കൊല്ലം • ശമ്പളം ലഭിക്കാത്തതില്‍ പ്രതിഷേധിച്ചു കെഎസ്‌ആര്‍ടിസി കണ്ടക്ടര്‍ ദേഹത്തു പെട്രോളൊഴിച്ചു ആത്മഹത്യയ്ക്കു ശ്രമിച്ചു. കൊട്ടാരക്കര കെഎസ്‌ആര്‍ടിസി ഡിപ്പോയിലെ കണ്ടക്ടര്‍ കുണ്ടറ കൊറ്റങ്കര സ്വദേശി വിനോദ് (33) ആണ് ആത്മഹത്യക്കു ശ്രമിച്ചത്. കുപ്പിയില്‍ നിറച്ചു കൊണ്ടുവന്ന പെട്രോള്‍ ദേഹത്തു ഒഴിച്ചെങ്കിലും സഹപ്രവര്‍ത്തകര്‍ പിന്തിരിപ്പിക്കുകയായിരുന്നു.
ശമ്പളം ലഭിക്കാത്തതിനെ തുടര്‍ന്നു വിവിധ ഡിപ്പോകളില്‍ ജീവനക്കാര്‍ സമരം നടത്തുകയാണ്. പല ഡിപ്പോകളിലും രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണയില്ലാതെയാണു സമരം. കോണ്‍ഗ്രസ് അനുകൂല സര്‍വീസ് സംഘടനയായ ഐഎന്‍ടിയുസി അംഗങ്ങള്‍ കൂട്ടഅവധിയെടുത്താണു പ്രതിഷേധം അറിയിക്കുന്നത്.കൊല്ലം, പത്തനംതിട്ട, തൃശൂര്‍ ജില്ലകളിലാണു സമരം കൂടുതല്‍ ശക്തമായിരിക്കുന്നത്. ജീവനക്കാര്‍ കൂട്ടത്തോടെ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ ദീര്‍ഘദൂര സര്‍വീസുകളടക്കം മുടങ്ങി. പല സ്ഥലങ്ങളിലേക്കു പോകാനെത്തിയ യാത്രക്കാര്‍ യാത്ര തുടരാനാകാതെ കുടുങ്ങി. ബസ് സ്റ്റാന്‍ഡുകളില്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. ശമ്പളം പാസാക്കാതെ സമരം പിന്‍വലിക്കില്ലെന്ന നിലപാടിലാണു ജീവനക്കാര്‍.തിരുവനന്തപുരം, പാലക്കാട്, എറണാകുളം, വയനാട് പോലുള്ള ചുരുക്കം ഡിപ്പോകളില്‍ മാത്രമേ ശമ്പള വിതരണം പൂര്‍ത്തിയായിട്ടുള്ളൂ. 96 കോടി രൂപ ശമ്പളം നല്‍കേണ്ട സ്ഥാനത്ത് 27 കോടി രൂപ മാത്രമേ വിതരണം ചെയ്തിട്ടുള്ളൂവെന്നു ജീവനക്കാര്‍ പറയുന്നു.ഇന്നലെ മുഴുവന്‍പേര്‍ക്കും ശമ്പളം നല്‍കുമെന്ന് അധികൃതര്‍ ഉറപ്പു നല്‍കിയിരുന്നെങ്കിലും പാലിക്കപ്പെട്ടില്ല. ബാങ്കില്‍നിന്നു പണം ലഭിക്കുന്നതിലെ സാങ്കേതിക തടസ്സം മൂലമാണു ശമ്പളം വൈകുന്നതെന്നും ഇന്നത്തോടെ വിതരണം പൂര്‍ത്തിയാകുമെന്നുമാണ് അധികൃതരുടെ വിശദീകരണം. 60 ശതമാനത്തോളം പേര്‍ക്കു ശമ്പളം വിതരണം ചെയ്തെന്നാണു കെഎസ്‌ആര്‍ടിസി മാനേജ്മെന്റിന്റെ വിശദീകരണം. എസ്ബിടി-എസ്ബിഐ ലയനത്തെത്തുടര്‍ന്നു വായ്പ ലഭിക്കാനുള്ള കാലതാമസമാണു പ്രശ്നങ്ങള്‍ക്കിടയാക്കിയത്.