കുകയാണ് ലക്ഷ്യം.
കാഞ്ഞങ്ങാട് മിനി സിവില്‍ സ്റ്റേഷനില്‍ നടന്ന ചടങ്ങില്‍ ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബുവും കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ എ ഡി എം എന്‍ ദേവിദാസും ജീവനക്കാര്‍ക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജില്ലയിലെ വിവിധ വകുപ്പുതല ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. ചിറ്റാരിക്കാല്‍ ബിആര്‍സി യില്‍ നടന്ന ചടങ്ങില്‍ ബി ആര്‍ സി ട്രെയിനര്‍ ജെസ് ജോസഫ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
കാസര്‍കോട് താലൂക്ക് ഓഫീസില്‍ നടന്ന ചടങ്ങില്‍ തഹസില്‍ദാര്‍ എ വി രാജന്‍ പ്രതിജ്ഞ ചൊല്ലികൊടുത്തു.എല്‍ ആര്‍ തഹസില്‍ദാര്‍ ആര്‍ കെ സുനില്‍,ഹെഡ്ക്വാട്ടേഴ്‌സ് ഡെപ്യൂട്ടി തഹസില്‍ദാര്‍ സുരേഷ് ബാബു എന്നിവര്‍ നേതൃത്വം നല്‍കി.താലൂക്ക് പരിധിയിലുള്ള മുഴുവന്‍ വില്ലേജ് ഓഫീസിലും വില്ലേജ് ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ പ്രതിജ്ഞ ചൊല്ലികൊടുത്തു. പരപ്പ ബ്ലോക്ക് ഓഫീസില്‍ നടന്ന ചടങ്ങില്‍ ബി ഡി ഒ എസ് രാജ ലക്ഷ്മിയും നീലേശ്വരം ബ്ലോക്ക് ഓഫീസില്‍ നടന്ന ചടങ്ങില്‍ ബി ഡി ഒ ചന്ദ്രമോഹനനും പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തില്‍ നടന്ന ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. ഗൗരി പ്രതിഞ്ജ ചൊല്ലി കൊടുത്തു. ബ്ലോക്ക് പഞ്ചായത്തിലെയും ഘടക സ്ഥാപനങ്ങളിലേതുമായി 13 ജീവനക്കാര്‍ പ്രതിഞ്ജ ഏറ്റു ചൊല്ലി. കാറഡുക്ക ബ്ലോക്ക് പഞ്ചായത്തില്‍ രാവിലെ 10.30ന് ബി.ഡി.ഒ എസ്.കെ ഷാജി പ്രതിഞ്ജ ചൊല്ലി കൊടുത്തു. ബ്ലോക്ക് പഞ്ചായത്തിലേയും ഘടക സ്ഥാപനങ്ങളിലേതുമായി 20 ജീവനക്കാര്‍ പ്രതിഞ്ജ ഏറ്റുചൊല്ലി.