കോഴിക്കോട് കടപ്പുറത്ത് പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ ധനസമാഹരണത്തിനായി സംഘടിപ്പിച്ച സംഗീതപരിപാടിക്കിടെ സംഘർഷം. എഴുപതോളം പേർക്ക് പരിക്ക്, സംഘർഷത്തിൽ പരിക്കേറ്റവരിൽ എട്ടു പോലീസുകാരും വിദ്യാർഥികളും നാട്ടുകാരും ഉൾപ്പെടുന്നു. വെള്ളിമാടുകുന്ന് ജെ.ഡി.ടി. ഇസ്ലാം കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ് സ്റ്റുഡൻസ് ഇനിഷ്യേറ്റീവ് ഫോർ പാലി യേറ്റീവ് കെയർ (എസ്.ഐ.പി.സി.) ആണ് ഞായറാഴ്ച വൈകീട്ട് കടപ്പുറത്ത് സംഗീതപരിപാടി സംഘടിപ്പിച്ചത്. പരിക്കേറ്റവർ ഗവ. ബീച്ച് ആശുപത്രി, ഗവ. മെഡിക്കൽ കോളേജ്, സ്വകാര്യ ആശുപത്രികൾ എന്നിവിടങ്ങളിൽ ചികിത്സതേടി.
പാലിയേറ്റീവ് ധനസമാഹരണത്തിനായി മൂന്നുദിവസങ്ങളായി 1555 ദി റെയിൻ ഫെസ്റ്റ് കടപ്പുറത്ത് നടക്കുന്നുണ്ട്. നാൽപ്പതോളം സ്റ്റാളു കളും സംഗീതം കലാപരി പാടികളും ഇവിടെ ഒരുക്കിയിരുന്നു. ഞായറാഴ്ച വൈകീട്ട് നടക്കുന്ന പ്രശസ്ത ബാന്റിന്റെ സംഗീതപരിപാടി ക്കായി നേരത്തേതന്നെ ഓൺലൈൻ വഴി ടിക്കറ്റ് വിൽപ്പന നടത്തിയിരുന്നു. കൂടാതെ പരിപാടി നടക്കുന്ന സ്ഥലത്തും ടിക്കറ്റ് വിൽപ്പനയുണ്ടായിരുന്നു അവധിദിവസമായതിനാൽ ബീച്ചിൽ കൂടുതൽപ്പേരെത്തിയതും അധിക ടിക്കറ്റുകൾ വിറ്റുപോയതും തിരക്ക് വർധിക്കാൻ ഇടയാക്കി.
ബീച്ചിന്റെ ഒരുഭാഗത്ത് പ്രത്യേകം കെട്ടിയുണ്ടാക്കിയ താത്കാലിക സ്റ്റേജിലാണ് സംഗീതപരിപാടി നടത്താൻ നിശ്ചയിച്ചിരുന്നത്. എന്നാൽ, ഇത്രയുമധികം ആളുകളെ ഉൾക്കൊള്ളാൻ വേദിക്ക് കഴിയാതെവന്നതാണ് സംഘർഷത്തിനിടയാക്കിയത്.