ബെംഗളൂരുവിലേക്കുള്ള സര്‍വീസുകള്‍ കെഎസ്‌ആര്‍ടിസി ഇന്നു രാത്രി ഒന്‍പതു മുതല്‍ പുനഃരാരംഭിക്കും

178

തിരുവനന്തപുരം / ബെംഗളൂരു • കാവേരി നദീജലതര്‍ക്കത്തെ തുടര്‍ന്ന് സംഘര്‍ഷമുണ്ടായ ബെംഗളൂരുവിലേക്കുള്ള സര്‍വീസുകള്‍ കെഎസ്‌ആര്‍ടിസി പുനഃരാരംഭിക്കും. ഇന്നു രാത്രി ഒന്‍പതു മുതലുള്ള സര്‍വീസുകള്‍ പതിവുപോലെ നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു. ബസുകള്‍ക്ക് സുരക്ഷ ഉറപ്പാക്കുമെന്നു കര്‍ണാടക പൊലീസ് അറിയിച്ചതിനെ തുടര്‍ന്നാണിത്.അതേസമയം, ബെംഗളൂരുവില്‍നിന്ന് കേരളത്തിലേക്ക് വരുന്ന മലയാളി യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. രാവിലെ 11.30ന് മെജസ്റ്റിക്കില്‍ നിന്ന് തിരുവനന്തപുരത്തേക്ക് 19 ബോഗികളുള്ള സ്പെഷ്യല്‍ ട്രെയിന്‍ യാത്രതിരിച്ചു. 1550 പേര്‍ മെജസ്റ്റിക്കില്‍ നിന്നും ട്രെയിനില്‍ കയറി.തുടര്‍ന്നുള്ള സ്റ്റേഷനുകളില്‍ നിന്നും 180, 295, 500 എന്ന കണക്കില്‍ യാത്രക്കാര്‍ കയറിയിട്ടുണ്ട്.
വൈകുന്നേരം 6.55നാണ് യശ്വന്ത്പൂരില്‍ നിന്ന് കണ്ണൂരിലേക്കുള്ള പ്രത്യേക ട്രെയിന്‍. 7.30ന് അവിടെ നിന്ന് സാധാരണയുള്ള യശ്വന്ത്പൂര്‍ എക്സ്പ്രസും ഉണ്ടാവും. 8.30ന് കൊച്ചുവേളിയിലേക്കുള്ള ഗരീബ് രഥ് യശ്വന്ത്പൂരില്‍ നിന്നു യാത്രതിരിക്കും. വൈകിട്ട് 5ന് മെജസ്റ്റിക്കില്‍നിന്നും കൊച്ചുവേളി എക്സ്പ്രസും 8.45ന് ഐലന്റ് എക്സ്പ്രസും യാത്ര പുറപ്പെടും. ബെംഗളൂരുവില്‍ നിന്ന് കെഎസ്‌ആര്‍ടിസി ബസ്സില്‍ യാത്രക്കാരെ കൊണ്ടുവരാനുള്ള ശ്രമങ്ങളും നടത്തിവരികയാണ്.ട്രെയിനില്‍ ഷൊര്‍ണൂരില്‍ എത്തിച്ചേരുന്ന യാത്രക്കാര്‍ക്ക് കെഎസ്‌ആര്‍ടിസി പ്രത്യേക സര്‍വീസ് നടത്തും. റെയില്‍വെ സ്റ്റേഷനില്‍ കുടുങ്ങിയവര്‍ക്ക് ഭക്ഷണമെത്തിക്കും. സ്റ്റേഷനിലേക്ക് യാത്രക്കാരെ സുരക്ഷിതമായി എത്തിക്കാനുളള സംവിധാനവും ഒരുക്കും. കര്‍ണാടകയിലെ സ്ഥിതിഗതികള്‍ സര്‍ക്കാര്‍ സൂക്ഷ്മമായി വിലയിരുത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

NO COMMENTS

LEAVE A REPLY