കാസറഗോഡ് : സർക്കാർ പ്രഖ്യാപിച്ച കോവിഡ് നിയന്ത്രണ മാർഗ്ഗ നിർദ്ദേശങ്ങൾ കർശനമായി ജില്ലയിൽ നടപ്പിലാക്കുന്നതിന് ജില്ലാതല കൊറോണ കോർ കമ്മറ്റിയോഗം തീരുമാനിച്ചു. ജില്ലാ കളക്ടർ ഡോ.ഡി സജിത് ബാബു അധ്യക്ഷത വഹിച്ച ഓൺലൈൻ യോഗത്തിൽ ജില്ലയിൽ ആരോഗ്യ ബ്ലോക്കുകളുടെ അടിസ്ഥാനത്തിൽ സി.എഫ്.എൽ.ടി.സികൾ ആരംഭിക്കാൻ തീരുമാനമായി. പ്രധാന വ്യാപാര കേന്ദ്രങ്ങളിൽ പ്രവേശനത്തിനുള്ള നിയന്ത്രണം ഏപ്രിൽ 24 ന് ആരംഭിക്കും. അന്തിമ തീരുമാനം 23 ന് വൈകീട്ട് ചേരുന്ന ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗം എടുക്കും.
എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ പരിധിയിൽ ഡൊമിസിലറി കെയർ സെന്ററുകൾ ആരംഭിക്കും. ഇവിടെ 25 ബെഡുകൾ വരെ ക്രമീകരിക്കും. ഇവിടെ ചികിത്സാ സംവിധാനങ്ങൾ ഒരുക്കും. കോവിഡ് ബാധിതരായ വീടുകളിൽ സൗകര്യമില്ലാത്തവർക്കും ഈ സൗകര്യം ഉപയോഗപ്പെടുത്താം. തദ്ദേശ സ്ഥാപനങ്ങൾ മേൽനോട്ടം വഹിക്കും. ബ്ലോക്ക് തലത്തിൽ കൺട്രോൾ സെല്ലുകൾ പ്രവർത്തനം തുടങ്ങിയതായി ഡി.എം.ഒ (ആരോഗ്യം) അറിയിച്ചു.
മെഡിക്കൽ ഓഫീസർ, ഹെൽത്ത് ഇൻസ്പെക്ടർ, അസിസ്റ്റന്റ് സർജൻ എന്നിവരുടെ മേൽനോട്ടത്തിലാണ് ബ്ലോക്ക് തലത്തിൽ കൺട്രോൾ സെല്ലുകൾ പ്രവർത്തിക്കുക. ദിനംപ്രതി രോഗികളുമായി ടെലിഫോണിൽ ബന്ധപ്പെടാൻ ഡാറ്റ എൻട്രി ഓപ്പറേറ്റർ, സർക്കാർ ജീവനക്കാരുടേയോ അധ്യാപകരുടേയോ സേവനം ലഭ്യമാക്കും.
കോവിഡ് പരിശോധന കൂട്ടും
കോവിഡ് പരിശോധന കൂട്ടണമെന്ന് യോഗം തീരുമാനിച്ചു. കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ 45 വയസ്സിൽ കൂടുതൽ പ്രായമുള്ളവർക്കിടയിൽ വാക്സിനേഷൻ ഊർജ്ജിതമാക്കാനും സെക്ടറൽ മജിസ്ട്രേറ്റുമാരുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കാനും ജില്ലാ കളക്ടർ നിർദ്ദേശം നൽകി. മൊബൈൽ പരിശോധന യൂണിറ്റിന്റെ പ്രവർത്തനം ശക്തമാക്കാനും തീരുമാനിച്ചു.
ഡ്രൈവിങ് ടെസ്റ്റ് 14 ദിവസത്തേക്ക് നിർത്തി വെക്കും
ജില്ലയിലെ കോവിഡ് സാഹചര്യത്തിൽ ഡ്രൈവിങ് ടെസ്റ്റ് താൽക്കാലികമായി 14 ദിവസത്തേക്ക് മോട്ടോർ വാഹന വകുപ്പ് നിർത്തി വെക്കും. ജില്ലാ തല കൊറോണ കോർ കമ്മറ്റിയാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്.
ഒരോ ആഴ്ചയിലും വീട്ടിലിരുന്ന് പ്രവർത്തിക്കേണ്ട ജീവനക്കാരുടെ വിവരങ്ങൾ എ.ഡി.എമ്മിന് കൈമാറേണ്ടതാണെന്നും യോഗം അറിയിച്ചു.
വാർഡ് തല ജാഗ്രതാ സമിതി പ്രവർത്തനം ഈർജ്ജിതമാക്കും
ജില്ലയിലെ കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ വാർഡ് തല ജാഗ്രതാ സമിതി പ്രവർത്തനം ഈർജ്ജിതമാക്കാനും മാഷ് പദ്ധതിയിലെ അധ്യാപകരുടെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാനും നിർദ്ദേശിച്ചു. 45ൽ കൂടുതൽ പ്രായമുള്ളവരിൽ വാക്സിനേഷൻ സ്വീകരിക്കാത്തവരെ കണ്ടത്താൻ മാഷ് പദ്ധതി അധ്യാപകർ പ്രവർത്തിക്കും.
അതിഥി തൊഴിലാളികൾക്ക് ജില്ലയിൽ തൊഴിലെടുക്കാൻ സൗകര്യം ഒരുക്കും
അതിഥി തൊഴിലാളികൾക്ക് ജില്ലയിൽ തൊഴിലെടുക്കാൻ സൗകര്യം ഒരുക്കും. ലേബർ ക്യാമ്പുകൾ സന്ദർശിച്ച് സർക്കാർ നിർദ്ദേശങ്ങൾ സംബന്ധിച്ച് വിവരങ്ങൾ അറിയിക്കാൻ ജില്ലാ ലേബർ ഓഫീസർക്ക് കൊറോണ കോർ കമ്മറ്റി നിർദ്ദേശം നൽകി.
കോവിഡ് സാഹചര്യം മുന്നിൽ കണ്ട് കൂടുതൽ ഭക്ഷ്യ കിറ്റുകൾ ഒരുക്കാൻ ജില്ലാ സപ്ലൈ ഓഫീസർക്ക് കൊറോണ കോർ കമ്മറ്റി നിർദ്ദേശം നൽകി.
കൺട്രോൾ റൂം പ്രവർത്തനം
കോവിഡ് 19 രോഗ വ്യാപനം തടയുന്നതിനും നിയന്ത്രിക്കുന്നതിനുമായി സർക്കാർ ഉത്തരവുകളുടേയും നിർദ്ദേശങ്ങളുടേയും അടിസ്ഥാനത്തിൽ ജില്ലയിൽ നടത്തി വരുന്ന പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾറൂം ആരംഭിച്ചു. കൺട്രോൾ റൂം നമ്പറുകൾ: 9496853441, 04994 -257700, 04944 -255280, 04994 -255001, 04994 -255002, 04994 -255003, 04994 -255004.
യോഗത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ജില്ലാ കളക്ടറെ സഹായിക്കാൻ സർക്കാർ നിയോഗിച്ച ഓഫീസർ ജാഫർ മാലിക്, ജില്ലാ പൊലീസ് മേധാവി പി.ബി രാജീവ്, എ.ഡി.എം അതുൽ.എസ്.നാഥ്, കൊറോണ കോർ കമ്മറ്റി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
പള്ളിക്കര ബീച്ച് അടക്കും
കാസർകോട് ജില്ലയിൽ കോവിഡ് ദിനം പ്രതി കൂടി വരുന്ന സാഹചര്യത്തിൽ പള്ളിക്കര ബീച്ചിൽ 14 ദിവസത്തേക്ക് സന്ദർശനം നിർത്തിവെക്കാൻ ജില്ലാതല കൊറോണ കോർ കമ്മറ്റി തീരുമാനിച്ചു. സന്ദർശകർ വർധിക്കുന്ന സാഹചര്യത്തിൽ ഉടൻ പള്ളിക്കര ബീച്ച് അടക്കേണ്ടതാണെന്ന് യോഗത്തിൽ ജില്ലാ കളക്ടർ ഡോ.ഡി സജിത് ബാബു പറഞ്ഞു.