കോട്ടയം: അനുകൂല സാഹചര്യങ്ങള്‍ ഏറെയുണ്ടായിട്ടും ഓണക്കാലത്തു കെ.എസ്.ആര്‍.ടി.സി. വരുമാനത്തില്‍ വന്‍ ഇടിവ്.മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വരുമാനത്തില്‍ കുറവു വരാന്‍ കാരണം ജീവനക്കാരുടെ കുറവെന്നു സൂചന. മുന്‍വര്‍ഷങ്ങളില്‍ ഓണദിനങ്ങളില്‍ റെക്കോഡ് കളക്ഷന്‍ സ്വന്തമാക്കിയിരുന്ന കോട്ടയം ഡിപ്പോയ്ക്ക് ഇത്തവണ പ്രതീക്ഷിച്ചിരുന്ന വരുമാനം പോലും സ്വന്തമാക്കാന്‍ കഴിഞ്ഞില്ല. കോട്ടയം ഡിപ്പോയുടെ ടാര്‍ഗറ്റ് 16.70 ലക്ഷം രൂപയായിരുന്നെങ്കിലും ഓണദിവസങ്ങളിലൊന്നും ഇത് മറികടക്കാനായില്ല. തിരുവോണത്തിനു തലേന്നുള്ള രണ്ടു ദിവസങ്ങളിലും ശേഷമുള്ള ദിവസങ്ങളിലും വരുമാനം കുതിച്ചുകയറുന്നതു പതിവാണ്. എന്നാല്‍, ഇത്തവണ ആ കുതിപ്പുണ്ടായില്ല.ഓണ ആഴ്ചയില്‍ തിങ്കളാഴ്ചയാണ് ഏറ്റവും കൂടുതല്‍ വരുമാനം കോട്ടയം ഡിപ്പോക്ക് ലഭിച്ചത് -15.50 ലക്ഷം. ഉത്രാടദിനത്തി ല്‍ 13 ലക്ഷവും അവിട്ടദിനത്തില്‍ 12.29 ലക്ഷം രൂപയും നേടാന്‍ കഴിഞ്ഞു.
കഴിഞ്ഞവര്‍ഷം ഉത്രാട ദിനത്തില്‍ വരുമാനം 17 ലക്ഷം കടന്നിരുന്നു. മറ്റ് ഓണദിനങ്ങളിലും മികച്ച വരുമാനമാണു ലഭിച്ചത്. ജീവനക്കാരുടെ കുറവുമൂലം മുഴുവന്‍ സര്‍വീസുകളും നടത്താന്‍ കഴിയാതിരുന്നതാണു വരുമാനക്കുറവിനുള്ള പ്രധാന കാരണം. ജില്ലയിലെ വിവിധ ഡിപ്പോകളിലായി നൂറ്റന്പതോളം ജീവനക്കാരുടെ കുറവാണുള്ളത്. ഓണത്തോടനുബന്ധിച്ച് നൂറിലധികം സര്‍വിസുകളാണ് ജീവനക്കാരുടെ ക്ഷാമംമൂലം വിവിധ ഡിപ്പോകളിലായി വെട്ടിച്ചുരുക്കിയിരുന്നു. ഏറ്റവും കൂടുതല്‍ വരുമാനം ലഭിക്കേണ്ട സമയത്ത് ജീവനക്കാരുടെ എണ്ണത്തിലുണ്ടായ കുറവ് ഡിപ്പോകളുടെ വരുമാനത്തിലും പ്രതിഫലിച്ചു. ബംഗളുരു സര്‍വീസുകള്‍ ഈ ദിവസങ്ങളില്‍ റദ്ദു ചെയ്യേണ്ടി വന്നതും വരുമാനക്കുറവിനു കാരണമായിട്ടുണ്ട്.മാത്രമല്ല, ഇത്തവണ കൂടുതല്‍ അവധി ദിനങ്ങള്‍ വന്നതിനാല്‍ യാത്രക്കാര്‍ ഭൂരിഭാഗവും നേരത്തെ യാത്രകള്‍ അവസാനിപ്പിച്ചിരുന്നു. ഓണത്തിന്‍റെ ദിവസങ്ങളില്‍ തിരക്കുണ്ടാകുമെന്നു കരുതി യാത്ര ഒഴിവാക്കിയവരുമുണ്ട്.