കെഎസ്ആര്‍ടിസിയില്‍ പ്രകൃതിവാതകം ഉപയോഗിക്കാന്‍ പച്ചക്കൊടി

277

ദില്ലി: ഇന്ധനച്ചെലവു കുറയ്ക്കാന്‍ കെഎസ്ആര്‍ടിസിയില്‍ ദ്രവീകൃത പ്രകൃതി വാതകം(സിഎന്‍ജി) ഉപയോഗിക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ പച്ചക്കൊടി.
എല്‍എന്‍ജി ഉപയോഗിക്കുന്ന വാഹനങ്ങള്‍ പുറത്തിറക്കാന്‍ മോട്ടോര്‍ വാഹനച്ചട്ടങ്ങളില്‍ ഭേദഗതി പരിഗണിക്കുമെന്നു കേന്ദ്രസര്‍ക്കാര്‍ കേരളത്തിന് ഉറപ്പ് നല്‍കി. ഓണത്തിന് സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന യാത്രാ ബോട്ട് ഇറക്കുമെന്നും ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്‍ ദില്ലിയില്‍ പറഞ്ഞു
പെട്രോള്‍, ഡീസല്‍, സിഎന്‍ജി വാഹനങ്ങള്‍ക്കാണ് ഇന്ത്യയില്‍ നിരത്തിലിറങ്ങാന്‍ അനുമതിയുള്ളത്. കെഎസ്ആര്‍ടിസിയുടെ ഇന്ധനച്ചെലവ് കൂടിയ സാഹചര്യത്തിലാണ് മോട്ടോര്‍ വാഹഹന ചട്ടങ്ങളില്‍ ഭേദഗതി ആവശ്യപ്പെട്ട് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ കേന്ദ്ര ഗതാഗതമന്ത്രി നിഥിന്‍ ഗഡ്കരിയെ കണ്ടത്. കേരളത്തിന്റെ ആവശ്യം പരിഗണിക്കുമെന്ന് കേന്ദ്രമന്ത്രി ഉറപ്പ് നല്‍കി.
കൊച്ചി പുതുവൈപ്പിലെ പെട്രോനെറ്റില്‍നിന്ന് എല്‍എന്‍ജി കിട്ടും. തിരുവനന്തപുരത്തെ ഹിന്ദുസ്ഥാന്‍ ലാറ്റക്‌സ് മാത്രമാണ് നിലവില്‍ എല്‍എന്‍ജി ഉപയോഗിക്കുന്നത്. കെഎസ്ആര്‍ടിസി എല്‍എന്‍ജിയിലേക്ക് മാറിയാല്‍ പ്രവര്‍ത്തനച്ചെലവ് കുറയും.
ചൈന. അമേരിക്ക, ഇറ്റലി തുടങ്ങിയ രാജ്യങ്ങളില്‍ എല്‍എന്‍ജി വിജയകരമായി പരീക്ഷിച്ചിട്ടുണ്ട് എല്‍എന്‍ജിയിലേക്ക് മാറാന്‍ പുതിയ ബസ്സുകള്‍ വാങ്ങും. പരീക്ഷണ ഓട്ടം കൊച്ചിയില്‍ നടത്തും. ട്രക്കുകളും കാറുകളും ഘട്ടംഘട്ടമായി എല്‍എന്‍ജിയിലേക്ക് മാറ്റാനും ആലോചനയിലുണ്ട്. സിഎന്‍ജി ഉപയോഗിക്കാന്‍ കെഎസ്ആര്‍ടിസി പൂര്‍ണ്ണസജ്ജമാണെന്നും ഗതാഗതമന്ത്രി പറഞ്ഞു.
സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന ആദ്യ ബോട്ട് ഓണത്തിന് സര്‍വ്വീസ് നടത്തും. 40 സൗരോര്‍ജ്ജ ബോട്ടുകള്‍ പുറത്തിറക്കാന്‍ 100 കോടി രൂപയുടെ ധനസാഹായവും സംസ്ഥാനസര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടു.

NO COMMENTS

LEAVE A REPLY