കോവിഡ് വാക്‌സിനേഷന്‍: ജില്ല ഒരുങ്ങി

17

കാസറകോട് : കോവിഡ് വാക്‌സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ വിജയകരമായി സംഘടിപ്പിക്കുന്നതിന് ജില്ലയില്‍ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ വി. രാംദാസ് അറിയിച്ചു.കോഴിക്കോട് റീജ്യണല്‍ വാക്‌സിന്‍ സ്റ്റോറില്‍ നിന്നും ലഭിച്ച വാക്‌സിന്‍ ജില്ലയിലെ ഓമ്പത് വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലും എത്തിച്ചു. അതോടൊപ്പം വാക്‌സിനേഷന്‍ നടത്തുന്നതിനാവശ്യമായ സിറിഞ്ചുകളും വാക്‌സിന്‍ ക്യാരിയറുകളും ഐസ് പാക്കുകളും വാക്‌സിന്‍ കേന്ദ്രങ്ങളില്‍ ലഭ്യമാക്കിയിട്ടുണ്ട്.

എല്ലാ കേന്ദ്രങ്ങളിലും നിര്‍ദ്ദേശിക്കപ്പെട്ട രീതിയില്‍ കാത്തിരിപ്പ് മുറി, വാക്‌സിനേഷന്‍ മുറി, നീരിക്ഷണ മുറി എന്നിവ സജ്ജമാക്കിയിട്ടുണ്ട് .’കോവിന്‍ ‘ ആപ്പ് ഉപയോഗിച്ചാണ് വാക്‌സിനേഷനെത്തുന്നവരുടെ രജിസ്‌ട്രേഷന്‍ നടത്തുന്നത്. ഇതിനായി എല്ലാ കേന്ദ്രങ്ങളിലും ഹൈ സ്പീഡ് ഇന്റര്‍നെറ്റ് കണക്ടിവിറ്റി ഉറപ്പ് വരുത്തിയിട്ടുണ്ട്. വാക്‌സിനേഷനനെത്തേണ്ടവര്‍ക്കുള്ള അറിയിപ്പ് മൊബെല്‍ സന്ദേശം വഴി ലഭിക്കുന്നതാണ്. സന്ദേശം ലഭിച്ചവര്‍ നിര്‍ദ്ദേശിക്കപ്പെട്ട വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ ആധാര്‍ കാര്‍ഡുമായി എത്തുകയും വാക്‌സിന്‍ സ്വീകരിക്കുകയും ചെയ്യണം.

കോവിഡ് വാക്‌സിനേഷന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാശുപത്രി കാഞ്ഞങ്ങാട് നടക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍, കാഞ്ഞങ്ങാട് നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.വി. സുജാത എന്നിവര്‍ സന്നിഹിതരാവും. എല്ലാ വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലും അതത് പ്രദേശത്തെ ജനപ്രതിനിധികളെ പങ്കെടുപ്പിച്ച് ഉദ്ഘാടനം നടത്തുമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

NO COMMENTS