തെരുവോരങ്ങളിലുള്ളവര്‍ക്ക് തണലായി കോഴിക്കോട് ജില്ലാ ഭരണകൂടം

77

കോഴിക്കോട് ജില്ലയിലെ തെരുവുകളിലും വഴിയോരങ്ങളിലും അന്തിയുറങ്ങുന്ന അശരണരായ ആളുകള്‍ക്ക് തണലായി ജില്ലാ ഭരണകൂടം. കോവിഡിന്റെ പശ്ചാത്തലത്തില്‍ ഇത്തരം ആളുകളുടെ സംരക്ഷണം ഏറ്റെടുത്ത്
എല്ലാവര്‍ക്കും ഭക്ഷണം ലഭ്യമാക്കുന്നതിനുള്ള കാര്യക്ഷമമായ സംവിധാനമാണ് സാമൂഹ്യനീതി വകുപ്പിന്റേയും മറ്റും വകുപ്പുകളുടേയും ഏകോപനത്തില്‍ ജില്ലാ ഭരണകൂടം നടപ്പാക്കുന്നത്.

കോഴിക്കോട് റെയില്‍വേ സ്‌റ്റേഷന്‍ പരിസരം, ലിങ്ക് റോഡ്, പാളയം എന്നിവിടങ്ങളില്‍ അലയുന്ന 216 പേരെയാണ് ഇതിനകം സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിയത്. വൈദ്യപരിശോധനക്കുശേഷം കോഴിക്കോട് നഗരത്തിലുള്ള ഫിസിക്കല്‍ എജുക്കേഷന്‍ കോളേജ് ഹോസ്റ്റലിലും പട്ടികജാതി വകുപ്പ് പ്രീമെട്രിക് ഹോസ്റ്റലിലുമാണ് ഇവര്‍ക്കുള്ള താമസസൗകര്യം ഏര്‍പ്പാടാക്കിയത്.

വിവിധ സന്നദ്ധ സംഘടനകളുടെ സഹായത്തോടെ ഇന്നലെ (24/3) മുതൽ മുഴുവന്‍ പേര്‍ക്കും ഉച്ചഭക്ഷണവും രാത്രി ഭക്ഷണവും ലഭ്യമാക്കി. തുടര്‍ന്നുള്ള ദിവസങ്ങളിലും ഭക്ഷണം നല്‍കുന്നതിനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിവിധ സന്നദ്ധ സംഘടനകളെ ഏകോപിപ്പിച്ചു കൊണ്ടാണ് ഇപ്പോൾ പ്രവർത്തനങ്ങൾ നടത്തി വരുന്നത്. പൊതു അടുക്കള സജ്ജമാക്കിയിട്ടുണ്ട്. ഇവിടെ നിന്നും ഭക്ഷണം പാകം ചെയ്താണ് താമസ സ്ഥലങ്ങളിൽ എത്തിക്കുന്നത്.

തെരുവോരങ്ങളിൽ കഴിയുന്നവർക്ക് ഭക്ഷണവും സുരക്ഷിതത്വവും ഉറപ്പുവരുത്തുന്നതിന് ജില്ലാ സാമൂഹ്യ നീതി ഓഫീസർ ഷീബ മുംതാസ് നോഡൽ ഓഫീസറും ഐസിഡിഎസ് പ്രോഗ്രാം ഓഫീസർ പുഷ്പ അംഗവുമായി സംവിധാനം ഏര്‍പ്പെടുത്തി ജില്ലാ കലക്ടർ സാംബശിവ റാവു ഉത്തരവു നല്‍കിയതിനെ തുടര്‍ന്നാണ് പുനരധിവാസ നടപടികള്‍.

NO COMMENTS