തിരുവനന്തപുരം• കെഎസ്‌ആര്‍ടിസിയുടെ ഒാണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ് സംവിധാനം തകരാറിലായ സംഭവത്തില്‍ അന്വേഷണത്തിനു ഗതാഗതമന്ത്രിയുടെ ഉത്തരവ്. ഗതാഗതവകുപ്പ് സെക്രട്ടറി കെ.ആര്‍.ജ്യോതിലാലിനോട് എത്രയും വേഗം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണു നിര്‍ദേശം. അതേസമയം, നഷ്ടമായ തുക തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ട് കരാറുകാരായ കെല്‍ട്രോണിന് കെഎസ്‌ആര്‍ടിസി നോട്ടിസ് നല്‍കി. സ്വകാര്യ ടൂറിസ്റ്റ് ബസുകളെ സഹായിക്കാന്‍ ഒാണ്‍ലൈന്‍ സംവിധാനം മനപൂര്‍വം തകരാറിലാക്കിയതാണന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു.17നു വൈകിട്ടാണു നാലുമണിക്കൂറോളം ഒാണ്‍ലൈനിലൂടെയുള്ള ടിക്കറ്റ് ബുക്കിങ് നിലച്ചത്. ബെംഗളൂരുവിലേക്കടക്കം മടങ്ങാനിരുന്ന മലയാളികള്‍ക്ക് ഇതോടെ മണിക്കൂറുകളോളം ടിക്കറ്റ് ബുക്ക് ചെയ്യാനായില്ല.സെര്‍വര്‍ തകരാറിലായതോടെ ആരൊക്കെയാണു നേരത്തെ ബുക്കുചെയ്തതെന്നോ ഒാരോ സ്റ്റേഷനില്‍ നിന്നും എത്രപേര്‍ കയറുമെന്നോ അറിയാതെയാണു ദീര്‍ഘദൂര ബസുകള്‍ അന്നു സര്‍വീസ് നടത്തിയത്. പന്ത്രണ്ട് ലക്ഷത്തോളം രൂപ ഈയിനത്തില്‍ നഷ്ടം വന്നുവെന്നാണു കണക്ക്. ഈ നഷ്ടം അടുത്തമാസത്തെ കമ്മീഷന്‍ തുകയില്‍നിന്നു തിരിച്ചുപിടിക്കുമെന്ന് കാണിച്ചാണ് കെല്‍ട്രോണിന് കെഎസ്‌ആര്‍ടിസി നോട്ടിസ് നല്‍കിയിരിക്കുന്നത്.കരാറെടുത്ത കെല്‍ട്രോണാകട്ടെ കോഴിക്കാട് ആസ്ഥാനമായ ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിക്ക് ഉപകരാര്‍ കൊടുത്തിരിക്കുകയാണ്. സൊസൈറ്റി ബെംഗളൂരു ആസ്ഥാനമായ മറ്റൊരു െഎടി കമ്ബനിക്കും ഉപകരാര്‍ കൊടുത്തിട്ടുണ്ട്. ഒാണ്‍ലൈന്‍ സംവിധാനം തകരാറിലായ സംഭവത്തില്‍ സൊസൈറ്റിയോടു വിശദീകരണം തേടിയിട്ടുണ്ടെന്നും സൊസൈറ്റി ആര്‍ക്കെങ്കിലും കരാര്‍ മറിച്ചുകൊടുത്തതായി അറിയില്ലെന്നുമായിരുന്നു കെല്‍ട്രോണ്‍ എംഡിയുടെ വിശദീകരണം. ഇങ്ങനെ കരാറെടുത്തവരും മറിച്ചുകൊടുത്തവരും പരസ്പരം പഴിചാരുന്ന സാഹചര്യത്തിലാണു വിശദമായ അന്വേഷണത്തിനു വകുപ്പു മന്ത്രി നിര്‍ദേശിച്ചിരിക്കുന്നത്.