കൊച്ചി: കഴിഞ്ഞ പതിനഞ്ചു കൊല്ലത്തിനിടെ 25 തവണ കേരളം കണ്ടിട്ടും 84 വയസുള്ള ഡാഫ്‌നി റിച്ചാര്‍ഡ്‌സിനു മതിയാകുന്നില്ല. കൊച്ചിയില്‍ കേരള ടൂറിസം സംഘടിപ്പിച്ചിട്ടുള്ള കേരള ട്രാവല്‍ മാര്‍ട്ടിനോടനുബന്ധിച്ച് ഇത്തവണയും ബ്രിട്ടീഷുകാരിയായി ഡാഫ്‌നി കേരളത്തിലെത്തി. ആരെയും നാട്ടിലേക്ക് വലിച്ചടുപ്പിക്കുന്ന കേരളത്തിന്റെ ആകര്‍ഷകത്വത്തിനുള്ള ജീവിക്കുന്ന സാക്ഷ്യപാത്രമാണ് താനെന്ന് പറയാന്‍ ഡാഫ്‌നിക്ക് ഒരു മടിയുമില്ല. ‘എനിക്ക് കേരളം മറ്റൊരു ജന്മനാടാണ്. ഇന്ത്യയില്‍ എനിക്ക് ഏറ്റവും ഇഷ്ടമുള്ള സംസ്ഥാനം’- വെല്ലിംഗ്ടണ്‍ ദ്വീപില്‍ ബുധനാഴ്ച ആരംഭിച്ച ട്രാവല്‍ മാര്‍ട്ടില്‍വച്ച് ഡാഫ്‌നി പറഞ്ഞു. ഇതാദ്യമായാണ് ഡാഫ്‌നി കേരള ട്രാവല്‍ മാര്‍ട്ടിലെത്തുന്നത്. ഓരോ യാത്രയിലും എന്തെങ്കിലും പുതിയത് കണ്ടെത്താന്‍ തനിക്ക് കഴിയുന്നുണ്ടെന്നും അത്തരത്തില്‍ ഇക്കൊല്ലം കണ്ടെത്തിയതാണ് കേരള ട്രാവല്‍ മാര്‍ട്ടെന്നും ഡാഫ്‌നി പറഞ്ഞു
ഒരു സ്ഥലം മാത്രം കേന്ദ്രീകരിച്ച് നടത്തുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ടൂറിസം സമ്മേളനമായി വളര്‍ന്ന് ഒന്‍പതാം വര്‍ഷത്തിലെത്തിനില്‍ക്കുന്ന കേരള ട്രാവല്‍ മാര്‍ട്ടില്‍ നിരവധി ടൂറിസം ഉല്പന്നങ്ങളും പാക്കേജുകളും സേവനങ്ങളും 265 സ്റ്റാളുകളിലായി ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
ഡാഫ്‌നി റിച്ചാര്‍ഡ്‌സ് ആദ്യമായി കേരളത്തിലെത്തുന്നത് 2002-ല്‍. അന്ന് വയസ് 70. പിന്നെ അതൊരു പതിവായി. എല്ലാ വര്‍ഷവും നവംബറിനും ഫെബ്രുവരിക്കുമിടയ്ക്ക് രണ്ടാഴ്ച അവര്‍ ബ്രിട്ടന്റെ തണുപ്പില്‍നിന്ന് രക്ഷപ്പെട്ട് കേരളത്തിന്റെ ഊഷ്മളത ആസ്വദിക്കാനെത്തും. കേരളം അങ്ങോളമിങ്ങോളം ഇങ്ങോളം ചുറ്റിക്കറങ്ങിയാലും ഡാഫ്‌നിക്ക് ഒരു നിര്‍ബന്ധമുണ്ട്, യാത്ര അവസാനിക്കുന്നത് ആലപ്പുഴയിലെ മാരാരി ബീച്ചിലായിരിക്കണം.
എനിക്ക് കേരളത്തില്‍ കാണാന്‍ എന്തെല്ലാമുണ്ടെന്നോ. കടലോരങ്ങളില്‍ തെങ്ങിന്‍ തോപ്പിന്റെ തണുപ്പ് ആസ്വദിച്ച് വള്ളങ്ങള്‍ മീനുമായി കരയ്ക്കടുക്കുന്നത് കണ്ടുകൊണ്ട് കിടക്കുന്നതാണ് ഏറ്റവുമിഷ്ടം. പതിവുകാരിയായതുകൊണ്ടുതന്നെ ഞാന്‍ എല്ലാവര്‍ക്കും പരിചയക്കാരിയുമാണ്. അവരുമായി സംസാരിക്കാനും പ്രയാസമില്ല. വിവാഹങ്ങള്‍ക്കും എന്നുവേണ്ട, ചായസല്‍ക്കാരത്തിനും വരെ അവര്‍ എന്നെ ക്ഷണിക്കും- ഡാഫ്‌നി വാചാലയാകുന്നു. ഇന്നിപ്പോള്‍ ഡാഫ്‌നി വിനോദസഞ്ചാരത്തില്‍ കേരളത്തിന്റെ സ്ഥാനപതി കൂടിയാണ്. നാട്ടില്‍പോയാല്‍ കേരളത്തെക്കുറിച്ച് സുഹൃത്തുക്കളോടും ബന്ധുക്കളോടുമെല്ലാം വിവരിക്കും. അങ്ങനെ ഡാഫ്‌നിയുടെ അനന്തിരവനും കഴിഞ്ഞ തവണ കേരളം കാണാനെത്തി. അദ്ദേഹവും കേരളത്തിലേയ്ക്കുള്ള സ്ഥിരംസഞ്ചാരിയാകുമെന്ന് ഡാഫ്‌നിക്ക് ഉറപ്പുണ്ട്. യാത്ര ചെയ്യാന്‍ ആരോഗ്യം അനുവദിക്കുന്നിടത്തോളം കാലം താന്‍ കേരളത്തിലെത്തുമെന്നു പറയുന്ന ഡാഫ്‌നിക്ക് പരമ്പരാഗത രീതിയില്‍ കേരളത്തിലെ ഗ്രാമങ്ങളില്‍ കഴിയാനാണ് താല്പര്യം. വിനോദ സഞ്ചാരികളുടെ ഈ താല്പര്യത്തിനനുസരിച്ചാണ് കേരള ടൂറിസം ഉത്തരവാദിത്ത ടൂറിസം എന്ന ആശയത്തിന് രൂപം നല്‍കിയിരിക്കുന്നത്. ഇത്തവണത്തെ ട്രാവല്‍മാര്‍ട്ടിന്റെ പ്രതിപാദ്യവിഷയങ്ങളിലൊന്നും ഉത്തരവാദിത്ത ടൂറിസമാണ്. സെപ്റ്റംബര്‍ 30 വെള്ളിയാഴ്ചയാണ് ട്രാവല്‍മാര്‍ട്ട് അവസാനിക്കുന്നത്.