തിരുവനന്തപുരം: കേന്ദ്രം നയതന്ത്ര പാസ്‌പോര്‍ട്ട് നിഷേധിച്ച സാഹചര്യത്തില്‍ മന്ത്രി കെ.ടി. ജലീല്‍ സൗദി യാത്ര തല്‍ക്കാലത്തേക്കു മാറ്റിവച്ചു. സംസ്ഥാന സര്‍ക്കാറിന്റെ നീക്കത്തിനു പിന്നില്‍ രാഷ്ട്രീയലക്ഷ്യമാണെന്നു ബിജെപി സംസ്ഥാന പ്രസിഡണ്ട് കുമ്മനം രാജശേഖരന്‍ ആരോപിച്ചു. ജലീലിന്റെ പാസ്‌പോര്‍ട്ട് നിഷേധിച്ച സംഭവത്തില്‍ കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് തിങ്കളാഴ്ച പാര്‍ലമെന്റില്‍ വിശദീകരിക്കും.
ജലീലിന്റെ സൗദി യാത്ര വിവാദത്തില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ നേരിട്ട് ഏറ്റുമുട്ടുകയാണ്. കേന്ദ്രം വഴങ്ങാത്ത സാഹചര്യത്തിലാണു കടുത്ത പ്രതിഷേധം അറിയിച്ച് കെ.ടി. ജലീല്‍ സൗദി യാത്ര വേണ്ടെന്ന് വച്ചത്. മുഖ്യമന്ത്രിയുമായും മന്ത്രി കൂടിക്കാഴ്ച നടത്തി. എന്നാല്‍ സംസ്ഥാന സര്‍ക്കാറാണ് രാഷ്ട്രീയം കളിക്കുന്നതെന്നാണ് ബിജെപിയുടെ ആരോപണം. കാര്യങ്ങള്‍ അറിയാതെയാണു കുമ്മനത്തിന്റെ പ്രതികരണമെന്നു കെ.ടി. ജലീല്‍ തിരിച്ചടിച്ചു.
അതേസമയം, കെ.ടി. ജലീലിനു നയതന്ത്ര പാസ്‌പോര്‍ട്ട് നിഷേധിച്ച സംഭവം കേരളത്തില്‍ നിന്നുള്ള എംപിമാര്‍ ലോക്‌സഭയിലുമെത്തിച്ചു. അനുമതി നിഷേധിച്ച സാഹചര്യം വ്യക്തമാക്കണമെന്നാവശ്യപ്പെട്ടു നല്‍കിയ അടിയന്തര പ്രമേയത്തിനു സ്പീക്കര്‍ അനുമതി നിഷേധിച്ചു. ഇക്കാര്യത്തില്‍
കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് തിങ്കളാഴ്ച പാര്‍ലമെന്റില്‍ വിശദീകരിക്കും.