ജോധ്പുര്‍: കൃഷ്ണമൃഗത്തെ വേട്ടയാടി കൊന്ന കേസില്‍ ജോധ്പുര്‍ വിചാരണ കോടതി വിധിക്കെതിരായ ബോളിവുഡ് നടന് സല്മാന് ഖാന് നല്കിയ ഹര്‍ജിയില്‍ വിചാരണ ജൂലൈ നാലിലേക്ക് മാറ്റി. അടുത്ത തവണ വാദം കേള്‍ക്കുമ്ബോള്‍ കേസിലുള്പ്പെട്ടവരെല്ലാം ഉണ്ടാവുമെന്ന് ഉറപ്പാക്കണമെന്ന് കോടതി സല്‍മാന്റെ അഭിഭാഷക സംഘത്തോട് ആവശ്യപ്പെട്ടു.
കൃഷ്ണമൃഗത്തെ വേട്ടയാടി കൊന്ന സംഭവത്തില്‍ ജോധ്പുര്‍ വിചാരണ കോടതി സല്‍മാനെ അഞ്ചു വര്‍ഷം തടവിനു ശിക്ഷിച്ചിരുന്നു. പതിനായിരം രൂപ പിഴയും വിധിച്ചു. ഇതിനെതിരായി സല്മാന് രാജസ്ഥാന് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കേസില്‍ കൂട്ടുപ്രതികളും ബോളിവുഡ് താരങ്ങളുമായ സൈഫ് അലി ഖാന്, തബു, നീലം കൊത്താരി, സോണാലി ബാന്ദ്രെ എന്നിവരെ വിചാരണ കോടതി വെറുതെവിട്ടിരുന്നു.
1972ലെ വന്യജീവി നിയമം 9, 51, ഐപിസി 149 എന്നിവ പ്രകാരം സംരക്ഷിത വനമേഖലയില്‍ അനധികൃതമായി അതിക്രമിച്ചു കടന്നു, വംശനാശ ഭീഷണി നേരിടുന്ന ജീവിയെ വേട്ടയാടി കൊന്നു, ലൈസന്‍സ് ഇല്ലാത്ത ആയുധം ഉപയോഗിച്ച് വേട്ടയാടി, സംഘം ചേരല്‍ എന്നീ കുറ്റങ്ങളാണ് സല്‍മാനെതിരെ വിചാരണ കോടതി കണ്ടെത്തിയത്. സല്മാന് തന്നെയാണ് കൃഷ്ണമൃഗത്തിന് നേരെ തോക്ക് ഉപയോഗിച്ച് വെടിയുതിര്‍ത്തെന്ന പ്രോസിക്യൂഷന് വാദവും വിചാരണ കോടതി അംഗീകരിച്ചു.