കോഴിക്കോട് മെഡിക്കല്‍കോളേജില്‍ ആറുവയസുകാരിക്ക് ചികില്‍സ നിഷേധിച്ചു

162

കോഴിക്കോട് മെഡിക്കല്‍ കോളേജാശുപത്രിയില്‍ ആറു വയസുകാരിക്ക് ചികിത്സ നിഷേധിച്ചു. ചെവി വേദനയുമായി രാത്രി എത്തിയ കുട്ടിയെ രണ്ട് ദിവസം കഴിഞ്ഞ് വരാന്‍ പറഞ്ഞ് ഡോക്ടര്‍ മടക്കി അയക്കുകയായിരുന്നു.
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജാശുപത്രിയില്‍ ആറു വയസുകാരിക്ക് ചികിത്സ നിഷേധിച്ചു. ചെവി വേദനയുമായി രാത്രി എത്തിയ കുട്ടിയെ രണ്ട് ദിവസം കഴിഞ്ഞ് വരാന്‍ പറഞ്ഞ് ഡോക്ടര്‍ മടക്കി അയക്കുകയായിരുന്നു. തുടര്‍ന്ന് പിറ്റേദിവസം സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുഞ്ഞിന്റെ ചെവിയില്‍ നിന്ന് വണ്ടിനെ പുറത്തെടുത്തു.
വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നു മണിക്കാണ് കീര്‍ത്തനയെന്ന ആറ് വയസുകാരിയെ ചെവി വേദന കാരണം മെഡിക്കല്‍ കോളേജിലെ ഇ എന്‍ ടി വിഭാഗത്തിലെത്തിച്ചത്. എന്നാല്‍ രണ്ടു ദിവസം കഴിഞ്ഞു വരാനാണ് ഡോക്‌ടര്‍ പറഞ്ഞത്. ഡോക്ടര്‍മാരുടെ വാക്ക് വിശ്വസിച്ച് കുട്ടിയെയും കൊണ്ട് അച്ഛന്‍ സന്തോഷ് വീട്ടിലേക്ക് പോയി. പക്ഷെ ഉച്ചയോടെ സ്ഥിതി മാറി. കടുത്ത വേദനയില്‍ കരഞ്ഞ കീര്‍ത്തനയെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിദഗ്ദ പരിശോധനയില്‍ കീര്‍ത്തനയുടെ ചെവിയില്‍ എന്തോ ഉണ്ടെന്ന് കണ്ടെത്തി. സ്‌കാനിംഗിന് ശേഷം അനസ്‌തേഷ്യ നല്‍കിയാണ് കുഞ്ഞിന്റെ ചെവിയില് നിന്നും വണ്ടിനെ പുറത്തെടുത്തത്.
മെഡിക്കല്‍ കോളേജിലെ ഡോക്‌ടര്‍മാരുടെ അനാസ്ഥയാണ് കുഞ്ഞിന്റെ അവസ്ഥ ഗുരുതരമാക്കിയതെന്നും ഡോക്ടര്‍മാര്‍ക്കെതിരെ സൂപ്രണ്ടിനും ആരോഗ്യമന്ത്രിക്കും പരാതി നല്കാനുമാണ് അച്ഛന്റെ തീരുമാനം. എന്നാല്‍ മെഡിക്കല്‍ കോളേജ് അധികൃതര്‍ സംഭവത്തോട് പ്രതികരിച്ചിട്ടില്ല.

NO COMMENTS

LEAVE A REPLY