തിരുവനന്തപുരം: കെഎസ്എഫ്ഇ തകർന്നാൽ ലാഭം സ്വകാര്യസ്ഥാപനങ്ങൾക്കും രാഷ്ട്രീയ എതിരാളികൾക്കുമാണെന്നും കെ എസ് എഫ് ഇ യിലെ വിജിലൻസ് പരിശോധന മുഖ്യമന്ത്രിയുടെ അറിവില്ലാതെയെന്നും ധനമന്ത്രി തോമസ് ഐസക്ക്.
വിജിലൻസ് പരിശോധന നടത്തുന്നതിനോട് ആർക്കും എതിർപ്പില്ലെന്നും കെഎസ്എഫ്ഇയെ താറടിക്കാൻ രാഷ്ട്രീയ ശത്രുക്കൾക്ക് അവസരമുണ്ടാക്കുന്നത് അനുവദിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
വിജിലൻസ് അൽപം കൂടി ഔചിത്യത്തോടെ പെരുമാറണം. എതിരാളികൾക്ക് ഒരു സർക്കാർ സ്ഥാപനത്തെ താറടിക്കാനുള്ള സന്ദർഭമാണ് അന്വേഷണം.
വിജിലൻസ് അന്വേഷണം നടത്തുന്നത് സർക്കാർ അറിയണമെന്നില്ല. അന്വേഷണ ഏജൻസികൾക്ക് അതിനുള്ള സ്വയംഭരണ അവകാശമുണ്ട്. ഓരോ കാര്യവും മുഖ്യമന്ത്രിയോ വകുപ്പ്മന്ത്രിയോ അറിഞ്ഞുകൊണ്ടല്ല ചെയ്യുന്നത്. വിജിലൻസ് പരിശോധനയുടെ വിവരങ്ങൾ മാധ്യമങ്ങൾക്ക് ലഭിച്ചു. ഇക്കാര്യം പരിശോധിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
കേരള സർക്കാർ പറയുന്ന തരത്തിലേ കേരളത്തിലെ വിജിലൻസ് പ്രവർത്തിക്കൂ. അതുകൊണ്ട് പ്രതിപക്ഷ നേതാവോ വി. മുരളീധരനോ ഇപ്പോൾ ഞങ്ങൾക്കെന്തെങ്കിലും കിട്ടുമെന്നു പറഞ്ഞിരിക്കേണ്ടതില്ലെന്നും മന്ത്രി പരിഹസിച്ചു.