കേരള ട്രാവല്‍ മാര്‍ട്ടിന്റെ ആദ്യ ദിനം നടന്നത് 25000 ലേറെ ബിസിനസ് കൂടിക്കാഴ്ചകള്‍

241

കൊച്ചി: ഒമ്പതാമത് കേരള ട്രാവല്‍ മാര്‍ട്ടില്‍ ആദ്യ ദിനം നടന്നത് 25,000 ലേറെ ബിസിനസ് കൂടിക്കാഴ്ചകള്‍. വിദേശത്തു നിന്നും സ്വദേശത്തു നിന്നുമായി 1380 പ്രതിനിധികളാണ് സെല്ലേഴ്‌സുമായി കൂടിക്കാഴ്ചകള്‍ നടത്തിയത്. കേരള ട്രാവല്‍ മാര്‍ട്ടിന്റെ സ്റ്റാള്‍ പവലിയന്‍ ഉദ്ഘാടനം കേന്ദ്ര ടൂറിസം ജോയിന്റ് സെക്രട്ടറി സുമന്‍ ബില്ല, സംസ്ഥാന ടൂറിസം പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ വേണു വി, കേരള ടൂറിസം ഡയറക്ടര്‍ യു വി ജോസ് എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു. മുസിരിസ് പൈതൃക പദ്ധതി, സ്‌പൈസ് റൂട്ട്, ഉത്തരവാദിത്ത ടൂറിസം എന്നിവയുടെ പവലിയന്‍ കെടിഡിസി ചെയര്‍മാന്‍ എം വിജയകുമാര്‍ നിര്‍വഹിച്ചു.മേളയുടെ ആദ്യ ദിനം തന്നെ പ്രതിനിധികളില്‍ നിന്ന് ലഭിച്ച പ്രതികരണം ആവേശകരമാണെന്ന് കെ ടി എം സൊസൈറ്റി പ്രസിഡന്റ് അബ്രഹാം ജോര്‍ജ്ജ് പറഞ്ഞു. വരും ദിവസങ്ങളില്‍ ഏതാണ്ട് മുപ്പതിനായിരത്തോളം കൂടിക്കാഴ്ചകള്‍ പ്രതീക്ഷിക്കപ്പെടുന്നുണ്ട്. പ്രതിനിധികള്‍ക്കും സെല്ലേഴ്‌സിനും ഒരേ ഹാളിലാണ് സൗകര്യമൊരുക്കിയിട്ടുള്ളത്. കുടുംബശ്രീയുടെ നാടന്‍ ഹോട്ടലുള്‍പ്പെടെ ആറ് ഫുഡ് കോര്‍ട്ടുകളും ട്രാവല്‍ മാര്‍ട്ടില്‍ ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്ത ഉദ്ഘാടന സമ്മേളനത്തില്‍ വിദേശികളടക്കം 2124 പ്രതിനിധികള്‍ പങ്കെടുത്തു.ഉത്തരവാദിത്ത ടൂറിസത്തെക്കുറിച്ചായിരുന്നു കെടിഎമ്മിലെ ആദ്യ ദിവസത്തെ സെമിനാര്‍. പ്രാദേശിക ജനതയെക്കൂടി ഉള്‍പ്പെടുത്തിക്കൊണ്ടേ കേരളത്തിലെ ടൂറിസം മേഖലയ്ക്ക് മുന്നോട്ടു പോകാനാകൂ എന്ന് കേന്ദ്ര ടൂറിസം ജോയിന്റ് സെക്രട്ടരി സുമന്‍ ബില്ല പറഞ്ഞു. ഇപ്പോള്‍ 7 കേന്ദ്രങ്ങളില്‍ മാത്രമാണ് ഉത്തരവാദിത്ത ടൂറിസം നടപ്പാക്കിയിട്ടുള്ളത്. ഇത് സംസ്ഥാനമൊട്ടാകെ നടപ്പാക്കാന്‍ സര്‍ക്കാര്‍ തത്വത്തില്‍ തീരുമാനിച്ചതായി ഉത്തരവാദിത്ത ടൂറിസം സംസ്ഥാന കോ ഓര്‍ഡിനേറ്റര്‍ കെ രൂപേഷ് കുമാര്‍ പറഞ്ഞു. സാധാരണക്കാര്‍ക്ക് അപ്രാപ്യമായിരുന്ന ടൂറിസം മേഖലയെ ജനകീയവത്കരിച്ചതാണ് ഉത്തരവാദിത്ത ടൂറിസത്തിന്റെ വിജയമെന്ന് അദ്ദേഹം പറഞ്ഞു. ഇതില്‍ കേരള ട്രാവല്‍ മാര്‍ട്ട് വലിയ പങ്കാണ് വഹിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.കേരളത്തില്‍ ഉയര്‍ന്നു വരുന്ന പുതിയ ടൂറിസം കേന്ദ്രങ്ങളെക്കുറിച്ച് ബയേഴ്‌സിന്റെ കാഴ്ചപ്പാട്, മുസിരിസ് ഹെറിറ്റേജ് എന്നീ വിഷയങ്ങളില്‍ രണ്ട് സെമിനാറുകള്‍ വ്യാഴാഴ്ച നടക്കും.

NO COMMENTS

LEAVE A REPLY