കേരള ട്രാവല്‍ മാര്‍ട്ടിന്‍റെ ഒമ്പതിന പരിപാടിക്ക് തേക്കടിയില്‍ തുടക്കമായി

363

കൊച്ചി: സംസ്ഥാനത്തെ ടൂറിസം മേഖല നേരിടുന്ന പ്രധാന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനു വേണ്ടി കേരള ട്രാവല്‍ മാര്‍ട്ട് വിഭാവനം ചെയ്ത ഒമ്പതിന പരിപാടിക്ക് തേക്കടിയില്‍ തുടക്കമായി. സപ്തംബറില്‍ സമാപിച്ച കെടിഎം ഒമ്പതാമത് ലക്കത്തോടനുബന്ധിച്ചാണ് ഒമ്പതിന പരിപാടി സൊസൈറ്റി ആവിഷ്‌ക്കരിച്ചത്.കഴിഞ്ഞ സപ്തംബര്‍ 27 ന് കെടിഎം ഉദ്ഘാടന വേളയില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ഒമ്പതിന പരിപാടി പ്രഖ്യാപിച്ചത്. ഹോട്ടല്‍, റിസോര്‍ട്ട് എന്നിവയുടെ സഹകരണത്തോടെ ഒമ്പതിന പരിപാടിയുടെ മേല്‍നോട്ട സമിതിക്ക് നവംബര്‍ 3 വ്യാഴാഴ്ച തേക്കടിയില്‍ രൂപം നല്‍കി. സഞ്ചാരികള്‍ക്ക് മികച്ച സേവനം നല്‍കുന്നതിനോടൊപ്പം ടൂറിസം കേന്ദ്രങ്ങളുടെ സുസ്ഥിര വികസനത്തിനു കൂടി ഊന്നല്‍ നല്‍കുന്നതാണ് പരിപാടി.

ഒമ്പതിന പരിപാടിയുടെ വിവിധ ഘടകങ്ങളും അതിന്റെ കണ്‍വീനര്‍മാരെയും തെരഞ്ഞെടുത്തു. അംഗങ്ങള്‍ തയ്യാറാക്കിയ കര്‍മ്മ പദ്ധതി പ്രകാരം നിര്‍ദ്ദേശങ്ങള്‍ പ്രാവര്‍ത്തികമാക്കാനാണ് തീരുമാനമെന്ന് കെടിഎം സൊസൈറ്റി പ്രസിഡന്റ് അബ്രഹാം ജോര്‍ജ്ജ് അറിയിച്ചു. മാലിന്യ സംസ്‌കരണം, ഊര്‍ജ്ജ സംരക്ഷണം, സൗന്ദര്യവത്കരണം, മഴവെള്ള സംഭരണം, എല്ലാ കേന്ദ്രങ്ങളിലും ജൈവ കൃഷി, പ്ലാസ്റ്റിക് വര്‍ജ്ജനം, ഹരിതവത്കരണം തുടങ്ങിയവയാണ് പരിപാടിയില്‍ ഉള്‍പ്പെടുന്നത്. കെടിഎം അംഗങ്ങളെല്ലാം സാമൂഹ്യ സേവന പദ്ധതിയില്‍ മികച്ച പങ്കാളിത്തം വഹിക്കുന്നുണ്ടെന്നും അബ്രഹാം ജോര്‍ജ്ജ് പറഞ്ഞു. അബ്രഹാം ജോര്‍ജ്ജിനെ കൂടാതെ, സാമൂഹ്യ സേവന പദ്ധതി കമ്മറ്റി ചെയര്‍മാന്‍ ജോസ് ഡോമിനിക്, ട്രഷറര്‍ ജോസ് പ്രദീപ്, നിര്‍വാഹക സമ്മിതിയംഗം സ്‌കറിയാ ജോസ് എന്നിവര്‍ തേക്കടിയില്‍ നടന്ന ചടങ്ങില്‍ പങ്കെടുത്തു. കുമരകത്തെ ഒമ്പതിന പരിപാടിയ്ക്ക് വെള്ളിയാഴ്ച(04.11.2016) തുടക്കമായി.

NO COMMENTS

LEAVE A REPLY