തിരുവനന്തപുരത്ത് മന്ത്രി എ.കെ. ബാലനും ആലപ്പുഴയിൽ മന്ത്രി ഡോ: തോമസ് ഐസകും നിർവഹിക്കും
സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷന്റെ നേതൃത്വത്തിൽ വനിതകളുടെ സംവിധാനത്തിൽ രണ്ടു ചലച്ചിത്രങ്ങൾ നിർമിക്കുന്ന പദ്ധതിപ്രകാരമുള്ള സിനിമകളുടെ സ്വിച്ചോൺ കർമം വനിതാദിനമായ മാർച്ച് എട്ടിന് നടക്കും.
തിരഞ്ഞെടുക്കപ്പെട്ട തിരക്കഥകളായ താരാ രാമാനുജത്തിന്റെ ‘നിഷിദ്ധോ’, മിനി ഐ.ജിയുടെ ‘ഡൈവോഴ്സ്’ എന്നീ രണ്ടു ചിത്രങ്ങളുടെ സ്വിച്ചോണാണ് നടക്കുന്നത്.
‘ഡൈവോഴ്സി’ന്റെ സ്വിച്ച് ഓൺ മാർച്ച് എട്ടിന് രാവിലെ 10 മണിക്ക് തിരുവനന്തപുരം മ്യൂസിയം ബാൻറ് ഹാളിൽ സാംസ്‌കാരികവകുപ്പ് മന്ത്രി എ.കെ. ബാലൻ നിർവഹിക്കും. ചടങ്ങിൽ ആസൂത്രണ ബോർഡംഗം കെ.എൻ ഹരിലാൽ, കെ.എസ്.എഫ്.ഡി.സി ചെയർമാൻ ഷാജി എൻ. കരുൺ, മാനേജിംഗ് ഡയറക്ടർ എൻ. മായ തുടങ്ങിയവർ പങ്കെടുക്കും.
അന്നുതന്നെ, വൈകിട്ട് 4.30ന് ആലപ്പുഴ ഇ.എം.എസ് സ്റ്റേഡിയത്തിൽ താരാ രാമാനുജത്തിന്റെ ‘നിഷിദ്ധോ’ സിനിമയുടെ സ്വിച്ച് ഓൺ കർമം ധനകാര്യവകുപ്പ് മന്ത്രി ഡോ: ടി.എം. തോമസ് ഐസകും നിർവഹിക്കും.
സംസ്ഥാന സർക്കാരിന്റെ വനിതാശാക്തീകരണ കാഴ്ചപ്പാടിൽ 2019-20 ലെ ബജറ്റിൽ വനിതാസംവിധായകർക്ക് സിനിമാ നിർമാണത്തിന് മൂന്നുകോടി രൂപ വകയിരുത്തിയിരുന്നു.
ഇതുപ്രകാരം അപേക്ഷകളായി ലഭിച്ച സ്‌ക്രിപ്റ്റുകളിൽ നിന്ന് അഞ്ചംഗ ജൂറി മികച്ചതെന്ന് കണ്ടെത്തിയ സിനിമകളുടെ നിർമാണത്തിനാണ് തുടക്കമാകുന്നത്.