തിരുവനന്തപുരം: ഈ മാസം 24 വരെ ഗള്‍ഫില്‍ നിന്നെത്തുന്ന പ്രവാസികള്‍ക്ക് കൊവിഡ് പരിശോധന വേണ്ടായെന്ന് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു . നാളെ മുതലാണ് കൊവിഡ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിരുന്നത്. ഇത് 25 മുതല്‍ നിര്‍ബന്ധമാക്കിയാല്‍ മതി. 25നകം ട്രൂനാറ്റ് പരിശോധന യ്ക്കുള്ള സൗകര്യം അഞ്ച് ദിവസം കൊണ്ട് എല്ലാ എംബസികളിലും ഒരുക്കാനാണ് സര്‍ക്കാര്‍ ശ്രമം. ഈ സാഹചര്യത്തിലാണ് തീയതി നീട്ടിയത്.
കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ സര്‍ക്കാര്‍ നടപടിയെ ചോദ്യം ചെയ്ത് മുതിര്‍ന്ന മാദ്ധ്യമ പ്രവര്‍ത്തകന്‍ സമര്‍പ്പിച്ച ഹര്‍ജിയിന്മേലാണ് സുപ്രീം കോടതി നിലപാട് വ്യക്തമാക്കിയത്. ജസ്റ്റിസ് അശോക് ഭൂഷന്റെ അദ്ധ്യക്ഷതയിലുള്ള ബെഞ്ചാണ് കോടതി നിലപാട് അറിയിച്ചത്.
അതേസമയം, കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കാനുള്ള സര്‍ക്കാര്‍ തീരുമാനം സംബന്ധിച്ച് ഹൈക്കോടതി കേന്ദ്രസര്‍ക്കാരിന്റെ നിലപാട് തേടി. വന്ദേഭാരത് മിഷനില്‍ വരുന്ന പ്രവാസികള്‍ക്ക് നെഗറ്റീവ് റിസര്‍ട്ട് നിര്‍ബന്ധമാണോ എന്ന് കേന്ദ്രം അറിയിക്കണമെന്നാണ് കോടതി പറഞ്ഞിരിക്കുന്നത്. ഇതു സംബന്ധിച്ച ഹര്‍ജി ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും.
പ്രവാസികള്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ സംസ്ഥാന സര്‍ക്കാര്‍ നടപടിയില്‍ ഇടപെടാനാവില്ലെന്ന് വ്യക്തമാക്കി സുപ്രീം കോടതി. വിഷയത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളെ സമീപിക്കാന്‍ പറഞ്ഞ കോടതി സംസ്ഥാന സര്‍ക്കാരിന്റെ നയത്തില്‍ തങ്ങള്‍ ഇടപെടുന്നില്ലെന്നും പറഞ്ഞു.
ഗള്‍ഫില്‍ നിന്ന് കേരളത്തിലേക്ക് മടങ്ങുന്ന പ്രവാസികള്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ തീരുമാനത്തിലാണ് കേരള സർക്കാർ അയവു വരുത്തിയത്