കാസറഗോഡ് :കോവിഡ്-19 രോഗപ്രതിരോധ ത്തിന് സഹായിക്കുന്ന പ്രത്യേക തരം ചവിട്ടി വികസിപ്പിച്ചെടു ത്തിരിക്കുകയാണ് കയര്‍ കോര്‍പ്പറേഷന്‍. കൈകള്‍ കഴുകി വൃത്തിയാക്കു ന്നതിനൊപ്പം കാലുകള്‍ വൃത്തിയായി സൂക്ഷിക്കേണ്ടതിനും കൊറോ ണ വൈറസ് ബാധ ഏല്‍ക്കാതിരിക്കുന്നതില്‍ ഏറെ പ്രധാന്യമുണ്ടെന്ന് തിരിച്ചറിഞ്ഞ തോടെയാണ് സാനി മാറ്റ് എന്ന പേരിലുള്ള ഈ ഉത്പന്നത്തിന്റെ നിര്‍മ്മാണത്തിലേക്ക് കയര്‍ കോര്‍പ്പറേഷന്‍ എത്തിയത്.
കൈകളെപ്പോലെ തന്നെ കാലുകളും കീടാണുക്കളെ വഹിക്കുന്നു. ഇതിനുള്ള പരിഹാരമെന്ന നിലയിലാണ് സാനിമാറ്റുകള്‍ ഉത്പാദിപ്പിച്ചത്.
സുരക്ഷിതമാണ് സാനിമാറ്റ്
കയര്‍,ചകിരികൊണ്ടുള്ള മാറ്റുകള്‍ അണുനാശിനി വെള്ളമുള്ള ഒരു ട്രേയില്‍ ഇട്ടുകൊണ്ടാണ് സാനി മാറ്റായി ഉപയോഗിക്കുന്നത്. കയര്‍ ഉത്പന്നങ്ങള്‍ എത്രനാള്‍ വെള്ളത്തില്‍ കിടന്നാലും പ്രശ്‌നമുണ്ടാകില്ല. മാറ്റില്‍ ചവിട്ടുമ്പോള്‍ അണുനാശിനിയില്‍ കാലുകള്‍ നനയുന്നു. പിന്നീട് ഉണങ്ങിയ മാറ്റില്‍ തുടച്ചതിന് ശേഷം അകത്തേക്ക് പ്രവേശിക്കാം.
ശ്രീ ചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്‌നോളജിയും നാഷണല്‍ കയര്‍ റിസര്‍ച്ച് ആന്‍ഡ് മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടും സര്‍ട്ടിഫൈ ചെയ്ത ഉത്പന്നമാണിത്. മാറ്റും ട്രേയും അണുനാശിനിയും ഒരുമിച്ചാണ് ലഭിക്കുക. വിവിധ നിറങ്ങളിലും ഡിസൈനുകളിലും ഈ മാറ്റുകള്‍ ലഭിക്കുന്നു. മാറ്റും ട്രേയും അണുനാശിനിയും മാത്രമോയോ ഇതിനൊപ്പം ഒരു ഉണങ്ങിയ മാറ്റും കൂടിയോ അതുമല്ലെങ്കില്‍ രണ്ടറകളായി തിരിച്ചിരിക്കുന്ന ഒരു ട്രേയും അതില്‍ ഇരട്ട മാറ്റുകളുള്ള രീതിയിലോ സാനി മാറ്റുകള്‍ ലഭിക്കും. രണ്ടറകളില്‍ ഒന്നില്‍ മാത്രം അണുനാശിനി ഉപയോഗിക്കുന്നു, ശേഷിച്ച മാറ്റ് ഉണങ്ങിക്കിടക്കും. അണുനാശിനി ഇടക്കിടെ മാറ്റിക്കൊടുക്കണം. തീര്‍ത്തും പ്രകൃതി സൗഹൃദമായ ഉത്പന്നമാണിത്.
വിപണനം കുടുംബശ്രീയിലൂടെ
വിപണിയില്‍ ഏറെ ആവശ്യക്കാരുണ്ടാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ഈ മാറ്റുകളുടെ വിപണനത്തിനുള്ള അവസരം കുടുംബശ്രീയ്ക്കാണ്. ഇതിനായി മൂന്ന് പേരടങ്ങുന്ന പ്രത്യേക ടീമുകളെ രൂപീകരിക്കും. വീടുകളിലും സ്‌കൂളുകളിലും ഓഫീസ്, ഷോപ്പിങ് മാളുകള്‍, ബാങ്കുകള്‍, ആശുപത്രികള്‍ എന്നിവിടങ്ങളിലെല്ലാം സാനി മാറ്റുകള്‍ ഉപയോഗിച്ച് കാല്‍ പാദങ്ങള്‍ അണുമുക്തമാക്കാം. 859 രൂപ മുതല്‍ 4499 രൂപവരെയുള്ള വിവിധ ഡിസൈനുകളിലുള്ള മാറ്റുകളാണ് കയര്‍ കോര്‍പ്പറേഷന്‍ ഒരുക്കിയിരിക്കുന്നത്.
ജില്ലയില്‍ കുംബശ്രീ സി ഡി എസ്, കുടുംബശ്രീയുമായി സഹകരിക്കുന്ന ബാങ്കുകള്‍, ഹോം ഷോപ്പുകള്‍ എന്നിവ വഴി ഓര്‍ഡറുകള്‍ സ്വീകരിച്ചു വരികയാണ്. അടുത്ത ആഴ്ചയോടെ സാനി മാറ്റുകള്‍ വിതരണത്തിനെത്തുമെന്ന് കുടുംബശ്രീ ജില്ലാ കോ- ഓഡിനേറ്റര്‍ ടി.ടി. സുരേന്ദ്രന്‍ പറഞ്ഞു.