തിരുവനന്തപുരം : പുറത്തുനിന്നുള്ള വ്യാപാരികളില്‍നിന്നു വൈദ്യുതി വാങ്ങാന്‍ കെ.എസ്.ഇ.ബിയുണ്ടാക്കിയ കരാര്‍ റെഗുലേറ്ററി കമ്മിഷന്‍ നിരാകരിച്ചു. സംസ്ഥാനസര്‍ക്കാര്‍ അംഗീകരിച്ച 565 മെഗാവാട്ടിന്‍റെ കരാറാണു തള്ളിയത്. ഇതോടെ റിലയന്‍സിന്‍റെ വൈദ്യുതിനിലയമായ ബി.എസ്.ഇ.എസില്‍നിന്ന് ഉയര്‍ന്ന നിരക്കില്‍ വൈദ്യുതി കെട്ടിയേല്‍പിക്കാനുള്ള നീക്കങ്ങളുമായി ഇടനിലക്കാര്‍ സജീവം. കേന്ദ്രസര്‍ക്കാരിന്‍റെ ഡിസൈന്‍, ബില്‍ഡ്, ഫിനാന്‍സ്, ഓണ്‍ ആന്‍ഡ് ഓപ്പറേറ്റ് പദ്ധതിയില്‍പെടുത്തിയാണ് 25 വര്‍ഷത്തേക്കു വൈദ്യുതി വാങ്ങാന്‍ വിവിധ സ്ഥാപനങ്ങളുമായി കെ.എസ്.ഇ.ബി. കരാറുണ്ടാക്കിയത്. ടെന്‍ഡര്‍ ക്ഷണിച്ചശേഷം ഏറ്റവും കുറഞ്ഞതുക രേഖപ്പെടുത്തിയ കന്പനികളുമായി വിലപേശിയാണു കരാര്‍ ഉറപ്പിച്ചത്.
ആദ്യ ടെന്‍ഡറില്‍ കുറഞ്ഞതുക രേഖപ്പെടുത്തിയവരുമായി കരാറുണ്ടാക്കി. രണ്ടാമത്തെ ടെന്‍ഡറില്‍ നാലു കന്പനികള്‍ കുറഞ്ഞതുക രേഖപ്പെടുത്തിയിരുന്നു. എന്നാല്‍, മൂന്നാംസ്ഥാനത്തു വന്ന കന്പനിയില്‍നിന്നു വിലപേശി വൈദ്യുതി വാങ്ങാന്‍ ബോര്‍ഡ് കരാറുണ്ടാക്കി. ഇക്കാര്യം വ്യക്തമാക്കി സംസ്ഥാനസര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കുകയും ചെയ്തു. ശരാശരി 4.20 രൂപയ്ക്കാണ് 865 മെഗാവാട്ട് വൈദ്യുതി 25 വര്‍ഷത്തേക്കു വാങ്ങാന്‍ കരാര്‍ ഒപ്പിട്ടത്. ഇതിനു കേന്ദ്രസര്‍ക്കാരിന്‍റെ അനുമതിയും തേടി. 2015-ല്‍ ഒ.പി. നന്പര്‍ 13 പ്രകാരം അംഗീകാരത്തിനായി റെഗുലേറ്ററി കമ്മിഷനു വൈദ്യുതി ബോര്‍ഡ് കരാര്‍ ഫയല്‍ ചെയ്തു. എന്നാല്‍, കമ്മിഷന്‍ ഒന്നരവര്‍ഷം ഇതു പരിഗണിച്ചില്ല. കഴിഞ്ഞദിവസമാണു ഫയല്‍ പരിഗണനയ്ക്കെടുത്തത്. ഏറ്റവും കുറഞ്ഞനിരക്ക് രേഖപ്പെടുത്തിയവരെ ഒഴിവാക്കി കരാറുണ്ടാക്കിയതു കേന്ദ്രമാര്‍ഗനിര്‍ദേശങ്ങളുടെ ലംഘനമാണെന്നു വ്യക്തമാക്കിയ കമ്മിഷന്‍ 300 മെഗാവാട്ടിന്‍റെ കരാറേ അംഗീകരിച്ചുള്ളൂ. കഴിഞ്ഞ ഓഗസ്റ്റ് 28-നാണ് ഇതു സംബന്ധിച്ച ഉത്തരവ് കമ്മിഷന്‍ പുറപ്പെടുവിച്ചത്. ബാക്കി 565 മെഗാവാട്ടിന്‍റെ കരാര്‍ നിരാകരിച്ചു.
കമ്മിഷന്‍ ചെയര്‍മാന്‍ മാത്രമാണ് ഉത്തരവില്‍ ഒപ്പിട്ടത്. അംഗങ്ങളായ കെ. വിക്രമന്‍നായര്‍, എസ്.വേണുഗോപാല്‍ എന്നിവര്‍ ഉത്തരവിനോടു വിയോജിച്ചു. ഇവര്‍ കെ.എസ്.ഇ.ബിയില്‍ ഉന്നതതസ്തികയിലിരിക്കേയാണു കരാര്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്. അതിനാലാണ് ഒപ്പിടാത്തതെന്നാണു കമ്മിഷന്‍റെ വാദം. എന്നാല്‍, സംസ്ഥാനസര്‍ക്കാര്‍ അംഗീകരിച്ച കരാര്‍ കമ്മിഷനു നിരാകരിക്കാന്‍ കഴിയില്ലെന്നു വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. കരാര്‍ നിരാകരിച്ചതോടെ ബോര്‍ഡ് പ്രതിസന്ധിയിലായി. അടുത്തമാസം മുതല്‍ 565 മെഗാവാട്ട് വൈദ്യുതി ലഭിക്കേണ്ടതാണു തടസപ്പെട്ടത്. കാലവര്‍ഷത്തില്‍ 60% കുറവു വന്നതോടെ ഒരിക്കല്‍ ഉപേക്ഷിച്ച റിലയന്‍സ് വൈദ്യുതി ഉയര്‍ന്ന വിലയ്ക്കു വാങ്ങാന്‍ കരാറുണ്ടാക്കേണ്ട ഗതികേടിലാണു ബോര്‍ഡ്. എറണാകുളത്ത് റിലയന്‍സിന്‍റെ ബി.എസ്.ഇ.എസ്. വൈദ്യുതിനിലയത്തില്‍നിന്നു മുന്പു ബോര്‍ഡ് വൈദ്യുതി വാങ്ങിയിരുന്നു. എന്നാല്‍, വില കൂടുതലായതിനാല്‍ 2013 മുതല്‍ അതു നിര്‍ത്തി. വൈദ്യുതി വാങ്ങിയില്ലെങ്കിലും റിലയന്‍സുമായുള്ള കരാര്‍പ്രകാരം ഫിക്സഡ് കോസ്റ്റ് ഇനത്തില്‍ 2015 വരെ 228 കോടി രൂപ ബോര്‍ഡ് വെറുതേ നല്‍കിയിട്ടുണ്ട്. 2015 ഒക്ടോബറില്‍ കരാര്‍ കാലാവധി അവസാനിച്ചതോടെ ബി.എസ്.ഇ.എസ്. വൈദ്യുതി വേണ്ടെന്നു ബോര്‍ഡ് തീരുമാനിച്ചു. എന്നാല്‍, 2017-ല്‍ ഈ വൈദ്യുതി വേണ്ടിവരുമെന്നു നിലപാടെടുത്തു. യു.ഡി.എഫ്. സര്‍ക്കാരിന്‍റെ സമ്മര്‍ദത്തേത്തുടര്‍ന്നായിരുന്നു ഇത്. 2015 നവംബര്‍ മുതല്‍ 2017 നവംബര്‍ വരെ രണ്ടുവര്‍ഷത്തേക്കു സംസ്ഥാനസര്‍ക്കാര്‍ ഏകപക്ഷീയമായി കരാര്‍ നീട്ടി. കഴിഞ്ഞ ഫെബ്രുവരിയില്‍ ഉത്തരവിറക്കി. ഫിക്സഡ് കോസ്റ്റായി 87.83 കോടി രൂപ നല്‍കിയാണ് ഉത്തരവ്.
പുതിയ സര്‍ക്കാര്‍ ഈ തീരുമാനം പുനഃപരിശോധിക്കുകയാണ്. കമ്മിഷന്‍റെ കഴിഞ്ഞ തെളിവെടുപ്പില്‍ റിലയന്‍സ് വൈദ്യുതി വേണ്ടെന്നാണു ബോര്‍ഡ് വ്യക്തമാക്കിയത്. ബോര്‍ഡ് ഉണ്ടാക്കിയ ദീര്‍ഘകാലകരാര്‍ കമ്മിഷന്‍ നിരാകരിച്ചതോടെ റിലയന്‍സ് വൈദ്യുതി ആവശ്യമായിവരും. ശരാശരി എട്ടുരൂപയാണു ബി.എസ്.ഇ.എസ്. വൈദ്യുതിക്ക് ഇപ്പോള്‍ നല്‍കേണ്ടത്. ബോര്‍ഡുമായുള്ള കരാര്‍ പുതുക്കാന്‍ റെഗുലേറ്ററി കമ്മിഷനെ ബി.എസ്.ഇ.എസ്. സമീപിച്ചിരുന്നു. ബോര്‍ഡ് വേണ്ടെന്നു പറഞ്ഞിട്ടും ഇക്കാര്യം ഒന്നുകൂടി പരിശോധിച്ച് ഒരുമാസത്തിനകം മറുപടി അറിയിക്കാനാണു കമ്മിഷന്‍ ഉത്തരവിട്ടത്.