കേരകേരളം സമൃദ്ധകേരളം പദ്ധതി ഉദ്ഘാടനം ജൂലൈ ആറിന് – കോഴിക്കോട്

160

കോഴിക്കോട് : കേരകേരളം സമൃദ്ധകേരളം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ജൂലൈ ആറിന് വൈകിട്ട് മൂന്ന് മണിക്ക് കോഴിക്കോട് ജില്ലയിലെ വേങ്ങേരി മാർക്കറ്റിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. തെരഞ്ഞെടുക്കപ്പെട്ട 500 പഞ്ചായത്തുകളിലെ ഓരോ വാർഡിലും 75 തെങ്ങിൻതൈകൾ വീതം 50 ശതമാനം സബ്‌സിഡി നിരക്കിൽ വിതരണം ചെയ്യുമെന്ന് കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

പുതിയതായി രൂപീകരിക്കപ്പെട്ട നാളികേര വികസന കൗൺസിലിന്റെ ആഭിമുഖ്യത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. 2019 മുതൽ 2029 വരെയുള്ള 10 വർഷത്തേയ്ക്കുള്ള ബൃഹത്തായ കർമ്മപദ്ധതിയാണ് വിഭാവനം ചെയ്തിട്ടുള്ളത്. കേരളത്തിലെ നാളികേരകൃഷിയുടെ വിസ്തൃതി 10 ലക്ഷം ഹെക്ടറാക്കി വർദ്ധിപ്പിക്കാനും തേങ്ങയുടെ ഉൽപ്പാദനം വർദ്ധിപ്പിക്കാനുമാണ് ലക്ഷ്യം വച്ചിരിക്കുന്നത്. സംസ്‌കരണ-വിപണന സൗകര്യങ്ങൾ വർദ്ധിപ്പിച്ച് കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുക എന്നതും മുഖ്യലക്ഷ്യമാണ്.

കേരകേരളം സമൃദ്ധകേരളം പദ്ധതി പ്രകാരം 10 വർഷം കൊണ്ട് രണ്ടുകോടി മികച്ചയിനം തെങ്ങിൻതൈ സംസ്ഥാനത്തെ മുഴുവൻ വാർഡുകളിലും വിതരണം ചെയ്യുന്നതിനും തൃശ്ശൂർ-പൊന്നാനി കോൾ നിലങ്ങളുടെ പുറംബണ്ടുകളിൽ അനുയോജ്യമായ തെങ്ങിൻതൈകൾ വ്യാപകമായി വച്ചുപിടിപ്പിക്കുന്നതിനും പരിപാലിക്കുന്നതിനും പ്രത്യേക പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.

ജൂലൈ ആറിന് കേരളത്തിൽ പച്ചത്തേങ്ങ സംഭരണം പുനരാരംഭിക്കും. പച്ചത്തേങ്ങയുടെ താങ്ങുവില കിലോയ്ക്ക് 25 രൂപയായിരുന്നത് 27 രൂപയായി വർദ്ധിപ്പിച്ചിട്ടുണ്ട്. ഇതിന്റെ നോഡൽ ഏജൻസിയായി കേരഫെഡിനെ ചുമതലപ്പെടുത്തി. തെരഞ്ഞെടുക്കപ്പെട്ട കാർഷിക സഹകരണ സംഘങ്ങൾ വഴിയാണ് സംഭരണം നടത്തുന്നത്. പ്രവൃത്തിപരിചയവും മുൻകാലങ്ങളിൽ സംഭരണത്തിൽ സുതാര്യതയും കാത്തുസൂക്ഷിച്ചിരുന്ന സംഘങ്ങളെയാണ് ആദ്യഘട്ടത്തിൽ തെരഞ്ഞെടുത്തിട്ടുള്ളത്. കൂടുതൽ സംഘങ്ങളെയും നാളികേര ഉൽപ്പാദക കമ്പനികളെയും ഉൾപ്പെടുത്തുന്നത് പരിഗണനയിലാണ്.

NO COMMENTS