തൃശ്ശൂര്‍: ഗവ.ലോ കോളേജില്‍ കെ.എസ്.യു.-എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. ആയുധങ്ങളുമായി നടത്തിയ അക്രമത്തില്‍ കെ.എസ്.യു. പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ഉച്ചയോടെ ക്ലാസില്‍ കയറിയാണ് വിദ്യാര്‍ഥികളെ ആക്രമിച്ചതെന്ന് കെ.എസ്.യു. ആരോപിച്ചു. എസ്.എഫ്.ഐ.യുടെ യൂണിറ്റ് സെക്രട്ടറിയുള്‍പ്പെടെ 12 എസ്.എഫ്.ഐ. പ്രവര്‍ത്തകരെ സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്.കെ.എസ്.യു. ജില്ലാ വൈസ് പ്രസിഡന്റ് ഒ.ജെ. ജനീഷ്, ഹരികൃഷ്ണന്‍ എന്നിവര്‍ക്ക് സാരമായ പരിക്കേറ്റു. ജനീഷിന് ഇടതുചെവിയിലും തലയിലുമായി 24 തുന്നിക്കെട്ടുണ്ട്.കേള്‍വിക്കും തകരാറുണ്ട്.ഹരിക്ക് കൈയ്ക്കാണ് പരിക്ക്. ജനീഷിനെയും ഹരികൃഷ്ണനെയും ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഗ്രൂപ്പുകളായി ക്ലാസുകളില്‍ കയറിയ കോളേജിലെ എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ ആണി ഉറപ്പിച്ച പട്ടികയും ഇരുമ്ബുവടികളും ഇടിക്കട്ടകളുമുപയോഗിച്ചാണ് ആക്രമിച്ചതെന്ന് കെ.എസ്.യു. പത്രക്കുറിപ്പില്‍ ആരോപിച്ചു. അടിയന്തര പി.ടി.എ. കമ്മിറ്റി യോഗം ചേര്‍ന്ന് അന്വേഷണത്തിന് തീരുമാനിച്ചു. കാമ്ബസുകളില്‍ പ്രവര്‍ത്തന സ്വാതന്ത്ര്യം നിഷേധിക്കുന്ന എസ്.എഫ്.ഐ.യുടെ നടപടിയില്‍ പ്രതിഷേധിച്ച് ജില്ലയില്‍ ബുധനാഴ്ച വിദ്യാഭ്യസബന്ദ് നടത്തുമെന്ന് കെ.എസ്.യു. ജില്ലാ പ്രസിഡന്റ് ശോഭ സുബിന്‍ അറിയിച്ചു. ഗുണ്ടകളുടെ പിന്‍ബലത്തോടെയാണ് ക്ളാസില്‍ ക്കയറി വിദ്യാര്‍ഥികളെ മര്‍ദിച്ചതെന്ന് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി കുറ്റപ്പെടുത്തി.