കേന്ദ്രസര്‍ക്കാരിന്‍റെ ജനദ്രോഹനടപടികള്‍ക്കെതിരെ കെ.പി.സി.സിയുടെ ആഭിമുഖ്യത്തില്‍ സെപ്തംബര്‍ 7 ന് രാവിലെ 10.30ക്ക് നടത്തുന്ന രാജ്ഭവന്‍ മാര്‍ച്ച് ജനകീയ പങ്കാളിത്തത്തോടെ വമ്പിച്ച വിജയമാക്കുന്നതിന് കോണ്‍ഗ്രസ് പ്രവര്‍ത്തകരോടും ജനങ്ങളോടും കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരന്‍ ആവശ്യപ്പെട്ടു.
മോഡി സര്‍ക്കാര്‍ അധികാരത്തിലെത്തി രണ്ടര കൊല്ലത്തെ ഭരണം പിന്നിടുമ്പോള്‍ ജനദ്രാഹ നടപടികളുടെ പരമ്പരയാണ്. രാജീവ് ഗാന്ധിയുടെ സ്വപ്നപദ്ധതിയായ പഞ്ചായത്തീരാജിനെ തകര്‍ക്കാനുള്ള നീക്കം കേന്ദ്രസര്‍ക്കാര്‍ നടത്തുന്നു.ബി.ജെ.പി. ഭരണത്തിനു കീഴില്‍ രാജ്യവ്യാപകമായി ദളിത് പീഡനങ്ങള്‍ വര്‍ദ്ധിക്കുന്നു. റബര്‍, നാളികേരം, അടയ്ക്ക, ഏലം, കുരുമുളക് കര്‍ഷകരോടുള്ള കടുത്ത അവഗണന കാട്ടുന്നു. മത്സ്യത്തൊഴിലാളികളുടെ മണ്ണെണ്ണ ക്വാട്ട വെട്ടിക്കുറച്ച് അവരുടെ ജീവിതഭാരം ഇരട്ടിയാക്കി. തീരദേശ മേഖലയെ വന്‍കിട കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതുന്ന സംഘടിതമായ നീക്കമാണ് കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നത്.അന്തര്‍ദേശീയ കമ്പോളത്തില്‍ ക്രൂഡ് ഓയില്‍ വില ഗണ്യമായി കുറഞ്ഞിട്ടും അതിന് ആനുപാതികമായി പെട്രോളിന്റെയും ഡീസലിന്റെയും വില കുറയ്ക്കാന്‍ തയ്യാറാകാതെ രാജ്യത്തെ വന്‍വിലകയറ്റത്തിലേക്ക് തള്ളിവിടുന്ന ജനദ്രോഹനയമാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നത്. ജനങ്ങള്‍ക്കെതിരെ കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന കടുത്ത ജനദ്രോഹപ്രവര്‍ത്തനങ്ങള്‍ക്കെതിരെയുള്ള ശക്തമായ താക്കീതായിരിക്കും രാജ്ഭവന്‍ മാര്‍ച്ച് എന്നും സുധീരന്‍ പറഞ്ഞു.