കണ്ണൂര്‍: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കല്ലെറിഞ്ഞ കേസില്‍ കുറ്റക്കാരനായ കെഎസ്‌ആര്‍ടിസി കണ്ടെക്ടറെ സര്‍വ്വീസില്‍ നിന്നും പിരിച്ചുവിട്ടു. 2013 ഒക്ടോബര്‍ 27 ന് നടന്ന സംഭവത്തില്‍ കേസില്‍ കുറ്റക്കാരനാണെന്ന് തെളിഞ്ഞതിനെ തുടര്‍ന്നാണ് തലശ്ശേരി ഡിപ്പോയിലെ കണ്ടക്ടറായ സി ഹരീന്ദ്രനെ സര്‍വീസില്‍ നിന്നും പുറത്താക്കി കെഎസ്‌ആര്‍ടിസി എംഡി ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. കേരളാപോലീസിന്‍റെ ആനുവല്‍ അത്ലറ്റിക് മീറ്റ് സമാപന സമ്മേളനത്തില പങ്കെടുക്കാന്‍ ഉമ്മന്‍ചാണ്ടി കണ്ണൂരില്‍ എത്തിയപ്പോള്‍ പോലീസ് ക്ളബ്ബിന് സമീപത്ത് വെച്ച് സിപിഎം പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വാഹനം തടയുകയും മുഖ്യമന്ത്രിക്ക് കരിങ്കൊടി കാണിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നതിനിടയിലാണ് കാറില്‍ പോകുകയായിരുന്ന ഉമ്മന്‍ചാണ്ടിക്ക് ഏറ് കൊണ്ടത്. ഏറിനെ തുടര്‍ന്ന് വാഹനത്തിന്‍റെ ചില്ലു തകര്‍ത്തു വന്ന കല്ല് അദ്ദേഹത്തിന്‍റെ നെറ്റിയില്‍ കൊള്ളുകയും പരിക്കേറ്റ് ചികിത്സ നേടുകയും ചെയ്തിരുന്നു. സംഭവം നടക്കുന്പോള്‍ തലശ്ശേരി ഡിപ്പോയില്‍ കണ്ടക്ടറായിരുന്നു ഹരീന്ദ്രന്‍. തുടര്‍ന്ന് പോലീസ് അറസ്റ്റ് ചെയ്ത് റിമാന്‍ഡിലായിരുന്ന ഹരീന്ദ്രനെ സസ്പെന്‍റ് ചെയ്തിരുന്നു. എന്നാല്‍ അന്വേഷണം പുര്‍ത്തിയായതോടെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ഇയാളെ പുറത്താക്കിക്കൊണ്ട് കെഎസ്‌ആര്‍ടിസി എംഡി ഉത്തരവ് ഇറക്കുകയായിരുന്നു.