കോഴിക്കോട് : വെള്ളപൊക്കവും ഉരുള്‍പൊട്ടലും അപകടം വിതയ്ക്കുന്ന സാഹചര്യത്തില്‍ കെഎസ്‌ആര്‍ടിസി സര്‍വ്വീസ് റൂട്ട് മാറ്റുന്നതായി ഗതാഗത വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്‍. കണ്ണൂര്‍ മാക്കൂട്ടം വഴി സര്‍വീസ് നടത്തിയിരുന്ന ബസുകള്‍ മാനന്തവാടി-കുട്ട റൂട്ട് വഴിയാണ് നാളെ മുതല്‍ സര്‍വീസ് നടത്തുക. വയനാട് ചുരം വഴി പോയിരുന്ന ദീര്‍ഘ ദൂര സര്‍വ്വീസുകള്‍ നാളെ മുതല്‍ കുറ്റ്യാടി ചുരം വഴി പോകും. വയനാട് ഭാഗത്തേക്കു പോകുന്ന ദീര്‍ഘദൂര സൂപ്പര്‍ ക്ലാസ് സര്‍വീസുകള്‍ കുറ്റ്യാടി വഴി സര്‍വീസ് നടത്തും. തലശേരി മൈസൂര്‍ റൂട്ടില്‍ മാക്കൂട്ടം വഴി സര്‍വീസ് നടത്തിയിരുന്ന സുപ്പര്‍ ക്ലാസ്ബസുകള്‍ മാനന്തവാടി കുട്ട വഴി വയനാടിലേക്കും സര്‍വീസ് നടത്തും.
അടിവാരത്ത് വെള്ളം കുറയുന്നതിനനുസരിച്ച് ഓര്‍ഡിനറി സര്‍വ്വീസുകള്‍ ചിപ്പിലി തോട് വരെ സര്‍വ്വീസ് നടത്തും. വയനാട്ടില്‍ നിന്നുള്ള ബസുകള്‍ ചിപ്പിലി തോട് വരെ വരും. കോഴിക്കോട് അടിവാരം റോഡില്‍ വെള്ളക്കെട്ട് ഒഴിയുന്ന മുറയ്ക്ക് ചിപ്പില തോട് വരെ ഓര്‍ഡിനറി സര്‍വീസ് നടത്തും. ഇവിടെ നിന്ന് യാത്രക്കാര്‍ക്ക് 200 മീറ്റര്‍ ദൂരം കാല്‍നട യാത്ര ചെയ്ത് വയനാട് ഭാഗത്തേക്കുള്ള ബസ്സില്‍ കയറാന്‍ കഴിയും. വയനാട്ടില്‍ നിന്നും ഇതിനനുസരിച്ച് ബസ് സമയക്രമീകരണം കെഎസ്‌ആര്‍ടിസി നടത്തുമെന്നും മന്ത്രി അറിയിച്ചു.