തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയുടെ ദീർഘദൂര ബസുകൾക്ക് മുന്നിലായി സംസ്ഥാനത്തിനുള്ളിൽ സർവനിയമങ്ങളും ലംഘിച്ചുകൊണ്ട് ഓടുന്നത് 400-ഓളം ദീർഘദൂര സ്വകാര്യബസുകൾ. അന്തസ്സംസ്ഥാന സ്വകാര്യബസുകളുടെ മാതൃകയിൽ അതേ സംവിധാനങ്ങളുപയോഗിച്ച് സംസ്ഥാനത്തിനുള്ളിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സിക്ക് ഉണ്ടാക്കുന്നത് 20 കോടിയുടെ നഷ്ടമാണ്. അന്തസ്സംസ്ഥാന ദീർഘദൂര ബസുകൾക്ക് സർക്കാർ നിയന്ത്രണമേർപ്പെടുത്തുമ്പോൾ നേരത്തേ കെ.എസ്.ആർ.ടി.സി തെളിവുകൾ സഹിതം മോട്ടോർവാഹനവകുപ്പിന് നൽകിയ പരാതികൾ ഇപ്പോഴും ഫയലിൽ ഉറങ്ങുകയാണ്.
എല്ലാ പ്രധാന നഗരങ്ങളിൽനിന്നും തിരുവനന്തപുരത്തേക്ക് അനധികൃതമായി സ്വകാര്യബസുകളുണ്ട്. കെ.എസ്.ആർ.ടി.സി.യുടെ കുത്തകയായ ദേശസാത്കൃത പാതകളിലാണ് ഇവയുടെ സഞ്ചാരം. പെർമിറ്റ് വ്യവസ്ഥകൾപ്രകാരം ദേശസാത്കൃതപാതകളിൽ അഞ്ച് കിലോമീറ്ററിൽ കൂടുതൽ സ്വകാര്യബസുകൾ അനുവദിക്കാറില്ല.
എന്നാൽ ബുക്കിങ് ഓഫീസുകളിലൂടെയും ഓൺലൈനിലും ടിക്കറ്റ് വിറ്റ് സ്വകാര്യബസുകാർ ദേശസാത്കൃത പാതകളിലൂടെ യാത്രക്കാരെ കയറ്റി സ്റ്റേജ് കാര്യേജായി ഓടുകയാണെന്ന് കെ.എസ്.ആർ.ടി.സി. സർക്കാരിന് നൽകിയ പരാതിയിൽ പറയുന്നു.
മറ്റുയാത്രാസൗകര്യമില്ലെന്നതാണ് അന്തസ്സംസ്ഥാന സ്വകാര്യബസുകൾക്കെതിരേയുള്ള നടപടികൾ കടുപ്പിക്കുന്നതിലുള്ള തടസ്സം. എന്നാൽ സംസ്ഥാനത്തിനുള്ളിൽ അവശ്യമായ ദീർഘദൂരബസുകൾ കെ.എസ്.ആർ.ടി.സി. ഓടിക്കുന്നുണ്ട്. ഫ്ലീറ്റ് ഓണർ നിയമപ്രകാരം സംസ്ഥാനത്തിനുള്ളിൽ ദീർഘദൂര ബസുകൾ ഓടിക്കാൻ കെ.എസ്.ആർ.ടി.സിക്കുമാത്രമാണ് അർഹത. കെ.എസ്.ആർ.ടി.സിക്ക് വരുമാനമുണ്ടാക്കുന്നത് ദീർഘദൂര സർവീസുകളാണ്. സമാന്തര സ്വകാര്യബസുകൾ വ്യാപകമാകുന്നതോടെ ഇവയിൽ പലതും നഷ്ടത്തിലേക്ക് നീങ്ങുകയാണ്.
കോൺട്രാക്ട് കാര്യേജ് ബസുകളിൽ ടൂർപാക്കേജെന്ന വ്യാജേനയാണ് യാത്രക്കാരെ കൊണ്ടുപോകുന്നത്. സ്റ്റോപ്പുകളിൽനിന്ന് യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്യുന്നുണ്ട്. അനധികൃമായി ഓടുന്ന ഓരോ ബസുകളുടെ പേരും ബുക്കിങ് എടുക്കുന്ന വെബ്സൈറ്റുകളുടെ വിവരങ്ങളും പരാമർശിച്ച് കെ.എസ്.ആർ.ടി.സി. അധികൃതർ പ്രത്യേകം പരാതികളും നൽകിയിട്ടുണ്ട്. ടിക്കറ്റ് ബുക്ക് ചെയ്യുന്ന രീതിതന്നെ നിയമലംഘനത്തിന് തെളിവാണ്. എന്നിട്ടും ഇതുവരെ മോട്ടോർവാഹന വകുപ്പ് നടപടിയെടുത്തിട്ടില്ല.
കോഴിക്കോട്, കണ്ണൂർ, പയ്യന്നൂർ, കല്പറ്റ, പട്ടാമ്പി, സുൽത്താൻബത്തേരി, മൂന്നാർ, പാല, കട്ടപ്പന എന്നിവടങ്ങളിലേക്ക് മറ്റു പ്രമുഖ നഗരങ്ങളിൽനിന്ന് ഒട്ടേറെ സ്വകാര്യ കോൺട്രാക്ട് കാര്യേജുകൾ ദിവസവും സർവീസ് നടത്തുന്നുണ്ട്. ഇതേ മാതൃകയിലാണ് സംസ്ഥാനത്തെ നഗരങ്ങളിൽ നിന്ന് തലസ്ഥാനത്തേക്കും തിരിച്ചും സർവീസ് നടത്തുന്നത്.