കെഎസ്ആര്‍ടിസിയുടെ ഷോപ്പിങ് കോംപ്ലക്‌സ് പദ്ധതി പാളി; നഷ്ടമാകുന്നതു കോടികള്‍

268

തിരുവനന്തപുരം: സ്വന്തം ഭൂമി പണയപ്പെടുത്തി നഷ്ടത്തില്‍നിന്നു കരകയറാനുള്ള കെഎസ്ആര്‍ടിസിയുടെ ഒടുവിലത്തെ ശ്രമവും പാളി. ബിഒടി അടിസ്ഥാനത്തില്‍ കെറ്റിഡിഎഫ്‌സിയുമായി ചേര്‍ന്നു തുടക്കംകുറിച്ച ഷോപ്പിംഗ് കോംപ്ലക്‌സ് പദ്ധതി വെള്ളാനയായി. പദ്ധതിക്കായി നാലു ജില്ലകളില്‍ കോടികള്‍ വിലമതിക്കുന്ന കണ്ണായ ഭൂമി വിട്ടുനല്‍കിയെങ്കിലും കെഎസ്ആര്‍ടിസിക്കു കിട്ടുന്നതു നാമമാത്ര വരുമാനം.
കെറ്റിഡിഎഫ്‌സി നോഡല്‍ ഏജന്‍സിയായി തമ്പാനൂര്‍, തിരുവല്ല ,അങ്കമാലി, കോഴിക്കോട് എന്നിവിടങ്ങളിലാണു വന്‍ പദ്ധതി തുടങ്ങിയത്. പണിപൂര്‍ത്തിയായപ്പോള്‍ കാലിയായത് 204 കോടി രൂപ. ഹഡ്‌കോയില്‍ നിന്നുള്‍പ്പടെ വായ്പയെടുത്താണു നിര്‍മാണത്തിനു തുക കണ്ടെത്തിയത്. കെടിഡിഎഫ്‌സിക്ക് കിട്ടുന്ന വരുമാനത്തിന്റെ പകുതി കെഎസ്ആര്‍ടിസിക്കെന്നായിരുന്നു കരാര്‍.പ ക്ഷേ സംഭവിച്ചതു വന്‍ നഷ്ടം.
മാര്‍ക്കറ്റിലുള്ളതിനേക്കാള്‍ തുക, വാടക, സെക്യൂരിറ്റി ഇനങ്ങളില്‍ കെറ്റിഡിഎഫ്‌സി നിശ്ചയിച്ചതോടെ ആവശ്യക്കാര്‍ പിന്നോട്ട് പോയി. അഗ്‌നിശമന സംവിധാനമുള്‍പ്പടെ നിര്‍മ്മാണ ചട്ടങ്ങളിലെ വ്യവസ്ഥകള്‍ പാലിക്കാത്തതും, ശൗചാലയമുള്‍പ്പടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാത്തതും ഈ കെട്ടിടങ്ങള്‍ അടഞ്ഞു കിടക്കുന്നതിന്റെ കാരണങ്ങളാണ്.
ഈ സ്ഥലങ്ങളില്‍ മുന്‍പ് സ്വന്തമായുണ്ടായിരുന്ന കെട്ടിടങ്ങള്‍ വാടകയ്ക്കു നല്‍കിയതു വഴി നല്ലൊരു വരുമാനം കെഎസ്ആര്‍ടിസിക്ക് കിട്ടിയിരുന്നു. ആ മാര്‍ഗം അടഞ്ഞെന്നുമാത്രമല്ല കരാര്‍ കാലാവധി കഴിയും വരെ ഭൂമിയും അന്യാധീനപ്പെട്ടിരിക്കുകയാണ്. മുടക്കിയ പണം തിരികെ ലഭിക്കുംവരെ കെടിഡിഎഫ്‌സിക്ക് ഭൂമി കൈവശം വയ്ക്കാമെന്നാണു കരാര്‍. ഈ പദ്ധതി താളം തെറ്റിയപ്പോള്‍ത്തന്നെയാണ് 25 ഇടങ്ങളിലായി ബിഒടി വ്യവസ്ഥയിലും അല്ലാതെയും കെഎസ്ആര്‍ടിസി പുതിയ സംരഭങ്ങള്‍ക്ക് തുടക്കമിട്ടിരിക്കുന്നുവെന്നതും മറ്റൊരു വിരോധാഭാസം.
പെന്‍ഷന്‍ നല്‍കാന്‍ മാത്രം പ്രതിവര്‍ഷം 660 കോടി രൂപ ബാധ്യതയുമായി പോകുന്ന കെഎസ്ആര്‍ടിസിക്ക് ഇരട്ട പ്രഹരമായിരിക്കുകയാണ് ഈ പദ്ധതിയിലെ പാളിച്ച. നഷ്ടമുണ്ടാക്കിയ പൊതുമേഖലാ സ്ഥാപനങ്ങളുടെ മുന്‍പന്തിയില്‍ കെഎസ്ആര്‍ടിസിയാണെന്ന സിഎജി റിപ്പോര്‍ട്ടിനും ന്യായീകരണമാവുകയാണ് ഈ വെള്ളാന പദ്ധതി.
ആവശ്യത്തിലധികം വസ്തുവകകള്‍ ഉണ്ടായിട്ടും എന്തുകൊണ്ട് ലാഭത്തിലാകുന്നില്ലെന്ന ചോദ്യത്തിന് മറുപടിയുമായി ഇറങ്ങിയ കെഎസ്ആര്‍ടിസിക്ക് വരുമാനം പോലും കിട്ടുന്നിലെന്ന അവസ്ഥയിലേക്ക് ഈ സംരഭം കൂപ്പുകുത്തിയിരിക്കുകയാണ്. സമീപഭാവിയിലെങ്കിലും ഈ പ്രതിസന്ധിക്കു പരിഹാരമുണ്ടാകുമോ?

NO COMMENTS

LEAVE A REPLY